Advertisement

നിധിൻ ചന്ദ്രൻ, ഹൃദയത്തിനുള്ളിൽ ഇപ്പോഴും നിന്റെ ചിരിയാണ്

June 20, 2020
Google News 1 minute Read
Nithin chandran

സൂര്യ തെക്കയിൽ/ ഓർമക്കുറിപ്പ്

എഴുത്തുകാരിയാണ് ലേഖിക

ഈ നാടിന്റെ ഏറെ പ്രിയപ്പെട്ട കൂട്ടുകാരൻ, നിധിൻ ചന്ദ്രൻ എന്ന ഞങ്ങളുടെ നിധി യാത്രപറയാതെ പോയിട്ട് കുറച്ചു ദിവസങ്ങൾ മാത്രം. എത്ര പറഞ്ഞിട്ടും അവൻ ഇല്ല എന്ന സത്യം ഉൾക്കൊള്ളാൻ ഈ നാടിനോ അവന്റെ പ്രിയപ്പെട്ടവർക്കോ ഈ എനിക്കോ കഴിഞ്ഞിട്ടില്ല, ഇനിയൊട്ടു കഴിയുകയും ഇല്ല എന്ന് ഉറപ്പാണ്. അത്രമാത്രം അവൻ ഞങ്ങളുടെ മനസിൽ ഇടം നേടിയിട്ടുണ്ടായിരുന്നു. വാക്കുകൾ കൊണ്ട് അളന്ന് മുറിച്ചിടാൻ കഴിയാത്ത അത്രയും അവൻ ഓരോരുത്തരേയും സ്‌നേഹിച്ചിട്ടുണ്ടായിരുന്നു. സങ്കടങ്ങളുടെ തീച്ചൂളയിൽ വെന്തുരുകുന്നവരെ ചേർത്തുപിടിക്കാൻ അവന് അധികസമയം വേണ്ടി വന്നിരുന്നില്ല. എല്ലാ പ്രശ്‌നങ്ങളേയും ചങ്കുറപ്പോടെ നേരിടുമ്പോഴും അവന്റെ ചുണ്ടിലെ മായാത്ത ആ ചിരി ഈ നാട്ടിലെ ഓരോരുത്തരേയും കരയിപ്പിക്കുകയാണ്.

This image has an empty alt attribute; its file name is untitled-2020-06-20T115220.039.jpg

എന്തുകൊണ്ടോ അവനൊത്തിരി ഇഷ്ട്ടമുള്ള ഒരിടം തന്നെയായിരുന്നു ദുബായ്. അവിടെയിരുന്നുകൊണ്ട് ഈ നാട്ടിലെ ഓരോ പ്രശ്‌നങ്ങളെയും നേരിടാനും സാന്ത്വനിപ്പിക്കാനും അവൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അവന്റെ അവസാന നിമിഷങ്ങളിൽ പോലും മറ്റുള്ളവർക്കു വേണ്ടി ജീവിച്ചു. ബ്ലഡ് ഡൊണേഷനും ചാരിറ്റിയും നെഞ്ചിലേറ്റി ഓടി നടന്നവൻ മറ്റൊരു രാജ്യത്ത് ഇരുന്നുകൊണ്ടും ആ മണ്ണിലും തന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു നടന്നു.

ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ബിഡികെ എന്ന ഗ്രൂപ്പിൽ നിന്നാണ് നിധിനെ ഞാൻ അറിഞ്ഞു തുടങ്ങിയത്. ഇടിച്ചു കയറി നിർത്താതെ സംസാരിക്കുന്നവൻ, പെട്ടന്ന് പിണങ്ങുന്നവൻ, അതിലും പെട്ടന്ന് ഇണങ്ങുന്നവൻ വേദനയോടെ ഒത്തിരി വിശേഷിപ്പിക്കാനുണ്ട് അവനെ പ്രവാസ ലോകത്തിലേക്ക് ആദ്യമായി വിമാനം കയറി പോവുമ്പോൾ ആകെ സങ്കടത്തിൽ ആയിരുന്നു എന്ന് അവൻ ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു. ബ്ലഡ് ഡൊണേഷനും ചാരിറ്റിയും അവന്റെ ഹൃദയത്തിൽ അത്രയും ആഴത്തിൽ പതിഞ്ഞിരുന്നു. അവയെയൊക്കെ പകുതിയിൽവച്ചു നിർത്തിപോകാൻ അവൻ ഏറെ പ്രയാസപ്പെട്ടു. അതു വല്ലാതെ വേദനിപ്പിച്ചിരുന്നു എന്നും പറയുമായിരുന്നു. അവിടെ നിന്നാണ് രതീഷ് അയ്യപ്പൻ എന്ന തൃശൂർക്കാരനെ നിധിൻ പരിചയപ്പെടുന്നത്. അങ്ങനെ അദ്ദേഹം വഴി ബ്ലഡ് ഡൊണേഷനും ചാരിറ്റിയും അവന്റെ തോൾ ചേർന്നു നടന്നു. നിധിന് രതീഷ് ഒരു സുഹൃത്ത് മാത്രമായിരുന്നില്ല ഒരു ജേഷ്ഠനും കൂടി ആയിരുന്നു എന്നും പറയുമായിരുന്നു. നിധിൻ ഞങ്ങളെ വിട്ടുപോയെന്ന വാർത്തയറിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു. അയാളുടെ ഓരോ വാക്കുകളും എന്റെ നെഞ്ചിലെ സങ്കടം ഇരട്ടിപ്പിച്ചുകൊണ്ടിരുന്നു. ഏതോ ഒരു നാട്ടിൽ നിന്ന് ആ ഫോണിൽ അയാളുടെ വേദന എത്രത്തോളം ആണെന്നുള്ളത് ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞു. ദുബായിൽ ബിഡികെയുടെ ഗ്രൂപ്പുകളിലും പ്രവർത്തനങ്ങളിലും നിധിൻ സജീവമായിരുന്നു. അതുകൊണ്ടു തന്നെ അവിടെ ഉള്ളവരുടെ മനസിലും അവൻ അത്രത്തോളം സ്ഥാനം പിടിച്ചിരുന്നു. അവന്റെ വേർപാട് താങ്ങാവുന്നതിലും അപ്പുറമാണെന്നു ഗിഫ്റ്റ് ഓഫ് ഹാർട്ട് എന്ന ബ്ലഡ് ഡൊണേഷൻ സംഘടനയുടെ സെക്രട്ടറിയും, അടുത്ത സുഹൃത്തുമായ പ്രജീഷ് പാലാട്ടു പറഞ്ഞു. പോയ വർഷത്തിലെ ഈ നാടിനെ പിടിച്ചു കുലുക്കിയ നിപ്പയെന്ന മഹാമാരി നിറഞ്ഞാടിയ സമയം കോഴിക്കോട് ജില്ലയിലെ എല്ലാ ബ്ലഡ് ഡൊണേഷൻ സംഘടനകളേയും ഒരുമിച്ചു ഒരേ കീഴിൽ കൊണ്ട് വരാൻ മുന്നിൽ നിന്നത് നിധിൻ തന്നെയായിരുന്നു എന്നും അദ്ദേഹം ഓർക്കുന്നു.

നിപ്പക്ക് ശേഷം കൊവിഡ് നാട് മുഴുവൻ പിടിച്ചു കുലുക്കുമ്പോഴും സർക്കാർ ആശുപത്രികൾ അടക്കമുള്ളവരുടെ രക്ത ക്ഷാമം മാറുന്നതിന് രക്താവാഹിനി എന്ന എമെർജൻസി ടീമിന്റെ പിന്നിലും നിധിന്റെ പങ്ക് വളരെ വലുതായിരുന്നു. തന്റേതായ ആശയങ്ങളെ മുന്നോട്ടുവച്ചു നടക്കാൻ തുടങ്ങിയപ്പോൾ പ്രയാഗ് എന്ന കൂട്ടുകാരനും കൂടെ ഉണ്ടായിരുന്നു. യുകെയിൽ ബിഡികെയുടെ പ്രവർത്തങ്ങളിൽ പ്രയാഗിനൊപ്പം അവനും തോൾച്ചേർന്നു നടന്നു.

നിനക്ക് എന്നോട് ഇപ്പോഴും ദേഷ്യമാണോ…?

