നാടുകാണി ചുരത്തിൽ മരങ്ങൾ കടപുഴകി വീണു; മണിക്കൂറുകളോളം ഗതാഗത തടസം

കേരളത്തെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന നാടുകാണി ചുരത്തിൽ വൻമരങ്ങൾ കടപുഴകി വീണ് മണിക്കൂറുകൾ ഗതാഗതം തടസപ്പെട്ടു. നിലമ്പൂരിൽ അതിശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതും പുഴകളിൽ മലവെള്ളപ്പാച്ചിലുണ്ടായതും ജനങ്ങളെ ആശങ്കയിലാക്കി.

മലപ്പുറം ജില്ലയിൽ ഇന്നലെ കനത്ത മഴയാണ് പെയ്തത്. രാത്രിയോടെ നേരിയ ശമനം ഉണ്ടായെങ്കിലും ഇന്ന് പുലർച്ചെ മഴ വീണ്ടും കനത്തതോടെ വൻമരങ്ങൾ കടപുഴകിവീണു. പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായെത്തിയ നൂറോളം വാഹനങ്ങൾ മണിക്കൂറുകളോളം നാടുകാണി ചുരത്തിലെ അന്തർസംസ്ഥാനപാതയിൽ കുടുങ്ങി. ചുരം പാതയിലെ തേൻപാറ, പോത്തുംകുഴി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഗതാഗത തടസം. അഗ്‌നി ശമനസേന എത്തി പിന്നീട് മരങ്ങൾ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

മലയോരമേഖലയിലെ കനത്ത മഴയിൽ ചാലിയാറിലും പോഷക നദികളിലും ജലനിരപ്പ് ഉയർന്നു.
2018ൽ തകർന്ന മതിൽമൂല ആദിവാസി കോളനിക്ക് സമീപം പുഴ കരകവിഞ്ഞു. 9 കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റി പാർപ്പിച്ചിട്ടുണ്ട്. വനത്തിൽ കനത്ത മഴ തുടരുന്നതിനാൽ ആദിവാസി കോളനികൾക്ക് ജാഗ്രതാ നിർദേശം നൽകി. ചാലിയാറിന്റെയും കടലുണ്ടി പുഴയുടെയും തീരത്തുള്ളവർക്കും ജില്ലാഭരണകൂടം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

 

nadukanichuram, traffic block

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top