ഇന്ത്യയുടെ പേര് മാറ്റണമെന്ന ആവശ്യം: കേന്ദ്രസർക്കാരിന് നിവേദനമായി പരിഗണിക്കാം; തങ്ങൾക്ക് ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി

center can consider india name change

രാജ്യത്തിന്റെ പേര് ഭാരതമെന്ന് മാറ്റണമെന്ന ആവശ്യം കേന്ദ്രസർക്കാരിന് നിവേദനമായി പരിഗണിക്കാവുന്നതാണെന്ന് സുപ്രീംകോടതി. ബന്ധപ്പെട്ട മന്ത്രാലയത്തെ സമീപിക്കാൻ ഹർജിക്കാരന് അനുമതി നൽകി. ഹർജിക്കാരന്റെ ആവശ്യത്തിൽ ഇടപെടാൻ കഴിയില്ലെന്നും ഭരണഘടനയിൽ ഭാരത് എന്ന വാക്കാണുള്ളതെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതോടെയാണ് സർക്കാരിനെ സമീപിക്കാൻ ഹർജിക്കാരനായ നമഹ അനുമതി തേടിയത്.

കൊളോണിയൽ ഹാംഗ്ഓവറിൽ നിന്ന് മാറി ദേശീയ വികാരമുണ്ടാകാൻ ഇന്ത്യ എന്ന പേര് മാറ്റണമെന്നാണ് ഹർജിയിലെ വാദം. ഇൻഡിക്ക എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഇന്ത്യ എന്ന വാക്കിന്റെ ഉത്ഭവമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.ഭരണഘടനയിലെ ആർട്ടിക്കിൾ 1 ഭേദഗതി വരുത്തണമെന്നാണ് ഹർജിയിലെ ആവശ്യം. ‘ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും’ എന്നതാണ് ആർട്ടിക്കിൾ 1. ഇത് ‘ഭാരതം/ഹിന്ദുസ്ഥാൻ എന്നത് സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും’ എന്ന് മാറ്റണമെന്നാണ് ഹർജി. മുൻപ് നിരവധി പട്ടണങ്ങളുടെ പേരുകൾ മാറ്റിയത് കൊണ്ടുതന്നെ ഇപ്പോൾ രാജ്യത്തിനു ശരിയായ പേര് നൽകുകയാണ് വേണ്ടത്. അത്തരം ഒരു പേരുമാറ്റം രാജ്യത്തെ പൗരന്മാർക്കും വരും തലമുറയ്ക്കും അഭിമാനകരമായ സംഗതി ആയിരിക്കുമെന്നും ഹർജിയിൽ പറയുന്നു.

Read Also:ഇന്ത്യയിൽ മരണനിരക്ക് കുറയുന്നു; കൊവിഡ് കേസുകളിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ

ഇതിനു മുൻപും സമാന സ്വഭാവമുള്ള ഹർജികൾ സുപിംകോടതിയിൽ പലരും സമർപ്പിച്ചിരുന്നു. 2016 മാർച്ചിൽ ഇത്തരത്തിൽ ഒരു ഹർജി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂർ ഉൾപ്പെടുന്ന ബെഞ്ച് തള്ളിയിരുന്നു. അന്ന് ഹർജിക്കാരനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു. പൊതുതാത്പര്യ ഹർജി പാവങ്ങളുടെ അവകാശ സംരക്ഷണത്തിനാണ് ഉപയോഗിക്കേണ്ടതെന്ന് പറഞ്ഞ ജസ്റ്റിസ് താക്കൂർ ‘ഞങ്ങൾക്ക് മറ്റൊന്നും ചെയ്യാനില്ലെന്നാണോ നിങ്ങൾ കരുതുന്നത്’ എന്ന് ചോദിക്കുകയും ചെയ്തിരുന്നു.

Story Highlights- india, bharat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top