സെപ്തംബർ-ഒക്ടോബർ സീസണിൽ ഐപിഎൽ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി : ഐപിഎൽ ചെയർമാൻ

സെപ്തംബർ-ഒക്ടോബർ സീസണിൽ ഐപിഎൽ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ. ട്-20 ലോകകപ്പിൻ്റെ കാര്യത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ തീരുമാനം അറിയാനായി കാത്തിരിക്കുകയാണെന്നും അതിനു ശേഷം ഇക്കാര്യം ഔദ്യോഗികമായി തീരുമാനം ഉണ്ടാവുമെന്ന് ബ്രിജേഷ് പട്ടേൽ അറിയിച്ചു. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
“അതെ, സെപ്തംബർ-ഒക്ടോബർ വിൻഡോയിൽ ഐപിഎൽ നടത്താൻ ഞങ്ങൾ തയ്യാറാണ്. ഒഴിഞ്ഞ സ്റ്റേഡിയത്തിലാവുമോ അല്ലയോ എന്ന് ഇപ്പോൾ പറയാനാവില്ല. ആ സമയത്തെ അവസ്ഥ എന്താണെന്ന് നോക്കണം. പക്ഷേ, കാണികൾ ഇല്ലാതെ ലീഗ് നടത്താനും ഞങ്ങൾ ഒരുക്കമാണ്. ടി-20 ലോകകപ്പിനെപ്പറ്റിയുള്ള ഐസിസിയുടെ പ്രഖ്യാപനം എന്താവുമെന്ന് നോക്കുകയാണ് ഞങ്ങൾ. ലോകകപ്പ് ഇല്ലെങ്കിൽ ഐപിഎൽ ഉണ്ടാവും”- അദ്ദേഹം പറഞ്ഞു.
Read Also : ഐപിഎൽ സാധ്യത പരിശോധിച്ച് ബിസിസിഐ; കലൂരിലും മത്സരങ്ങൾ; മുംബൈ ഇന്ത്യൻസ് പരിശീലനം തുടങ്ങി
അതേ സമയം, ഐപിഎൽ നടത്താനുള്ള സാധ്യതകൾ ബിസിസിഐ പരിശോധിക്കുകയാണെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തുന്നതിന് വിലക്കില്ല എന്നാണ് കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശം. ആരാധകരും ഫ്രാഞ്ചൈസികളും ഐപിഎൽ നടത്തിപ്പിനെക്കുറിച്ച് ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയാണെന്നും, അന്തിമ തീരുമാനം വൈകാതെ സ്വീകരിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. മത്സരം കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ നടത്താനും ബിസിസിഐക്ക് ആലോചനയുണ്ട്.
ഒക്ടോബർ 18നാണ് ടി-20 ലോകകപ്പ് ആരംഭിക്കാനിരുന്നത്. ഓസ്ട്രേലിയയാണ് വേദി. കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയ അതിർത്തികൾ അടച്ചിരിക്കുകയാണ്. സെപ്തംബർ വരെ രാജ്യത്ത് യാത്രാവിലക്കാണ്. ടി20 ലോകകപ്പിന്റെ കാര്യത്തിൽ ഐസിസി ബോർഡ് യോഗം വൈകാതെ ചേർന്ന് തീരുമാനമെടുക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.
Story Highlights- IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here