കശുവണ്ടി വ്യവസായ സംരക്ഷണത്തിന് കൂട്ടായ പ്രവര്‍ത്തനം അനിവാര്യം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

j mercykutty amma

കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കശുവണ്ടി വികസന കോര്‍പറേഷന്റെ കൊട്ടിയം ഫാക്ടറി1 ല്‍ സംഘടിപ്പിച്ച തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ആരോഗ്യ സുരക്ഷാ പദ്ധതി, സുഭിക്ഷ കേരളം പദ്ധതി എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലോക്ക്ഡൗണ്‍ കാലയളവില്‍ ക്ഷേമനിധിയില്‍ അംഗങ്ങളായ 71 ലക്ഷം പേര്‍ക്കും അംഗങ്ങളല്ലാത്ത 14 ലക്ഷം പേര്‍ക്കും 1000 രൂപ വീതം ധനസഹായം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ എന്‍എസ് സഹകരണ ആശുപത്രിയുമായി സഹകരിച്ച് മാസംതോറും തൊഴിലാളികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തി അത് രേഖപ്പെടുത്തിയ ചികിത്സാ കാര്‍ഡ് നല്‍കും. കോര്‍പറേഷനിലെ 15 ഏക്കറിലുള്ള കശുമാവ് കൃഷിക്ക് ഇടവിളയായി ഇഞ്ചി, മഞ്ഞള്‍, നെല്ലി എന്നിവയുടെ തൈകളാണ് മന്ത്രി നട്ടത്. ഹരിതം കേരളം മിഷന്‍, മയ്യനാട് ഗ്രാമപഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കൃഷി ചെയ്യുന്നത്.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന നിര്‍ധനയായ കശുവണ്ടി തൊഴിലാളിയുടെ മകള്‍ക്ക് കോര്‍പറേഷന്‍ വാങ്ങിയ ടിവിയും തൊഴിലാളികള്‍ക്കുള്ള കശുവണ്ടി തൈകളും മന്ത്രി ചടങ്ങില്‍ കൈമാറി. എം നൗഷാദ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായി. കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീകുമാര്‍, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ ലക്ഷ്മണന്‍, കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ രാജേഷ് രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Story Highlights: cashew industry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top