തൃശൂർ രൂപതയ്ക്ക് കീഴിലുള്ള ദേവാലയങ്ങൾ മറ്റന്നാൾ മുതൽ തുറക്കും

തൃശൂർ രൂപതയ്ക്ക് കീഴിലുള്ള ദേവാലയങ്ങൾ മറ്റന്നാൾ മുതൽ നിബന്ധനകളോടെ തുറക്കും. സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്നു കാണിച്ച് സർക്കുലർ പുറത്തിറക്കി. ഏതാനും ചില പ്രായോഗിക കാര്യങ്ങളെ കുറിച്ച് ഇനിയും വ്യക്തത ലഭിക്കേണ്ടതുണ്ടെന്ന് സർക്കുലറിൽ പറയുന്നു.

പള്ളികൾ തുറക്കുന്നതിന് മുന്നോടിയായി പള്ളി പരിസരം അണുവിമുക്തമാക്കാനും ശുചിത്വം ഉറപ്പുവരുത്തുവാനും ശ്രദ്ധിക്കണമെന്ന് സർക്കുലറിൽ പറയുന്നു. ദൈവാലയത്തിന് മുൻപിൽ പ്രവേശന വ്യവസ്ഥകളടങ്ങിയ ഒരു നോട്ടീസും കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ സ്വീകരിക്കേണ്ട ജാഗ്രതയെ ക്കുറിച്ചുമുള്ള ബോർഡും പരസ്യമായി സ്ഥാപിക്കണം. കുർബാനക്കും മറ്റ് തിരുകർമ്മങ്ങൾക്കും പങ്കെടുക്കാവുന്നരുടെ എണ്ണം സംബന്ധിച്ച് സർക്കാർ നൽകിയിരിക്കുന്ന നിർദേശം കൃത്യമായി പാലിക്കണം. വ്യക്തികൾ തമ്മിൽ ആറ് അടി അകലം പാലിക്കുന്ന രീതിയിൽ സ്ഥലം അടയാളപ്പെടുത്തി ക്രമീകരിക്കേണ്ടതാണ്. എത്ര വലിയ ദേവാലയമാണെങ്കിലും പരമാവധി നൂറുപേരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്നും സർക്കുലറിൽ പറയുന്നു.

കേന്ദ്രസർക്കാർ നിബന്ധനയിൽ പറയുന്നതുപോലെ, 65 വയസിന് മുകളിലുള്ളവരും 10 വയസിന് താഴെയുള്ളവരും ഗർഭണികളും പള്ളിയിൽ വരുന്നത് ഒഴിവാക്കേണ്ടതാണ്. രോഗ ലക്ഷണങ്ങളുള്ളവരും മറ്റ് രോഗങ്ങളുള്ളവരും ഒരു കാരണവശാലും പള്ളിയിൽ പ്രവേശിക്കരുത്. തിരുകർമ്മങ്ങളിൽ പങ്കെടുക്കുന്നതിനിടയിൽ കൊവിഡ് രോഗലക്ഷണങ്ങളുണ്ടെന്ന് മനസിലായാൽ അവരെ പ്രത്യേകം പരിചരിക്കുന്നതിനും ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനും സംവിധാനങ്ങളേർപ്പെടുത്തേണ്ടതാണെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top