Advertisement

കണ്ണീരോടെ വിടയേകി ആതിര, നിതിന്റെ സംസ്‌കാരം അൽപ്പ സമയത്തിനുള്ളിൽ

June 10, 2020
Google News 1 minute Read

ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച നിതിൻ ചന്ദ്രന്റെ മൃതദേഹം കോഴിക്കോട് പേരാമ്പ്രയിലെ കുടുംബവീട്ടിലെത്തിച്ചു. സംസ്‌കാരം അൽപ്പ സമയത്തിനുള്ളിൽ വീട്ടുവളപ്പിൽ നടക്കും. പുലർച്ചെ നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം അവിടെ നിന്നും നേരിട്ട് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ എത്തിച്ച് ഭാര്യ ആതിരെ കാണിച്ചിരുന്നു. രാവിലെ 10.50 ഓടെയാണ് മൃതദേഹം കോഴിക്കോട് ആസ്റ്റർ മിംസിൽ എത്തിച്ച് ആതിരയെ അവസാനമായി നിതിനെ കാണിച്ചത്. ബന്ധുക്കൾക്കൊപ്പം സുരക്ഷ വസ്ത്രങ്ങൾ അണിഞ്ഞ് വീൽച്ചെയറിലാണ് ആതിര നിതിനെ കാണാൻ എത്തിയത്. ആംബലുൻസിൽ വച്ചായിരുന്നു പ്രിയതമന്റെ നിശ്ചലമായ ശരീരം ആതിര കണ്ടത്. മൂന്നു മിനിട്ട് നേരം നിതിനെ ആതിരയെ കാണിച്ചശേഷം മൃതദേഹം പേരാമ്പ്രയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടു പോയി.

ഇന്ന് രാവിലെയാണ് നിതിന്റെ വിയോഗ വാർത്ത ബന്ധുക്കൾ ആതിരയെ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ആതിര ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. നിതിന്റെ മരണ വാർത്തയ്ക്ക് പിന്നാലെ ബന്ധുക്കൾ ആതിരയെ പ്രസവത്തിനുമുമ്പുള്ള പരിശോധനകൾക്കെന്ന പേരിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജൂലൈ ആദ്യാവാരമാണ് പ്രസവ തീയതി പറഞ്ഞിരുന്നതെങ്കിലും ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗം ആതിരയുടെ ആരോഗ്യസ്ഥിതിയെ ബാധിച്ചേക്കാമെന്ന ആശങ്കയിൽ സിസേറയിൻ നടത്തി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. രാവിലെ 5.45 നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ എയർ അറേബ്യ വിമാനത്തിലായിരുന്നു മൃതദേഹം എത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇവിടുത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആംബുലൻസിൽ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടു വരികയായിരുന്നു.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദേശത്ത് കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് കാലതാമസം വന്നപ്പോൾ ഗർഭിണികളെ എത്രയും വേഗം നാട്ടിൽ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി നൽകിയയാളാണ് നിതിൻ. ഈ ഹർജിയിലൂടെയാണ് ആതിരയും നിതിനും വാർത്ത ശ്രദ്ധ നേടുന്നത്. നാട്ടിലേക്ക് മടങ്ങാൻ ആതിരയ്ക്കൊപ്പം നിതിനും വിമാന ടിക്കറ്റ് ശരിയായതായിരുന്നു.

എന്നാൽ, തന്നെക്കാൾ പരിഗണന കിട്ടേണ്ടവർ വേറെയുണ്ടെന്നു പറഞ്ഞ് നിതിൻ പിൻവാങ്ങുകയായിരുന്നു. ആതിരയുടെ പ്രസവത്തിനു മുമ്പായി നാട്ടിൽ എത്താമെന്നായിരുന്നു ഭാര്യയെ വിമാനം കയറ്റി വിടുമ്പോൾ നിതിൻ നൽകിയിരുന്ന വാക്ക്. എന്നാൽ ഈ വാക്ക് നിതിന് പാലിക്കാൻ കഴിഞ്ഞില്ല. ഉറക്കത്തിനിടയിൽ ഹൃദായഘാതം വന്നായിരുന്നു അന്ത്യം.

Story highlight:  Athira,nithin chandran death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here