കോട്ടയത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ: കോളജിനെതിരെ പൊലീസിൽ പരാതി നൽകി ബന്ധുക്കൾ

കോട്ടയം ചേർപ്പുങ്കലിൽ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കൾ പരീക്ഷാ കേന്ദ്രമായ കോളജിനെതിരെ പരാതി നൽകി. അകാരണമായി മാനസിക പീഡനം ഏൽപ്പിച്ചെന്ന് വ്യക്തമാക്കിയാണ് കുട്ടിയുടെ അച്ഛൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. മരിച്ച അഞ്ജു ഷാജിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.
ഇന്നലെ മീനച്ചിലാറ്റിൽ മൃതദേഹം കണ്ടെത്തിയത് പിന്നാലെ കോളജ് അധികൃതർ കോപ്പിയടി നടന്നു എന്നതിന് തെളിവുകളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ നല്ല നിലയിൽ പഠിച്ചിരുന്ന കുട്ടി കോപ്പിയടിക്കില്ലെന്നും, അധികൃതർ മാനസികമായി പീഡിപ്പിച്ചെന്നും, അച്ഛൻ പി ഡി ഷാജി ആവർത്തിച്ചു.
Read Also: അഞ്ജു പരീക്ഷാ ഹാളില്‍ ഇരുന്നു കരയുകയായിരുന്നു; ഒപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥി
പരീക്ഷ എഴുതുന്നത് തടഞ്ഞതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം എസ്പിക്ക് പരാതി നൽകിയത്. ഇക്കാര്യത്തിൽ പരീക്ഷാ കേന്ദ്രമായിരുന്ന ചേർപ്പുങ്കൽ ഹോളി ക്രോസ് കോളജിനെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം. സംഭവത്തിൽ വനിതാ കമ്മീഷനും യുവജന കമ്മീഷനും കേസെടുത്തിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പും സർവകലാശാലയിൽ നിന്ന് റിപ്പോർട്ട് തേടി. അഞ്ജുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.
പാലാ ചേർപ്പുങ്കലിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. ശനിയാഴ്ചയാണ് കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനി അഞ്ജു ഷാജിയെ പരീക്ഷാ കേന്ദ്രത്തിൽ നിന്ന് ഇറക്കി വിട്ടത്. ഇനിയുള്ള പരീക്ഷകൾ എഴുതിക്കില്ലെന്നും കോളജ് അധികൃതർ കുട്ടിയോട് പറഞ്ഞിരുന്നു.
anju shaji, pala, student suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here