Advertisement

സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുക എന്നുള്ളത് പ്രതിപക്ഷ ധർമമെന്ന് പ്രതിപക്ഷ നേതാവ്

June 21, 2020
Google News 2 minutes Read

സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുക എന്നുള്ളത് പ്രതിപക്ഷ ധർമമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏതുകാര്യത്തിലാണ് പ്രതിപക്ഷം തുരങ്കംവച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരാഞ്ഞു. കഴിഞ്ഞ ദിവസം കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ യുഡിഎഫ് പൂർണ സഹകരണം പുലർത്തുന്നുണ്ട്. ബംഗാളിൽ സിപിഎം സ്വീകരിക്കുന്ന സമീപനം കേരളത്തിൽ കോൺഗ്രസ് സർക്കാറിനോട് സ്വീകരിച്ചിട്ടില്ലെന്നും അഖിലേന്ത്യ സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി നടത്തുന്ന പ്രസ്താവനകളുടെ പകുതി പോലും കേരളത്തിൽ പ്രതിപക്ഷം നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാറിനോട് യോജിച്ചു തന്നെയാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. പ്രളയമുണ്ടായപ്പോൾ പ്രളയ ബാധിത പ്രദേശങ്ങളിൽ പ്രദേശങ്ങളിൽ പ്രതിപക്ഷ നേതാവ് പോയിരുന്നു. ജനങ്ങളെ പരമാവധി ഒരുമിച്ചു നിർത്താൻ ശ്രമിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

താഴേത്തട്ടുമുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നുണ്ടെന്നും പ്രതിപക്ഷനേതാവിന്റെ ഓഫീസിൽ ഇപ്പോഴും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ, യോജിച്ച പ്രവർത്തനത്തിലൂടെ കൈവരിക്കുന്ന ആശ്വാസനടപടികളെ മുഴുവൻ സർക്കാരിന്റേതാണ് എന്നുവരുത്തിത്തീർക്കാനുള്ള ബോധപൂർവമായ നീക്കം സർക്കാർ ഏജൻസികളുടെ സഹായത്തോടെ മുഖ്യമന്ത്രി ചെയ്യുന്നുണ്ടെന്നും പ്രളയഫണ്ട് കൈയിട്ടു വാരിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതുപോലെതന്നെ സഹകരിക്കാൻ തയാറായ സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഭിന്നിപ്പിക്കൽ തന്ത്രമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കൊവിഡ് കാലത്ത് പ്രവാസികൾ അവിടെക്കിടന്ന് മരിക്കട്ടെ എന്ന നയമാണ് സർക്കാരിന്. പ്രതിപക്ഷ സംഘടനകളാണ് പ്രവാസികളെ സഹായിച്ചത്. ‘ഇന്ത്യൻ പാർലമെന്റിലെ ഏറ്റവും നല്ല എംപിമാരിൽ ഒരാളായ എൻകെ പ്രേമചന്ദ്രനെ മുഖ്യമന്ത്രി പരനാറിയെന്നാണ് അദ്ദേഹത്തെ വിളിച്ചാക്ഷേപിച്ചത്. ടിപി വധം നടന്ന് അതിന്റെ ചൂടുമാറുംമുമ്പ് കുലംകുത്തിയെന്ന് വിളിച്ചു. അത് തിരുത്തിയിട്ടില്ല. ചെറ്റ, ചെറ്റത്തരം എന്നീ വാക്കുകൾ നിരന്തരം ഉപയോഗിക്കുന്നത് കേട്ട് കേരളം ലജ്ജിച്ച് തലതാഴ്ത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എന്നാൽ, മുഖ്യമന്ത്രി ആ പദങ്ങൾ പിൻവലിച്ചിട്ടില്ല. മുല്ലപ്പള്ളിയുടെ പിതാവിനെ എത്ര മോശമായ പദപ്രയോഗമാണ് മുഖ്യമന്ത്രി നടത്തിയത്. അങ്ങയുടെ മന്ത്രിസഭയിലെ മന്ത്രിമാർ സ്ത്രീകളെ പൂതനയെന്നും പറയാൻ സാധിക്കാത്ത വാക്കുകൾ ഉപയോഗിച്ചപ്പോഴും മുഖ്യമന്ത്രി മൗനം പാലിച്ചു. എൽഡിഎഫ് കൺവീനർ രമ്യഹരിദാസിനെ അധിക്ഷേപിച്ചു. സ്ത്രീകളെ സംബന്ധിച്ചുള്ള അങ്ങയുടെ മന്ത്രിമാരുടെ പദസമ്പത്തുകൾ കേരളം ധാരാളം കേട്ടിട്ടുള്ളതാണ്. കായംകുളം എംഎൽഎ മാധ്യമപ്രവർത്തകരെ കുറിച്ച് നടത്തിയ പരാമർശത്തെ കുറിച്ച് ചോദിച്ചപ്പോൾ അത് അറിഞ്ഞില്ലെന്നാണ് പറഞ്ഞത്. വനിതാകമ്മിഷൻ ചെയർമാൻ പാർട്ടിയെ കുറിച്ച് നടത്തിയ പരാമർശവും അറിഞ്ഞില്ലെന്ന് പറഞ്ഞതാമും പ്രതിപക്ഷ നേതാവ് ആരോപിച്ചു.  മുല്ലപ്പളളിയെ ഒറ്റതിരിഞ്ഞ് അപമാനിക്കാനും അധിക്ഷേപിക്കാനും കേരളത്തിലെ കോൺഗ്രസുകാർ അനുവദിക്കില്ലെന്നും മുല്ലപ്പള്ളിയുടെ പിതാവിനെ സോഷ്യൽ മീഡിയയിൽ അപമാനിക്കാൻ ശ്രമിക്കുന്ന സൈബർ സഖാക്കളെ നിയന്ത്രിക്കാൻ പോലും പാർട്ടി നേതൃത്വം തയാറാവുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Story highlight: Point out that the fall of the government, the opposition leader ramesh chennithala

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here