വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യസാധ്യത തള്ളാതെ മുസ്‌ലിം ലീഗ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യസാധ്യത തള്ളാതെ മുസ്‌ലിം ലീഗ്. സഹകരിക്കാന്‍ തയാറുള്ളവരുമായി സഖ്യമാകാമെന്ന നിലപാട് ആണ് ലീഗിനുള്ളതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം പാടില്ല എന്ന യൂത്ത് ലീഗിന്റെ നിലപാട് നിലനില്‍ക്കെയാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റ പുതിയ പ്രസ്താവന. ഇത് ലീഗിനുളളില്‍ പുതിയ തലവേദന സൃഷ്ട്ടിക്കും.
കഴിഞ്ഞ ദിവസം നടന്ന യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ പ്രസ്താവനകളെ പൂര്‍ണമായും തള്ളിയാണ് ലീഗ് നേതൃത്വം രംഗത്ത് എത്തിയത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം ഉണ്ടാക്കില്ലെന്നും അത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട് ആണെന്നുമായിരുന്നു യൂത്ത് ലീഗിന്റെ പ്രതികരണം. ഇത് നിഷേധിച്ച മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് സഖ്യ സാധ്യതകള്‍ തുറന്ന് സമ്മതിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണം മുസ്ലിം ലീഗിന്റെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ വെല്‍ഫയര്‍ പാര്‍ട്ടി സിപിഐഎമ്മുമായി സഹകരിച്ചിട്ടുണ്ട് .സിപിഐഎം മായി സഹകരിക്കുമ്പോള്‍ മതേതര പാര്‍ട്ടിയും, അല്ലാത്തപ്പോള്‍ വര്‍ഗീയ പാര്‍ട്ടിയുമായി മാറുന്നതെങ്ങനെ എന്നു മനസിലാകുന്നില്ലെന്നും കെപിഎ മജീദ് പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യ ചര്‍ചകളും വിവാദങ്ങളും ലീഗിന് അകത്ത് പുതിയ തലവേദന സൃഷ്ടിക്കുകയാണ്.
Story Highlights: Muslim League alliance with Welfare Party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here