ഓസ്കർ പുരസ്കാര ദാനം നീട്ടി

oscar award 2020 postponed

93-ാം  ഓസ്കർ പുരസ്കാര ദാനം നീട്ടി. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് പുരസ്കാര ദാനം ആറ് ആഴ്ചത്തേക്ക് നീട്ടിയത്. 2021 ഫെബ്രുവരി 28ന് തീരുമാനിച്ചിരുന്ന ചടങ്ങ് മാർച്ച് 25ലേക്കാണ് മാറ്റിയത്. സിനിമകൾ ഓസ്കറിനു സമർപ്പിക്കേണ്ട അവസാന‌ തിയതിയും നീട്ടി. 2020 ഡിസംബർ 31നു നിശ്ചയിച്ചിരുന്ന അവസാന തിയതി 2021 ഫെബ്രുവരി 28ലേക്കാണ് നീട്ടിയത്.

കൊറോണ ബാധയെ തുടർന്ന് ലോക വ്യാപകമായി സിനിമാ റിലീസ് മുടങ്ങിയിരുന്നു. ഈ സമയത്ത് റിലീസ് ചെയ്യാനിരുന്ന സിനിമകളുടെ റിലീസ് തിയതിയും നീട്ടിവച്ചിരുന്നു. ഇതാണ് പുരസ്കാര ദാനം നീട്ടി വെക്കാനുള്ള കാരണം. വെർച്വൽ ചടങ്ങാണോ താരങ്ങളെയൊക്കെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പരമ്പരാഗത ചടങ്ങാണോ എന്നത് തീരുമാനമായിട്ടില്ല. തീയറ്റർ റിലീസ് ഇല്ലാതെ ഒടിടി റിലീസ് ചെയ്യുന്ന സിനിമകളും ഇത്തവണ അവാർഡിലേക്ക് സമർപ്പിക്കാം.

മുൻപും പുരസ്കാര ദാന ചടങ്ങ് നീട്ടി വച്ചിട്ടുണ്ട്. 1938ലെ ലോസ് ആഞ്ചലസ് പ്രളയം, 1968ലെ മാർട്ടിൻ ലൂതർ കിംഗ് കൊലപാതകം, 81ലെ റൊണാൾഡ് റീഗൻ വെടിവെപ്പ് എന്നീ അവസരങ്ങളിൽ പുരസ്കാര ദാനം നീട്ടിവച്ചിരുന്നു. എന്നാൽ, ആദ്യമായാണ് ഒരാഴ്ചക്ക് മുകളിൽ ചടങ്ങ് നീട്ടുന്നത്.

Read Also : ഓസ്‌ക്കർ നേടിയ പാരസൈറ്റിന് വിജയ് ചിത്രവുമായി സാമ്യം കണ്ടുപിടിച്ച് നെറ്റിസൺസ്

ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു കഴിഞ്ഞ കൊല്ലത്തെ ഓസ്കർ. 92 വർഷത്തെ ഓസ്കർ ചരിത്രത്തിലാദ്യമായി ഒരു ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയിരുന്നു. ദക്ഷിണ കൊറിയൻ ചിത്രം പാരസൈറ്റ് മികച്ച ചിത്രം എന്നതിനൊപ്പം മറ്റ് മൂന്നു പുരസ്കാരങ്ങൾ കൂടി കരസ്ഥമാക്കി. മികച്ച രാജ്യാന്തര ചിത്രം, മികച്ച തിരക്കഥ, മികച്ച സംവിധാനം എന്നീ പുരസ്കാരങ്ങളാണ് മികച്ച ചിത്രത്തോടൊപ്പം പാരസൈറ്റ് സ്വന്തമാക്കിയത്.

വാക്വിൻ ഫീനിക്സ് (ജോക്കർ) മികച്ച നടൻ, റെനെ സെൽവഗർ (ജൂഡി) മികച്ച നടി, ബ്രാഡ് പിറ്റ് (വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്) മികച്ച സഹനടൻ, ലോറ ഡേൺ (മാരേജ് സ്റ്റോറി) മികച്ച സഹനടി തുടങ്ങിയവയാണ് മറ്റു പുരസ്കാരങ്ങൾ. 1917ന് മികച്ച ഛായാഗ്രാഹണം (റോജർ ഡീകിൻസ്), വിഷ്വൽ എഫക്ട്‌സ്, സൗണ്ട് മിക്‌സിംഗ് എന്നീ മൂന്ന് പുരസ്കാരങ്ങൾ ലഭിച്ചു.

Story Highlights- Oscar award 2020 postponed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top