വിദേശത്ത് നിന്ന് വരുന്നവർക്ക് വീട്ടിൽ സൗകര്യമുണ്ടെങ്കിൽ ഹോം ക്വാറന്റീൻ; പുതിയ മാർഗരേഖയുമായി സർക്കാർ

cm pinarayi vijayan

ക്വാറന്റീൻ മാർഗരേഖ പുതുക്കി സംസ്ഥാന സർക്കാർ. വിദഗ്ധ സമിതിയുടെ നിർദേശമനുസരിച്ച് ക്വാറന്റീൻ ചട്ടങ്ങൾ പുതുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വിദേശത്ത് നിന്ന് വരുന്ന ആളുകളിൽ വീടുകളിൽ ക്വാറന്റീൻ സൗകര്യമുള്ളവരെ അവിടെ തന്നെ ക്വാറന്റീൻ ചെയ്യാം. വീടുകളിൽ സൗകര്യം ഇല്ലാത്തവർക്കാണ് സർക്കാർ ക്വാറന്റീൻ സൗകര്യം ഒരുക്കുക.

പ്രാഥമിക പരിശോധനയ്ക്ക് ശേഷം വീട്ടിൽ സൗകര്യമുള്ളവര്‍ക്ക് സത്യവാങ്മൂലം എഴുതി വാങ്ങിച്ച ശേഷം വീട്ടിലേക്ക് പോകാന്‍ അനുവാദം നൽകും. മുൻകരുതൽ നിർദേശങ്ങളും പ്രവാസികൾക്ക് കൊടുക്കുമെന്നും മുഖ്യമന്ത്രി. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് സ്വന്തം വാഹനത്തിലോ,ടാക്സിയിലോ പോകാവുന്നതാണ്. പെയ്ഡ് ക്വാറന്റീൻ വേണ്ടവർക്ക് ആവശ്യപ്പെട്ടാൽ ഒരുക്കുന്നത് ഹോട്ടൽ സംവിധാനമാണ്. ഈ രണ്ട് കേന്ദ്രങ്ങളിലും ആവശ്യമായ സൗകര്യങ്ങളും കർശനമായ നിരീക്ഷണവും ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനം, റവന്യൂ അധികൃതർ, പൊലീസ് എന്നിവർ ഉറപ്പുവരുത്തും.

Read Also: തൃശൂരിൽ കൊച്ചുകുഞ്ഞിനും ആരോഗ്യ പ്രവർത്തകർക്കും അടക്കം കൊവിഡ്

സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ ആളുകൾക്ക് വീട്ടിലേക്ക് പോകാവുന്നതാണ്. ഇവരുടെ സമീപത്തുള്ള തദ്ദേശഭരണ സ്ഥാപനം, പൊലീസ്, കൊവിഡ് കെയർ സെന്റർ നോഡൽ ഓഫീസർ, കളക്ടർ എന്നിവർക്ക് വിവരം നൽകും. നിശ്ചിത സമയത്തിനുള്ളിൽ ആൾ വീട്ടിലെത്തിയെന്ന് പൊലീസ് ഉറപ്പുവരുത്തുന്നതാണ്. തദ്ദേശഭരണ സ്ഥാപനം വീട്ടിൽ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പിക്കും.

വീട്ടിലെ ക്വാറന്റീനിന് എന്തെങ്കിലും ന്യൂനതകളുണ്ടെങ്കിൽ സർക്കാർ ക്വാറന്റീനിലേക്ക് മാറാനുള്ള നടപടി സ്വീകരിക്കുന്നതാണ്. സുരക്ഷിതമായ ക്വാറന്റീൻ ഉറപ്പാക്കാൻ വീട്ടുകാർക്ക് ബോധവത്കരണം നടത്തുമെന്നും കുട്ടികളും പ്രായമായവരും ഉണ്ടെങ്കിൽ പ്രത്യേകമായി തന്നെ മുൻകരുതൽ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരീക്ഷണത്തിലുള്ള വ്യക്തി ക്വാറന്റീൻ ലംഘിക്കരുതെന്നും ലംഘിച്ചാൽ നിയമപ്രകാരം പൊലീസ് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും പുതിയ സർക്കാർ മാർഗരേഖയുണ്ട്. റോഡ് വഴിയും വിമാനം വഴിയും വരുന്നവർക്കിത് ബാധകമാണ്. ജാഗ്രതാ പോർട്ടലിലൂടെ ഇവർ ഹോം ക്വാറന്റീനിനായി സത്യവാങ്മൂലം നൽകണം. സ്വന്തം വീടോ, മറ്റൊരു വീടോ ക്വാറന്‍റീനിനായി തെരഞ്ഞെടുക്കാവുന്നതാണ്. ജില്ലാ കൊവിഡ് കൺട്രോൾ റൂം ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. സുരക്ഷിത ക്വാറന്റീൻ ഉറപ്പാക്കാൻ വേണ്ടിയാണിത്. അല്ലെങ്കിൽ ഇൻസ്റ്റ്യൂഷണൽ ക്വാറന്റീനോ പെയ്ഡ് ക്വാറന്റീനോ ഒരുക്കുന്നതാണെന്നും മുഖ്യമന്ത്രി. സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന വിവരം ജില്ലാ അധികൃതരെ അറിയിക്കാൻ വ്യവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി.

 

new protocol for quarantine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top