കൊവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന വാദം; പതഞ്ജലിക്ക് നോട്ടീസ്

കൊവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന അവകാശ വാദത്തിൽ പതഞ്ജലിക്ക് നോട്ടീസ്. കേന്ദ്ര ആയുഷ് മന്ത്രാലയമാണ് വിശദീകരണം തേടി നോട്ടീസ് അയച്ചത്. മരുന്നിന്റെ ഗവേഷണം, പരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്പനിയോട് ആവശ്യപ്പെട്ടതായി മന്ത്രാലയം അറിയിച്ചു.

കൊവിഡിനെതിരായ വാക്‌സിൻ കണ്ടുപിടിക്കുന്നതിന് ലോകമെമ്പാടുമുള്ള ഗവേഷകർ കഠിന ശ്രമത്തിലാണ്. ഇതിനിടെയാണ് മരുന്ന് കണ്ടുപിടിച്ചെന്ന അവകാശ വാദവുമായി യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി രംഗത്തെത്തിയത്. ഉത്തരാഖണ്ഡിൽ നടന്ന ചടങ്ങിലാണ് ‘കൊറോനിൻ’ എന്ന മരുന്നിന്റെ പ്രഖ്യാപനം പതഞ്ജലി നടത്തിയത്. മരുന്നിന്റെ ലോഞ്ചിംഗും നടത്തി. ഇതിന് പിന്നാലെയാണ് കേന്ദ്ര ആയുഷ് മന്ത്രാലയം പതഞ്ജലിയോട് വിശദീകരണം തേടിയത്.

അവകാശവാദത്തിന്റെ സാധുത പരിശോധിച്ച് ഉറപ്പാക്കുന്നതുവരെ മരുന്നിന്റെ പരസ്യങ്ങൾ പാടില്ലെന്ന് മന്ത്രാലയം അറിയിച്ചു. മരുന്നിലെ മിശ്രണങ്ങൾ, ഗവേഷണം നടത്തിയ ആശുപത്രികൾ മറ്റ് കേന്ദ്രങ്ങൾ, പരീക്ഷണത്തിനായി ഉപയോഗിച്ച സാംപിളുകളുടെ എണ്ണം, ട്രയൽ പരിശോധന ഫലങ്ങൾ തുടങ്ങിയ വിവരങ്ങൾ അറിയിക്കണമെന്നും മന്ത്രാലയം നിർദേശം നൽകി.

Story Highlights Patanjali, Ayush ministry, Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top