ഓൺലൈൻ ക്ലാസ്: സൗകര്യമില്ലാത്ത കുട്ടികൾക്ക് ഈ ആഴ്ച തന്നെ ബദൽ മാർഗം ഒരുക്കും

ഓണ്‍ലൈന്‍ ക്ലാസിനു സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആഴ്ച തന്നെ ബദല്‍ സംവിധാനമൊരുക്കുമെന്ന് കൈറ്റ്. ലാപ്പ്ടോപ്പുകളും ടിവികളും വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനായി വിനിയോഗിക്കും. ഇതിനുള്ള ഉത്തരവ് പുറത്തിറങ്ങിയതായും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും കൈറ്റ് അധികൃതര്‍ വ്യക്തമാക്കി.
ഓണ്‍ലൈന്‍ ക്ലാസിനു സൗകര്യമില്ലാത്ത 2.6 ലക്ഷം കുട്ടികളുണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ആദ്യ ആഴ്ചയ്ക്ക് ശേഷം ഇവര്‍ക്ക് ക്ലാസിനുള്ള സംവിധാനം ഒരുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വളാഞ്ചേരിയില്‍ പെണ്‍കുട്ടി ആത്മഹത്യചെയ്തതോടെ അടിയന്തിരമായി ബദല്‍ സംവിധാനം ഒരുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ വെള്ളിയാഴ്ചയ്ക്ക് മുമ്പായി ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്താനാണ് നിര്‍ദ്ദേശം.
സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്കായി സ്‌കൂളുകള്‍ക്ക് 1.25 ലക്ഷം ലാപ്‌ടോപ്പുകളും 75000 പ്രൊജക്ടറുകളും നല്‍കിയിട്ടുണ്ട്. ഇത് കുട്ടികള്‍ക്കായി വിനിയോഗിക്കാനാണ് നിര്‍ദ്ദേശം. ഇതോടൊപ്പം 5000 ടെലിവിഷനുകളും സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതും കുട്ടികള്‍ക്കായി ഉപയോഗിക്കും. ഓരോ സ്‌കൂളിലേയും പ്രാദേശിക സാഹചര്യം വിലയിരുത്തി ഇതുപയോഗിക്കാനാണ് നിര്‍ദ്ദേശം. ഓരോ ക്ലാസിലേയും ക്ലാസ് ടീച്ചര്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയിട്ടുള്ളത്. ഓണ്‍ലൈന്‍ ക്ലാസിനു സൗകര്യമില്ലെന്ന് കണ്ടെത്തിയ കുട്ടികളെ അധ്യാപകര്‍ കണ്ടു സംസാരിക്കുകയും ബദല്‍ സംവിധാനം എങ്ങനെ ഉപയോഗിക്കാമെന്ന് വിലയിരുത്തുകയും വേണം. ആദ്യ ആഴ്ചയിലെ ക്ലാസുകള്‍ നഷ്ടപ്പെടില്ലെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. ബദല്‍ സംവിധാനം ഒരുക്കിക്കഴിഞ്ഞാല്‍ ആദ്യ ആഴ്ചയിലെ ക്ലാസുകള്‍ കുട്ടികളെ കാണിക്കണം. ആവശ്യമെങ്കില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായം തേടണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Story Highlights- kite, nline class
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here