ലഡാക്കിൽ 20 സൈനികർ കൊല്ലപ്പെട്ട സംഭവം; പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് കമൽ ഹാസൻ

ചൈനീസ് സൈന്യവുമായി ലഡാക്കിൽ നടന്ന ഏറ്റുമുട്ടലിൽ 20 സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി ജനങ്ങളെ വൈകാരികമായി തെറ്റിദ്ധരിപ്പിക്കുന്നു എന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. സർവകക്ഷി യോഗത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യുകയാണെന്ന കേന്ദ്രസർക്കാരിൻ്റെ പ്രസ്താവനയെയും കമൽ ഹാസൻ വിമർശിച്ചു.
Read Also: അമ്പരപ്പിക്കുന്ന മേക്കോവറിൽ കമൽ ഹാസൻ ‘ഇന്ത്യൻ 2’വിൽ; ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്
“ഇത്തരം പ്രസ്താവനകളിലൂടെ സർക്കാർ ജനങ്ങളെ വൈകാരികമായി തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത് അവസാനിപ്പിക്കണമെന്നാണ് പ്രധാനമന്ത്രിയോടും അദ്ദേഹത്തിന്റെ അനുയായികളോടും അഭ്യർത്ഥിക്കാനുള്ളത്. ചോദ്യങ്ങൾ ഉന്നയിക്കുന്നവർ രാജ്യദ്രോഹികളാണെന്ന് പറയാൻ കഴിയില്ല. ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിൻ്റെ അടിസ്ഥാനം. സത്യം ലഭിക്കുന്നത് വരെ ചോദിക്കുക തന്നെ ചെയ്യും. സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത് വിദേശകാര്യമന്ത്രാലയവും കരസേനയും പറഞ്ഞതിനു വിപരീതമാണ്. രഹസ്യ സ്വഭാവമുള്ള ഇത്തരം വിഷയങ്ങളിൽ പോലും ജനങ്ങൾ വിവരങ്ങൾ അറിയണം.”- കമൽ ഹാസൻ പറഞ്ഞു.
സൈനികരുടെ ധീരത കൊണ്ട് ആ സമയത്ത് പുറത്തു നിന്നുള്ള ഒരാൾ പോലും ഇന്ത്യൻ അധീന പ്രദേശത്ത് ഇല്ലെന്നാണ് പ്രധാന്മന്ത്രി നിരീക്ഷിച്ചത്. 16 ബീഹാർ റെജിമെൻ്റിലെ സൈനികരുടെ ജീവത്യാഗം ചൈനയുടെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു.- കേന്ദ്രം ഇറക്കിയ വിശദീകരണ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യ-ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. സംഘർഷം ഉണ്ടായത് ഗാൽവൻ താഴ് വരയിൽവച്ചായിരുന്നെന്നും കരസേന പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് ലഡാക്കിൽ നടന്ന സംഘർഷത്തിന് പിന്നാലെ ചൈന തടഞ്ഞുവച്ചിരുന്ന ഇന്ത്യൻ സൈനികരെ വിട്ടയച്ചതായി റിപ്പോർട്ടുകൾ. ഒരു ലഫ്റ്റ്നന്റ് കേണലും മൂന്ന് മേജർമാരും അടക്കമുള്ളവരെ വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇന്ത്യൻ സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Story Highlights: kamal haasan against narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here