ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കിയത് സങ്കുചിത രാഷ്ട്രീയമെന്ന് മുല്ലപ്പള്ളി

mullappally ramachandran

ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കിയതിന് കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സങ്കുചിത രാഷ്ട്രീയ നിലപാടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനത്തിന്റെ വിനോദസഞ്ചാര, തീർത്ഥാടന മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കുന്ന പദ്ധതികളിലൊന്നായിരുന്നു ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി.

കേന്ദ്രത്തിന്റെ സ്വദേശി ദർശൻ പദ്ധതിയിലുൾപ്പെടുത്തി 2019ൽ പ്രഖ്യാപിച്ച 69.47 കോടിയുടെ പദ്ധതിയാണ് ഒരു മുന്നറിയിപ്പുമില്ലാതെ ഒന്നര വർഷം പിന്നിടുമ്പോൾ റദ്ദാക്കിയത്. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കാര്യമായ നേട്ടം ലഭിക്കാത്തിന്റെ പകവീട്ടലാണ് ഈ പദ്ധതി നിർത്തലാക്കാൻ കേന്ദ്രത്തെ പ്രേരിപ്പിച്ച ഘടകമെന്ന് കരുതേണ്ടിയിരിക്കുന്നു. കേരളീയ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം കേന്ദ്രസർക്കാരിനെ അറിയിക്കുന്നതിൽ പിണറായി സർക്കാർ ദയനീയമായി പരാജയപ്പെട്ടു. കേന്ദ്രം പദ്ധതി നടത്തിപ്പിൽ അലംഭാവം കാണിച്ചപ്പോൾ ക്രിയാത്മകമായി ഉടനടി പിണറായി സർക്കാർ ഇടപെടാതിരുന്നതും വലിയ വീഴ്ചയാണ്. നാവോത്ഥാന പ്രസ്ഥാനത്തിന്റെ നായകനായ ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളുടെയും ശ്രീനാരായണീയ ആശയങ്ങളുടെയും കേന്ദ്രമാണ് ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന ശിവഗിരി. ശിവിഗരിയെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ലക്ഷ്യസ്ഥാനമായി കാണുന്ന ബിജെപി- സിപിഎം നിലപാട് ഇതിനകം കേരളീയ പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

Read Also:ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

ശിവഗിരി ടൂറിസം സർക്യൂട്ടു പദ്ധതിയോടൊപ്പം പതിനാല് ജില്ലകളിലെ പ്രധാന ആരാധനാലയങ്ങളെ ഉൾപ്പെടുത്തിയുള്ള 85.23 കോടിരൂപയുടെ പദ്ധതിയുമാണ് കേന്ദ്രം ഉപേക്ഷിച്ചത്. പദ്ധതി റദ്ദാക്കിയ കേന്ദ്രസർക്കാർ നിലപാട് പുനപരിശോധിക്കണം. അതിന് കേന്ദ്രം തയാറാകുന്നില്ലെങ്കിൽ ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതിയും 85 കോടിയുടെ തീർത്ഥാടക സർക്യൂട്ട് പദ്ധതിയും സംസ്ഥാന സർക്കാർ ഏറ്റെടുത്തു നടപ്പാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Story highlights-Mullappally has called the cancellation of the Shivagiri tourism circuit project a “narrow politics.”

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top