Advertisement

‘ദൈവം അടിസ്ഥാനപരമായി ഫെമിനിസ്റ്റാണ്’ കെ ആർ മീരയുടെ കുറിപ്പ്

June 6, 2020
Google News 2 minutes Read
k r meera

ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് എഴുത്തുകാരിയും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ ആർ മീര. ചിന്തിപ്പിക്കുന്ന കുറിപ്പാണ് എഴുത്തുകാരി വിഷയത്തിൽ എഴുതിയിരിക്കുന്നത്. ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളും അവർ കുറിപ്പിൽ പ്രതിപാദിച്ചിരിക്കുന്നു. ദൈവം അടിസ്ഥാനപരമായി ഫെമിനിസ്റ്റാണ് എന്ന് കുറിപ്പിന്റെ അവസാനം സാഹിത്യകാരി പറഞ്ഞുവയ്ക്കുന്നു. കുറിപ്പ് താഴെ,

ധർമ്മശാസ്താവിന് പെണ്ണുങ്ങളെ കണ്ടുകൂടാ എന്നായിരുന്നു പ്രചാരണം.

അങ്ങനെ പറയുന്ന ആണുങ്ങളെയും കാണണ്ട എന്ന് അവിടുന്നു തീരുമാനിച്ചു.

ശ്രീപദ്മനാഭന് കാലുറയിട്ടവരെ കണ്ടുകൂടാ എന്നായിരുന്നു പ്രചാരണം.

മുഖംമൂടിയിട്ടാലും പ്രശ്‌നമില്ല എന്ന് അവിടുന്നു തെളിയിച്ചു.

തൃശൂർ പൂരത്തിന് കുടമാറ്റവും വെടിക്കെട്ടും ഇല്ലെങ്കിൽ ഹൈന്ദവരുടെ വികാരം വ്രണപ്പെടുമെന്നായിരുന്നു ആശങ്ക.

അവനവൻറെ ആരോഗ്യത്തെയും ജീവനെയുംകാൾ വലുതല്ല ഒരു പൂരവും എന്നു ഹൈന്ദവർക്കു ബോധ്യപ്പെട്ടു.

അമ്പലത്തിലെ കാര്യം തീരുമാനിക്കേണ്ടത് സർക്കാരല്ല, വിശ്വാസികളും മതമേധാവികളും തന്ത്രജ്ഞരും ആണെന്നായിരുന്നു ഹിന്ദുത്വവാദികളുടെ ആക്രോശം.

ഇപ്പോഴിതാ, തന്ത്രിയോടും ചോദിച്ചില്ല, ആൾ ദൈവങ്ങളോടും ചോദിച്ചില്ല ലോകാരോഗ്യസംഘടനയും കേന്ദ്ര ആരോഗ്യമന്ത്രാലയവും നിർദ്ദേശിച്ചു, കേന്ദ്രഗവൺമെൻറ് അനുസരിച്ചു.

Read Also:ആരാധനാലയങ്ങള്‍ തുറക്കല്‍; സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രം മതിയെന്ന തീരുമാനത്തില്‍ ക്രൈസ്തവ സഭകള്‍

പത്തിനും അറുപത്തഞ്ചിനും ഇടയിലുള്ള സ്ത്രീകൾ അമ്പലത്തിൽ പോകരുതെന്നായിരുന്നു ആചാരവാദികളുടെ ഭീഷണി.

സ്ത്രീയായാലും പുരുഷനായാലും പത്തിനും അറുപത്തഞ്ചിനും ഇടയിലുള്ളവർ മാത്രം അമ്പലത്തിൽ പോയാൽ മതി എന്ന് കേന്ദ്രഗവൺമെൻറ് തന്നെ തീരുമാനിച്ചു.

നടയടയ്ക്കൽ, ശുദ്ധികലശം, പുണ്യാഹം, പ്രായശ്ചിത്തം എന്തൊക്കെയായിരുന്നു പുകിൽ!

ഇപ്പോഴിതാ, സാനിറ്റൈസർ, മാസ്‌ക്, വെർച്വൽ ക്യൂ, ഓൺലൈൻ ബുക്കിംഗ്, അമ്പതു പേർക്കു മാത്രം പ്രവേശനം… !

മസ്ജിദിലാണെങ്കിൽ, പെണ്ണുങ്ങൾക്കു മാത്രമല്ല, ആണുങ്ങൾക്കും പ്രവേശനം നിഷേധിക്കപ്പെട്ടു.

പള്ളിയിലാണെങ്കിൽ, കന്യാസ്ത്രീകൾക്കു മാത്രമല്ല, അച്ചൻമാർക്കും കുർബാന കൊടുക്കാൻ മേലാതായി.

അതിനാൽ സർവമതങ്ങളിലുംപെട്ട യുക്തിവാദികളും നിരീശ്വരവാദികളുമായ സുഹൃത്തുക്കളേ,

പരമകാരുണികൻറെ നാമത്തിൽ

ഞാൻ നിങ്ങളോട് സത്യം സത്യമായി പറയുന്നു :

ദൈവം ഉണ്ട്.

ദൈവത്തിന് നീതിബോധമുണ്ട്.

മതനിരപേക്ഷതയുമുണ്ട്.

കാരണം, ദൈവം അടിസ്ഥാനപരമായി ഫെമിനിസ്റ്റാണ്.

Story highlights-k r meera facebook post about opening shrines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here