കഴക്കൂട്ടം മണ്ഡലത്തിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സഹായവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ

online class

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കഴക്കൂട്ടം മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് സഹായവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുന്‍പ് നേരിട്ട് പരിചയമില്ലാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. കൊവിഡ്‌ 19 എന്ന ഈ മഹാമാരി അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ സുഗമമായ ജനജീവിതത്തെ തടങ്കലില്‍ ആക്കിയിരിക്കുകയാണ്. ലോകമാകെ സ്തംഭിച്ചു നില്‍ക്കുന്ന ഈ രോഗവ്യാപനത്തിനു മുന്‍പില്‍ കീഴടങ്ങുവാന്‍ നമുക്ക് സാധിക്കുകയില്ല. പല കാര്യങ്ങളും നമുക്ക് മുന്നോട്ട് കൊണ്ട് പോയേ മതിയാവുള്ളൂ. നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസം അത്തരത്തില്‍ ഒന്നാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കായി വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ നാടാകെ പിന്തുണ ലഭിച്ചു. ഈ സംവിധാനം ഒരു താല്‍ക്കാലിക സംരഭമാണെന്നിരിക്കിലും നമുക്ക് മുന്നില്‍ പുതുവഴികള്‍ തുറന്നിടുന്നുണ്ട്. നമ്മുടെ രാജ്യത്തിനാകെ മാതൃക കാണിക്കുന്നുണ്ട്. പരിമിതികളും വെല്ലുവിളികളും നാമൊന്നായി നേരിടേണ്ടതുണ്ട്. അതിലൊന്നാണ് ഇത്തരം ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വീട്ടില്‍ ലഭ്യമല്ലാത്ത വിദ്യാര്‍ഥികളുടെ കാര്യം. വിദ്യാഭ്യാസ വകുപ്പ് ഇത്തരം കുട്ടികളുടെ വിവരശേഖരണം നടത്തി അവര്‍ക്ക് വേണ്ടുന്ന സംവിധാനങ്ങള്‍ ഒരുക്കുവാനുള്ള പരിശ്രമത്തിലാണ്. സര്‍ക്കാരിനൊപ്പം നില്‍ക്കുവാനും പിന്തുണക്കുവാനും സാധിക്കുന്ന സുമനസുകളുടെ സഹായം കൂടി ഇക്കാര്യത്തില്‍ ഉണ്ടാവുകയാണെങ്കില്‍ ഈ വെല്ലുവിളിയും വളരെ വേഗം നമുക്ക് മറികടക്കുവാന്‍ സാധിക്കും.

കഴക്കൂട്ടം മണ്ഡലത്തിലെ ഓണ്‍ലൈന്‍ പഠനസംവിധാനങ്ങള്‍ ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്കായി പഠനസാമഗ്രികള്‍ ഒരുക്കുവാനായുള്ള ഒരു ക്യാമ്പയിനിന് തുടക്കം കുറിക്കുകയാണ്. ടിവിയുടെയോ ഫോണിന്റെയോ അഭാവത്താല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ 9447441464, 9447103222, 9961230754, 9946698961 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി അറിയിച്ചു.

Story Highlights: online class, kadakampally surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top