ജ്യോതിരാദിത്യ സിന്ധ്യ തിരികെ കോൺഗ്രസിലേക്കോ? പ്രചരിച്ചതിന് പിന്നിലെ സത്യം [24 fact check]

Rathi
ജ്യോതിരാദിത്യ സിന്ധ്യ ബിജെപി വിട്ട് കോൺഗ്രസിലേക്ക് തിരികെ പോകുന്നതായി വ്യാജപ്രചാരണം. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഈ സംഭവം വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വിറ്ററിലെ ബയോയാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്.
കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് ഇക്കഴിഞ്ഞ മാർച്ചിലാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലെത്തിയത്. പതിനെട്ട് വർഷം കോൺഗ്രസിൽ പ്രവർത്തിച്ച ശേഷമാണ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി രാഹുൽ ഗാന്ധിയുടെ വലംകൈയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപി പാളയത്തിൽ എത്തിയത്. ബിജെപി പ്രവേശനത്തിന് പിന്നാലെ രണ്ടരമാസങ്ങൾക്കിപ്പുറം സിന്ധ്യ പാർട്ടി വിട്ട് തിരികെ കോൺഗ്രസിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന വാർത്തയും പുറത്തുവന്നു. സിന്ധ്യ ട്വിറ്ററിൽ നിന്ന് ബിജെപിയെ നീക്കം ചെയ്തുവെന്നും ഇത് കോൺഗ്രസിലേക്ക് മടങ്ങുന്നതിന്റെ സൂചനയാണെന്നും പ്രചരിച്ചു. സിന്ധ്യയുടെ ട്വിറ്റർ പ്രൊഫൈലിന്റെ സ്ക്രീൻ ഷോട്ടിനൊപ്പം ബിജെപിയെ ഒഴിവാക്കിയെന്ന കാര്യവും ചേർത്ത് പ്രചരിച്ചപ്പോൾ പലരും, മാധ്യമങ്ങൾ ഉൾപ്പെടെ അത് വിശ്വസിച്ചു.
കോൺഗ്രസ് വിടുന്നതിന് മുൻപ് സിന്ധ്യ ട്വിറ്ററിൽ തിരുത്തൽ വരുത്തിയിരുന്നു, 2019 നവംബർ പതിനേഴിന്. ട്വിറ്റർ ബയോയിൽ നിന്ന് കോൺഗ്രസിനെ ഒഴിവാക്കിയ സിന്ധ്യ പക്ഷേ ബിജെപിയെ കൂട്ടിചേർത്തിരുന്നില്ല. ഇത് മനസിലാക്കാതെയാണ് പലരും തെറ്റ് പ്രചരിപ്പിച്ചത്.
സംഭവം വിവാദമായതോടെ മുതിർന്ന ബിജെപി നേതാവ് പ്രദുമൻ സിംഗ് തോമറും സിന്ധ്യ തന്നെയും സംഭവം വിശദീകരിച്ച് രംഗത്തെത്തി. ശരിയേക്കാൾ വേഗത്തിൽ തെറ്റായ വാർത്തകൾ സഞ്ചരിക്കുന്നു എന്നാണ് സിന്ധ്യ സംഭവത്തോടു പ്രതികരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here