ഇപ്പോഴും ഉത്തരം കൊടുക്കാത്ത ആ ചോദ്യം എന്റെ ഇൻ ബോക്‌സിൽ ഇരുന്ന് എന്നെ തളർത്തുകയാണ്. അവന്റെ ചോദ്യങ്ങൾക്കുള്ള എന്റെ ഉത്തരം മൗനമായിരുന്നു. ചെറിയ പിണക്കം അത് അത്രത്തോളം ഉള്ളിൽ ഉണ്ടായിരുന്നില്ല. എന്നെ വശിപിടിപ്പിക്കുന്നതിൽ അവൻ വല്ലാതെ ഹാപ്പി ആയിരുന്നു എന്ന് എപ്പോഴും പറയും. പ്രിയപ്പെട്ട കൂട്ടുകാരൻ മാത്രമായിരുന്നില്ല അവൻ, മറ്റുള്ളവരുടെ ഹൃദയത്തിൽ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ അവന്റെ ചിരിക്കും അവന്റെ പ്രവർത്തനങ്ങൾക്കും കഴിഞ്ഞു. മറ്റൊരു രാജ്യത്ത് നിന്ന് അവൻ സംസാരിക്കുമ്പോൾ അവൻ തൊട്ടരികിൽ ഇരുന്നു സംസാരിക്കുന്നത് പോലെ തോന്നും, അല്ല അവനെപ്പോഴും തൊട്ടരികിൽ ഉണ്ടായിരുന്നു. എത്രപിണങ്ങിയാലും ഇപ്പോഴും അവൻ അരികിൽ ഉണ്ട്, അങ്ങനെ വിശ്വസിക്കുന്നു.

ഓരോ കാര്യങ്ങൾക്കും ഓടി നടക്കുമ്പോഴും അവനൊരിക്കലും അവനെ പറ്റി ഓർത്തിരുന്നില്ല. അവന്റെ ആരോഗ്യത്തെ പറ്റി ആശങ്കപ്പെട്ടില്ല. എല്ലാമായിരുന്നവൾ നാട്ടിലേക്ക് പോരുമ്പോഴും അവൾക്കൊപ്പം ചേർന്നിരിക്കാനുള്ള ഇരിപ്പിടവും പകുത്തു കൊടുത്ത് അവളെ യാത്രയാക്കി അവനാ പ്രവാസത്തിൽ തനിച്ചിരുന്നു. ഒടുവിൽ ഒരു ഓർമയായി നാട്ടിലെത്തുമ്പോഴും ഈയൊരവസ്ഥയിൽ നിന്നെയൊരു നോക്കു കാണുവാൻ കഴിയാതെ നിനക്കു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു ഞാനടക്കമുള്ളവർ. അവൾക്കും കുഞ്ഞിനും ഒപ്പം ഈ നാട് കൂടെയുണ്ട്. ചേർത്തുപിടിക്കുന്നുണ്ട് ഞങ്ങൾ. നിന്നോളമാവില്ലെന്ന് അറിയാം, നിന്നോളമാവാൻ നിനക്ക് മാത്രമേ കഴിയുകയുള്ളൂ.

ഒരു പിണക്കവും ഇല്ലായിരുന്നു എന്നു ഓടിവന്ന് പറയണമെന്ന് തോന്നിയ ആ പകലിനെ ഓർക്കാൻ കൂടി വയ്യ. ഒരിക്കൽ ഒരു സർപ്രൈസ് പോലെ ആതിരയേയും കൂട്ടി വരാമെന്ന് പറഞ്ഞിട്ടുണ്ട്, നിങ്ങളെ എപ്പോഴും വെറുപ്പിച്ചു കൊണ്ടിരിക്കാൻ ഒത്തിരി ഇഷ്ടമാണ് എന്നു പറഞ്ഞിട്ടുണ്ട്, കല്യാണത്തിന് പങ്കെടുക്കാത്തതിന് നിർത്താതെ ചീത്ത വിളിച്ചിട്ടുണ്ട്, പക്ഷേ നീയുണ്ട് എന്ന സത്യം അതായിരിക്കാം അന്നൊക്കെ ചിരിച്ചു തള്ളി കളഞ്ഞതും. നീയില്ല എന്ന സത്യത്തെ വിശ്വസിക്കുന്നില്ല. നീയുണ്ട് ഇവിടെ, നമ്മുടെ സൗഹൃദത്തിൽ, പിണങ്ങാൻ, ചീത്ത വിളിക്കാൻ നീയൊപ്പമുണ്ട് എന്നു വിശ്വസിക്കട്ടെ.

story highlights- memories, surya thekkayil, readers blog

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here