പുരി രഥയാത്ര നിയന്ത്രണങ്ങളോടെ നടത്താമെന്ന് കേന്ദ്രവും ഒഡീഷയും സുപ്രിംകോടതിയിൽ

പുരി രഥയാത്ര നിയന്ത്രണങ്ങളോടെ നടത്താമെന്ന് കേന്ദ്രസർക്കാരും ഒഡീഷ സർക്കാരും സുപ്രിംകോടതിയിൽ. കൊവിഡ് നെഗറ്റീവ് ആയ പൂജാരിമാരും നടത്തിപ്പുകാരും മാത്രം അകമ്പടി സേവിക്കുമെന്നും ഭക്തർക്ക് തത്സമയ സംപ്രേഷണം ഏർപ്പെടുത്താമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

രഥയാത്ര ദിവസം പുരി ജഗന്നാഥൻ ഇറങ്ങിയില്ലെങ്കിൽ 12 വർഷത്തേക്ക് ഇറങ്ങില്ലെന്നാണ് വിശ്വാസമെന്നും കേന്ദ്രം വ്യക്തമാക്കി. പുരിയിലെ രഥയാത്ര മാത്രം നിയന്ത്രണങ്ങളോടെ ആകാമെന്നും സംസ്ഥാനത്ത് നടക്കാൻ പോകുന്ന മറ്റ് നൂറ് കണക്കിന് രഥയാത്രകളിലാണ് പ്രധാന ആശങ്കയെന്നും ഒഡീഷ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

Read Also: ഉത്തർപ്രദേശിൽ സർക്കാർ അഭയകേന്ദ്രത്തിലെ 57 പെൺകുട്ടികൾക്ക് കൊവിഡ്; അഞ്ച് പേർ ഗർഭിണികൾ

രാവിലെ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടതെങ്കിലും ഉച്ചയ്ക്ക് ശേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കാൻ തീരുമാനിച്ചു. നാഗ്പൂരിലെ വീട്ടിലിരുന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വാദം കേൾക്കുന്നത്.

ഇക്കൊല്ലത്തെ പുരി രഥോത്സവം വിലക്കിയ ഉത്തരവ് പിൻവലിക്കണമെന്നാണ് മുഖ്യ നടത്തിപ്പുകാരന്റെ ആവശ്യം. രഥയാത്ര നടത്താതിരുന്നാൽ ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെടുമെന്നും, ഭരണഘടന ഉറപ്പ് നൽകുന്ന അന്ത്യാപേക്ഷിതമായ ആചാരത്തിന്റെ ഭാഗമാണെന്നും പട്ടാജോഷി മഹാപാത്ര സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. 1919ലെ സ്പാനിഷ് ഫ്ളൂ കാലത്ത് പോലും രഥയാത്ര വിലക്കിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് രഥയാത്ര വിലക്കിയത്. രഥയാത്ര അനുവദിച്ചാൽ പുരി ജഗന്നാഥൻ മാപ്പ് നൽകില്ലെന്നും നിരീക്ഷിച്ചിരുന്നു.

 

puri festival, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top