കേരളത്തിലെ ആദ്യ റാപ്പിഡ് ടെസ്റ്റ് വെഹിക്കിള്‍ പത്തനംതിട്ടയില്‍ നിന്ന്

COVID

കൊവിഡ് പരിശോധനകൾക്കുള്ള കേരളത്തിലെ ആദ്യ റാപ്പിഡ് ടെസ്റ്റ് വെഹിക്കിള്‍ പത്തനംതിട്ടയില്‍ നിന്ന്. തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ എഞ്ജിനീയര്‍മാരായ അനന്തു ഗോപന്‍, എം.എസ് ജിനേഷ്, ഡോക്ടര്‍മാരായ ജസ്റ്റിന്‍ രാജ്, നോബിള്‍ ഡേവിസ് എന്നിവരാണു വാഹനം രൂപകല്പന ചെയ്തത്.

രോഗികള്‍ക്ക് അരികിലെത്തി കരസ്പര്‍ശമില്ലാതെ സ്രവം എടുത്ത് വേഗത്തില്‍ പരിശോധനയ്ക്ക് തിരുവനന്തപുരത്തേക്ക് അയക്കുന്നതിനായി സജീകരിച്ചിരിക്കുന്നതാണ് കൊവിഡ് റാപ്പിഡ് ടെസ്റ്റ് വാഹനം. ഒരു ഡോക്ടര്‍, രണ്ടു നഴ്‌സുമാര്‍, ഡ്രൈവറുമാണു വാഹനത്തിലുണ്ടാകുക. കേരളത്തിലാദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തിയത്. ജില്ലാ ഭരണകൂടവും എന്‍എംആര്‍ ഫൗണ്ടേഷന്റേയും നേതൃത്വത്തിലാണ് റാപ്പിഡ് ടെസ്റ്റ് വാഹനത്തിന്റെ നിര്‍മാണം.

ഓരോ സ്ഥലങ്ങളിലും കൊവിഡ് കെയര്‍ സെന്ററുകളിലും എത്തി സാമ്പിളുകള്‍ പരിശോധിക്കും. രോഗം ബാധിച്ച വ്യക്തികള്‍ സ്രവ പരിശോധനയ്ക്കായി പോകുമ്പോഴുണ്ടാകാവുന്ന രോഗവ്യാപനം ഒഴിവാക്കാനും ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയും ഉറപ്പാക്കാനും കുറഞ്ഞ സമയത്തില്‍ അധികം സാമ്പിളുകള്‍ ശേഖരിക്കുന്നതിലൂടെ പരിശോധനയുടെ എണ്ണം കൂട്ടുവാനും ഇവയിലൂടെ സാധിക്കും. പ്രത്യേകമായി പ്രവര്‍ത്തിക്കുന്ന ശുചിത്വ ക്യാബിനും, ഓട്ടോമാറ്റിക് അണുനാശിനി സംവിധാനവും ഉള്ളതിനാല്‍ സ്രവം ശേഖരിക്കുന്നവരില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത കുറവാണ്. ഒരു വ്യക്തി സ്രവം നല്‍കി പുറത്തിറങ്ങിയാല്‍ 15 മിനിട്ടിനുള്ളില്‍ അണുനശീകരണം പൂര്‍ത്തിയാക്കും.

റാപ്പിഡ് ടെസ്റ്റ് വാഹനത്തിന്റെ താക്കോല്‍ എന്‍എംആര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍.എം രാജു കൈമാറി. ഇരവിപേരൂര്‍ ഒ ഇ എം പബ്ലിക് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി റാപ്പിഡ് ടെസ്റ്റ് ആംബുലന്‍സ് വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു.

Story Highlights:Kerala’s first Rapid Test Vehicle from Pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top