പി എം കെയേഴ്സ് ഓഡിറ്റിംഗ്; നിയോഗം 1.59 കോടി രൂപ സംഭാവന നൽകിയ കമ്പനിക്ക്

പി എം കെയേഴ്സിലേക്ക് 1.59 കോടി രൂപ സംഭാവന നൽകിയ കമ്പനിയെ തന്നെ ഫണ്ട് ഓഡിറ്റിംഗിനു നിയോഗിച്ചു എന്ന് റിപ്പോർട്ട്. ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘സാർക് ആൻഡ് അസോസിയേറ്റ്സി’നെയാണ് സ്വതന്ത്ര ഓഡിറ്റർമാരായി നിയമിച്ചിരിക്കുന്നത്. ഇന്‍ഡോ യൂറോപ്യന്‍ ബിസിനസ് ഫോറമിന്റെ നേതാവ് സുനിൽകുമാർ ​ഗുപ്തയാണ് കമ്പനിയുടെ സ്ഥാപക ചെയർമാൻ.

പി എം കെയേഴ്സിന്റെ വിവരങ്ങൾ വ്യക്തമാക്കാനാവില്ലെന്ന് വിവരാവകാശ നിയമപ്രകാരം അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. ഇത് ചോദ്യം ചെയ്‌ത് സമർപ്പിക്കപ്പെട്ട ഹർജിയില്‍ നിലപാട് അറിയിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിനോട്‌‌ ഡൽഹി ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് ഓഡിറ്റ് ചെയ്യാൻ സ്വതന്ത്ര ഓഡിറ്റർമാരെ നിയമിച്ചത്. മൂന്നു വർഷത്തേക്കാണ് കരാർ. എല്ലാ സാമ്പത്തിക വർഷത്തിന്റെ അവസാനവും പി എം കെയേഴ്സ് ഇവർ ഓഡിറ്റ് ചെയ്യും.

1948 മുതല്‍ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട് (പിഎംഎന്‍ആര്‍എഫ്) നിലവിലുണ്ടെന്നിരിക്കെ പ്രധാനമന്ത്രി ഇത്തരം ഒരു നടപടിയുമായി മുന്നോട്ടു വന്നത് ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ഇതിനു പിന്നിൽ വലിയ അഴിമതി ഉണ്ടെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

നികുതിഹിത സംഭാവനകൾ സ്വീകരിക്കുന്നതു കൊണ്ട് തന്നെ ഫണ്ടിലേക്ക് പ്രമുഖ വ്യവസായ ഗ്രൂപ്പുകളില്‍ നിന്നും സിനിമാതാരങ്ങളില്‍ നിന്നും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും വന്‍ തുക സംഭാവനയായി ലഭിച്ചിട്ടുണ്ട്.

Story highlight: PM Careers Auditing; The company that contributed Rs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top