പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതിയില്‍ അംഗങ്ങളാകാം

കേരളത്തിലെ പത്ര-ദൃശ്യ-ഡിജിറ്റല്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും പത്ര ഏജന്റുമാര്‍ക്കും വിതരണക്കാര്‍ക്കും മറ്റ് ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത തൊഴിലാളികള്‍ക്കും കേരള സംസ്ഥാന അസംഘടിത ത്തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയില്‍ അംഗങ്ങളാകാം. പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാം. അംഗങ്ങള്‍ക്ക് കേരള അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡ് മുഖാന്തരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.
അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഒരു വര്‍ഷമെങ്കിലും അംഗത്വമുള്ളവര്‍ക്ക് 60 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് അവരുടെ അംഗത്വകാലയളവിന് ആനുപാതികമായി റിട്ടയര്‍മെന്റ് ആനുകൂല്യം അനുവദിക്കും. ഒരു വര്‍ഷം തുടര്‍ച്ചയായി അംശദായം അടച്ച വനിത അംഗത്തിന് പ്രസവ ധനസഹായമായി 15,000 രൂപ വരെ ലഭിക്കും. ഒരു വര്‍ഷം തുടര്‍ച്ചയായി അംശദായം അടച്ച അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്‍മക്കള്‍ക്കും പദ്ധതിയിലെ വനിതാ അംഗങ്ങള്‍ക്കും വിവാഹ ധനസഹായമായി 10,000 രൂപ ലഭിക്കും.
പദ്ധതിയില്‍ അംഗമായിരിക്കെ 60 വയസ് പൂര്‍ത്തിയാക്കി വിരമിക്കുന്ന ആള്‍ക്ക് ഇന്ദിരാഗാന്ധി നാഷണല്‍ ഓള്‍ഡ് ഏജ് പെന്‍ഷന്‍ സ്‌കീം പ്രകാരം അതത് കാലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ പെന്‍ഷന്‍ ലഭിക്കും. പദ്ധതിയില്‍ കുറഞ്ഞത് 10 വര്‍ഷം അംശദായം അടച്ച് പെന്‍ഷന് അര്‍ഹതയുള്ള അംഗം മരണമടഞ്ഞാല്‍ അയാളുടെ കുടുംബത്തിന് കുടുംബ പെന്‍ഷനായി പ്രതിമാസം 300 രൂപ ലഭിക്കും. പദ്ധതിയില്‍ കുറഞ്ഞത് 5 വര്‍ഷം തുടര്‍ച്ചയായി അംശദായം ഒടുക്കുകയും അപകടം മൂലം സ്ഥിരവും പൂര്‍ണ്ണവുമായ ശാരീരിക അവശത അനുഭവിക്കുകയും ചെയ്യുന്ന അംഗത്തിന് അവശതാ പെന്‍ഷനായി പ്രതിമാസം 1200 രൂപ നല്‍കും. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.
പദ്ധതിയംഗങ്ങളുടെ മക്കള്‍ക്ക് വിവിധ കോഴ്സുകള്‍ക്ക് 750 രൂപ മുതല്‍ 2500 രൂപ വരെ വിദ്യാഭ്യാസാനുകൂല്യമായി പ്രതിവര്‍ഷം നല്‍കിവരുന്നു. നിലവില്‍ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളിലോ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള ആശുപത്രികളിലോ ഇന്‍ പേഷ്യന്റ് ആയുള്ള ചികിത്സയ്ക്ക് അംഗത്വ കാലയളവിനുള്ളില്‍ പരമാവധി 10,000 രൂപ ചികിത്സാ ധനസഹായമായി നല്‍കുന്നുണ്ട്. പദ്ധതിയംഗങ്ങള്‍ക്ക് മരണാനന്തര ആനുകൂല്യവും അപകട ആനുകൂല്യവും ലഭിക്കുന്നതിന് മുഴുവന്‍ പദ്ധതി അംഗങ്ങളെയും സൗജന്യമായി പ്രധാന്‍മന്ത്രി ജീവന്‍ജ്യോതി ഭീമായോജന പദ്ധതിയില്‍ അംഗങ്ങളാക്കിയിട്ടുണ്ട്. പദ്ധതി അംഗം മരണടഞ്ഞാല്‍ മരണാനന്തര ചെലവുകള്‍ക്കായി 1000 രൂപ നിധിയില്‍ നിന്നും ആശ്രിതന് ലഭിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. 10 വര്‍ഷത്തില്‍ കൂടുതല്‍ അംശദായം അടച്ച അംഗങ്ങള്‍ക്ക് വിവാഹം, വീട് നിര്‍മാണം, സ്വയം തൊഴില്‍ ചെയ്യല്‍ എന്നീ ആവശ്യങ്ങള്‍ക്കായി 3 വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കത്തക്ക വിധത്തില്‍ പലിശരഹിത വായ്പയും അനുവദിക്കും. ഫോണ്‍ : 0495 2378480
Story Highlights: Local Journalists can members of Social Security Scheme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here