ആലുങ്കല്‍ കടവ് പാലം: ജൂലൈ 31 നകം ഭൂമി ഏറ്റെടുത്ത് നല്‍കും

Alunkal Bridge: land will be acquired by July 31

ആലുവ നിയോജക മണ്ഡലത്തിലെ ആലുങ്കല്‍ കടവ് പാല ത്തിന്റെ അനുബന്ധ റോഡുകളുടെ നിര്‍മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ജൂലൈ 31 നകം പൂര്‍ത്തിയാക്കാന്‍ തീരുമാനം. കളക്ടറേറ്റില്‍ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ സാന്നിധ്യത്തില്‍ മന്ത്രി വിഎസ് സുനില്‍കുമാറും കളക്ടര്‍ എസ്. സുഹാസുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനമായത്.

പാലത്തിന്റെ പൂര്‍ത്തീകരണത്തിനായി 28 സെന്റ് ഭൂമി നികത്തുന്നതിനുള്ള അനുമതി സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നു. ഇതുള്‍പ്പടെ 79 സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. സ്ഥലത്തിന്റെ സാമൂഹ്യ പ്രത്യാഘാത പഠനം പൂര്‍ത്തിയായി. തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ ജൂലൈ 31 നകം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. അനുബന്ധ റോഡുകള്‍ നിര്‍മിച്ചിട്ടില്ലാത്തതിനാല്‍ പാലം ഉപയോഗശൂന്യമാണ്. നിലവില്‍ തരിശുഭൂമിയായി കിടക്കുന്ന ഈ പ്രദേശത്ത് കനത്ത മഴയില്‍ വെള്ളപ്പൊക്കമുണ്ടാകുന്നതിനാല്‍ 20 വര്‍ഷത്തിലേറെയായി നെല്‍കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുമാണ്.

മണ്ഡലത്തിലെ തന്നെ പുറയാര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികളുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. സ്ഥലത്തെ സംബന്ധിച്ച് സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിനായി കേരള വൊളന്ററി ഹെല്‍ത്ത് സര്‍വീസസ് കോട്ടയത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 12നകം മാത്രമേ പഠനം പൂര്‍ത്തിയാകൂ. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ദ്രുതഗതിയിലാക്കുമെന്ന് ഡപ്യൂട്ടി കളക്ടര്‍ എംവി സുരേഷ് കുമാര്‍ യോഗത്തില്‍ അറിയിച്ചു. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷിജി കരുണാകരന്‍, നെടുമ്പാശേരി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ വിനോദ് ജി മുല്ലശേരി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

 

Story Highlights: Alunkal Bridge: land will be acquired by July 31

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top