നിയന്ത്രണങ്ങള്‍ പിന്തുടര്‍ന്ന് ആരോഗ്യ സന്ദേശപ്രചാരകരാകണം: മുഖ്യമന്ത്രി

ജനങ്ങള്‍ നിയന്ത്രണങ്ങള്‍ സ്വയം പിന്തുടരുകയും മറ്റുള്ളവരെ രോഗനിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത് ആരോഗ്യ സന്ദേശ പ്രചാരകരായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നമ്മുടെ ഇതുവരെയുള്ള ഇടപെടലുകള്‍ ഫലപ്രദമായതിന് പ്രധാനമായി മൂന്ന് കാരണങ്ങളാണുള്ളത്. ഒന്നാമത്തേത്, ശാരീരിക അകലം പാലിക്കുന്നതും മാസ്‌ക്കും ശീലമാക്കിയതു തന്നെയാണ്. രണ്ടാമത്തേത്, സമ്പര്‍ക്കവിലക്ക് ശാസ്ത്രീയമായി നടപ്പാക്കിയത്. മൂന്നാമതായി, റിവേഴ്‌സ് ക്വാറന്റീന്‍. തുടര്‍ന്നും ഇവ മൂന്നും പഴുതുകളില്ലാതെ നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ രോഗബാധയെ പിടിച്ചുനിര്‍ത്താന്‍ കഴിയുകയുള്ളു എ്ന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രോഗ ചികിത്സക്കായി കൊവിഡ് രോഗികളെ ചികിത്സിക്കുന്ന പ്രത്യേക ആശുപത്രികള്‍ക്ക് പുറമേ ഗുരുതരമായ രോഗമില്ലാത്തവരെ ചികിത്സിക്കാന്‍ കൊവിഡ് ഒന്നാം തല ചികിത്സാ കേന്ദ്രങ്ങള്‍ രണ്ടെണ്ണം വീതം (കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍) എല്ലാം ജില്ലകളിലും സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. കൊവിഡ് ഇതര രോഗികളുടെ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും കൊവിഡ് ഇതര രോഗികളുടെ ചികിത്സ പുനരാരംഭിക്കുകയാണ്. കൊവിഡിന്റെ സാമൂഹ്യ വ്യാപനം സംഭവിച്ചിട്ടുണ്ടോ എന്നറിയുന്നതിനുള്ള ആന്റി ബോഡി ടെസ്റ്റ് പുരോഗമിച്ചു വരികയാണ്.
സ്വകാര്യ ലാബറട്ടറികളിലെ ആര്‍ടി പിസിആര്‍ ടെസ്റ്റുകളുടെ ചെലവ് മറ്റു ചില സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും സര്‍ക്കാര്‍ നിശ്ചയിച്ച് നിയന്ത്രിക്കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐസിഎംആര്‍ അനുമതി ലഭ്യമായതും 30 മിനിട്ടിനുള്ളില്‍ റിസള്‍ട്ട് കിട്ടുന്നതുമായ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ കേരളത്തിലും ഉപയോഗിച്ച് തുടങ്ങണമെന്ന വിദ്ഗ്ധസമിതി ശുപാര്‍ശയും സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, covid19 , follow regulations and be Health messengers : CM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here