കടുത്ത നിയന്ത്രണങ്ങളോടെ ഇന്ന് പുരി രഥയാത്രയ്ക്ക് തുടക്കം

puri rath yathra

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ ഇന്ന് പുരിയിലെ രഥയാത്രയ്ക്ക് തുടക്കമിടും. രഥയാത്രയ്ക്കുള്ള വിലക്ക് സുപ്രിംകോടതി നീക്കിയതോടെ ക്ഷേത്ര നഗരത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കങ്ങൾ നടത്തി.

ബുധനാഴ്ച രണ്ട് വരെ പുരി ജില്ലയിൽ സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചു. കൊവിഡ് നെഗറ്റീവ് ആയ തെരഞ്ഞെടുത്ത ആൾക്കാരെ മാത്രമാകും രഥയാത്രയിൽ അനുവദിക്കുക. പൊതുജനങ്ങൾക്ക് പ്രവേശനമില്ല. പുരിയിലേക്ക് യാത്ര ചെയ്യരുതെന്ന് ജനങ്ങളോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഒൻപത് ദിവസത്തെ ഉത്സവത്തിനിടെ ഇന്നും ജൂലൈ ഒന്നിനുമാണ് രഥയാത്ര. വിശ്വാസികൾക്കായി തത്സമയ സംപ്രേഷണമുണ്ടാകും.

കഴിഞ്ഞ ദിവസമാണ് പുരി രഥയാത്രയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് സുപ്രിംകോടതി പിൻവലിച്ചത്. രഥയാത്ര നടത്തുന്നതിൽ സംസ്ഥാന സർക്കാരിനും ക്ഷേത്രം സമിതിക്കും തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പൊതുജനാരോഗ്യത്തിൽ വിട്ടുവീഴ്ചയില്ല. രോഗവ്യാപനമുണ്ടായാൽ രഥയാത്ര നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാരിന് സ്വാതന്ത്ര്യമുണ്ടെന്നും കൂട്ടിച്ചേർത്തു.

Read Also: പുരി രഥയാത്ര നിയന്ത്രണങ്ങളോടെ നടത്താമെന്ന് കേന്ദ്രവും ഒഡീഷയും സുപ്രിംകോടതിയിൽ

പുരി രഥോത്സവം വിലക്കിയ ഉത്തരവ് പിൻവലിക്കണമെന്ന ക്ഷേത്രം മുഖ്യ നടത്തിപ്പുകാരന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച്. നിയന്ത്രണങ്ങളോടെ രഥയാത്രയാകാമെന്ന് കേന്ദ്രസർക്കാരും ഒഡിഷ സർക്കാരും കോടതിയെ അറിയിച്ചു. രഥയാത്ര വിലക്കിയ ഉത്തരവ് പിൻവലിക്കുകയാണെന്ന് കോടതി അറിയിച്ചു.

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം ആചാരങ്ങൾ നടത്താം. പക്ഷേ, രോഗ വ്യാപനമുണ്ടായാൽ ഗുരുതര സാഹചര്യമുണ്ടാകും. ഒട്ടേറെ പേർ എത്തുന്ന ചടങ്ങാണ്. ഓരോരുത്തരെയായി കണ്ടുപിടിക്കുന്നത് ദുഷ്‌കരമാണെന്നും കോടതി പറഞ്ഞു. രഥയാത്ര 10-12 ദിവസം നീണ്ടുനിൽക്കുന്നതാണെന്നും അതിനിടയിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചാൽ രഥയാത്ര നിർത്തി വയ്ക്കേണ്ടതാണെന്നും ഹർജിക്കാരായ ഒഡിഷ വികാസ് പരിഷത്ത് ആവശ്യപ്പെട്ടു. രഥയാത്ര ദിവസം പുരി ജഗന്നാഥൻ ഇറങ്ങിയില്ലെങ്കിൽ 12 വർഷത്തേക്ക് ഇറങ്ങില്ലെന്നാണ് വിശ്വാസമെന്നും കേന്ദ്രം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top