വിദേശത്ത് കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ നിതിൻ ചന്ദ്രൻ മരിച്ചു

കൊവിഡ് പ്രതിസന്ധിയിൽ വിദേശത്ത് കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ആതിരയുടെ ഭർത്താവ് നിതിൻ ചന്ദ്രൻ മരിച്ചു. ഇന്ന് രാവിലെ ഷാർജയിൽ താമസസ്ഥലത്ത് ആയിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം എന്ന് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ ഷാർജയിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. പ്രസവത്തിനായി ആതിര നാട്ടിലേക്ക് വരാനിരിക്കെ ആയിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അതോടെ ആ വരവ് നടന്നില്ല. പിന്നീട് സുപ്രിംകോടതിയെ സമീപിച്ചാണ് അനുകൂല വിധി നേടിയെടുത്തത്. അതിരയുടെയും നിതിന്റെയും നിയമപോരാട്ടം വിദേശത്ത് കുടുങ്ങി കിടന്ന ഗർഭിണികൾ അടക്കമുള്ളവർക്ക് നാട്ടിൽ എത്താൻ അവസരമൊരുക്കി.
വന്ദേ ഭാരത് ദൗത്യം ആരംഭിച്ച മെയ് 7 ന് നിതിൻ ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കി ദുബായിൽ തന്നെ തുടരുകയായിരുന്നു. ദുബായിലെ നിർമാണ കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനിയറായ നിതിൻ സാമൂഹ്യ പ്രവർത്തനത്തിലും സജീവമായിരുന്നു. ജൂലൈ ആദ്യ വാരം അതിരയുടെ പ്രസവം നടക്കാനിരിക്കെയാണ് നിതിന്റെ മരണം. കൊവിഡ് പരിശോധന ഫലം ലഭിച്ച ശേഷം ആയിരിക്കും മൃതദേഹം നാട്ടിലെത്തിക്കുക.
Story highlight: Nithin Chandran dies after legal battle for repatriating pregnant women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here