അഞ്ജു പി ഷാജിയുടെ ആത്മഹത്യ; എംജി സർവ്വകലാശാലയുടെ അന്വേഷണ റിപ്പോർട്ടും പൊലീസ് പരിഗണിക്കും

കോപ്പിയടി ആരോപണത്തെ തുടർന്ന് ബിരുദ വിദ്യാർത്ഥി അഞ്ജു പി ഷാജി ആത്മഹത്യ ചെയ്ത സംഭവത്തിൽ എം.ജി സർവ്വകലാശാലയുടെ അന്വേഷണ റിപ്പോർട്ടും പൊലീസ് പരിഗണിക്കും. ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജിന് വീഴ്ചകൾ സംഭവിച്ചുവെന്ന് സർവ്വകലാശാല കണ്ടെത്തിയിരുന്നു. അഞ്ജുവിൻ്റെ ബന്ധുക്കളുടെ മൊഴിയെടുപ്പ് ഇന്നും തുടരും
ഉത്തരക്കടലാസ് വാങ്ങിയ ശേഷവും അരമണിക്കൂറിലധികം അഞ്ജുവിന് പരീക്ഷാഹാളിൽ ഇരിക്കേണ്ടി വന്നത് മാനസിക സമ്മർദ്ദമുണ്ടാക്കി എന്നായിരുന്നു സർവകലാശാലയുടെ കണ്ടെത്തൽ. രഹസ്യ സ്വഭാവമുള്ള പരീക്ഷയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതും വീഴ്ചയാണെന്ന് സിൻഡിക്കേറ്റ് സമിതി നിഗമനത്തിലെത്തി. അന്തിമ റിപ്പോർട്ട് സർവകലാശാലയ്ക്ക് ലഭിച്ച ശേഷമാകും ഇക്കാര്യങ്ങൾ അന്വേഷണസംഘം പരിഗണിക്കുക.
Read Also : അഞ്ജുവിന്റെ ആത്മഹത്യ: കോളജിന് വീഴ്ച പറ്റിയതായി സർവ്വകലാശാല സിൻഡിക്കേറ്റ് സമിതിയുടെ പ്രാഥമിക കണ്ടെത്തൽ
ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജിന് വീഴ്ച ഉണ്ടായോ എന്ന കാര്യത്തിൽ പൊലീസും വിശദമായ പരിശോധന നടത്തുന്നുണ്ട്. കോട്ടയം എസ് പി യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ക്യാമ്പസിൽ തെളിവെടുപ്പ് നടത്തിയിരുന്നു. കോപ്പിയടി നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ അഞ്ജുവിൻ്റെ കയ്യെഴുത്ത് സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു. ബന്ധുക്കളുടെ മൊഴിയെടുപ്പ് ഇന്നും തുടരും.
കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിലെ ബികോം മൂന്നാം വർഷ വിദ്യാർത്ഥിനിയായ അഞ്ജുവിന് ചേർപ്പുങ്കൽ ബിവിഎം കോളജാണ് പരീക്ഷ കേന്ദ്രമായി ലഭിച്ചത്. ശനിയാഴ്ച നടന്ന പരീക്ഷയ്ക്കിടെ അഞ്ജു കോപ്പിയടിച്ചതിനെ തുടർന്നാണ് പരീക്ഷാ ഹാളിൽ നിന്ന് ഇറക്കിവിട്ടതെന്നായിരുന്നു കോളജ് അധികൃതർ വ്യക്തമാക്കിയിരുന്നത്. എന്നാൽ, സംഭവത്തെ തുടർന്ന് കോളജിൽ നിന്ന് ഇറങ്ങിയ അഞ്ജു വീട്ടിലെത്തിയിരുന്നില്ല. തുടർന്നു നടത്തിയ പരിശോധനയിലാണ് അഞ്ജുവിന്റെ മൃതദേഹം ചെമ്പിളാവിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ പൊലീസ് അലംഭാവം കാണിക്കുന്നു എന്നും ഹോളിക്രോസ് കോളജിനെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമം നടത്തുന്നു എന്നും അച്ഛൻ ഉൾപ്പെടെയുള്ള അഞ്ജുവിൻ്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
Story Highlights- anju p shaji , suicide, police, university investigation report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here