കുഞ്ഞിന്റെ വളർച്ച കാണാൻ ഇനി ജോർജില്ല; തങ്ങൾക്ക് നീതി ലഭിക്കണമെന്ന് ജോർജ് ഫ്ലോയ്ഡിന്റെ ജീവിതപങ്കാളി

george floyd partner press

തങ്ങൾക്ക് നീതി ലഭിക്കണമെന്ന് വംശീയവെറിയുടെ ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്റെ ജീവിതപങ്കാളി റോക്‌സി വാഷിംഗ്ടണ്‍. തങ്ങളുടെ ആറ് വയസുകാരിയായ മകള്‍ ജിയാനക്കൊപ്പം മിനപോളിസ് സിറ്റി ഹാളില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അവർ പോരാടുമെന്ന് അറിയിച്ചത്. വിതുമ്പിക്കരഞ്ഞു കൊണ്ടാണ് റോക്സി സംസാരിച്ചത്.

Read Also: മുട്ടുകുത്തി മാപ്പപേക്ഷിച്ച് പൊലീസുകാർ; ആലിംഗനം ചെയ്ത് കരഞ്ഞ് പ്രതിഷേധക്കാർ: മയാമിയിൽ നിന്ന് വ്യത്യസ്ത പ്രതിഷേധം

‘എന്താണ് ഞങ്ങളില്‍ നിന്ന് ആ ഉദ്യോഗസ്ഥന്‍ കവര്‍ന്നെടുത്തതെന്ന് എല്ലാവരുമറിയണം. അവരൊക്കെ വീടുകളിലേക്കും, കുടുംബങ്ങളിലേക്കും മടങ്ങിപ്പോകും. പക്ഷേ, ജിയാനയക്ക് ഇനി അവളുടെ അച്ഛനില്ല. ജോര്‍ജ്ജിന് ഒരിക്കലും മകള്‍ വളരുന്നതോ പഠിച്ച് മിടുക്കിയാവുന്നതോ കാണാനാകില്ല. അവളെ ഒരിക്കലും അച്ഛൻ വിവാഹവേദിയിലേക്ക് ആനയിക്കില്ല. അവള്‍ക്ക് അച്ഛനെ ആവശ്യമുള്ളപ്പോള്‍ അവളുടെ പ്രശ്‌നങ്ങളെയറിക്കാന്‍ ജോര്‍ജിന്റെ സാമീപ്യം ഇനിയൊരിക്കലുമില്ല. ജോര്‍ജിന് വേണ്ടിയാണ് ഞാനിവിടെ വന്നിരിക്കുന്നത്. എന്റെ കുഞ്ഞിന് വേണ്ടിയുമാണ്. ഞങ്ങള്‍ക്ക് നീതി കിട്ടണം.’- റോക്സി പറഞ്ഞു.

ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ഫ്ലോയിഡിൻ്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. ഡെറിക് ഷോവ് ഒന്‍പത് മിനിറ്റോളം ജോര്‍ജിനെ കാല്‍മുട്ടിനടിയില്‍ വെച്ച് ഞെരിച്ചമര്‍ത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ സൂചിപ്പിച്ചിരുന്നു.

Read Also: ഉപകാരപ്രദമായ കാര്യങ്ങൾ പറയാനില്ലെങ്കിൽ വായടക്കണം; ട്രംപിനോട് ഹൂസ്റ്റൺ പൊലീസ് മേധാവി

കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ വ്യാപക പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ജോർജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡെറിക്ക് ഷോവിനെ കസ്റ്റഡിയിലെടുത്തിരുന്നു. എങ്കിലും പ്രതിഷേധങ്ങൾക്ക് അയവുണ്ടായില്ല. ന്യൂയോർക്കിൽ അടക്കം രാജ്യത്തിലെ വിവിധ നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളെ നേരിടാൻ മിലിട്ടറി പൊലീസ് രംഗത്തിറങ്ങി. പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടലുകളുണ്ടായി.

വൈറ്റ് ഹൗസിന് സമീപത്തെ കെട്ടിടങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. ദേശീയ പതാകയും ട്രാഫിക് ബാരിക്കേഡുകളും കൂട്ടിയിട്ട് കത്തിച്ചു. അപകട സാധ്യത മുന്നിൽ കണ്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭൂ​ഗർഭ മുറിയിലേക്ക് മാറ്റിയതായി വൈറ്റ് ഹൗസ് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

Story Highlights: george floyd partner press meet

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top