ആശങ്ക; തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടിക പൂര്‍ത്തിയാക്കാനായില്ല

trivandrum medical college

കൊവിഡ് ആശങ്കയൊഴിയാതെ തലസ്ഥാന നഗരം. രോഗം സ്ഥിരീകരിച്ച മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടിക പൂര്‍ത്തിയാക്കാനായില്ല. ഇദ്ദേഹം പൊതുജനങ്ങളോട് വ്യാപകമായി സമ്പര്‍ക്കം പുലര്‍ത്തിയതായി സഞ്ചാര പാര വ്യക്തമാക്കുന്നു. വ്യത്യസ്ത ദിവസങ്ങളില്‍മെഡിക്കല്‍ കോളജിലെ ക്യാഷ്വാലിറ്റി, ഓര്‍ത്തോ, കാര്‍ഡിയോളജി വിഭാഗങ്ങളിലും, മെയിന്‍ ഗേറ്റിലേയും തിരക്ക് നിയന്ത്രിച്ചു. ശ്വാസകോശ രോഗികളുടെ വാര്‍ഡിലും ഡ്യൂട്ടി ചെയ്തതായാണ് വിവരം.ഇതോടെ തിരുവനന്തപുരം നഗരസഭയിലെ കരിക്കകം, കടകംപള്ളി വാര്‍ഡുകളെ കണ്ടയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

തിരുവനന്തപുരത്ത്ഉറവിടം വ്യക്തമാകാതെ ഏറ്റവും ഒടുവില്‍ സ്ഥിരീകരിച്ച കേസായിരുന്നു മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരന്റേത്. കരിക്കകം സ്വദേശിയായ ഈ അന്‍പത്തിയഞ്ചുകാരന്റെ സഞ്ചാര പാത അതിസങ്കീര്‍ണമാണ്. ഇദ്ദേഹം പൊതുജനങ്ങളുമായി വ്യാപകമായി സമ്പര്‍ക്കം പുലര്‍ത്തിയതായി സഞ്ചാരപാതയില്‍ വ്യക്തമാണ്.ഒന്നിലധികം ദിവസങ്ങളില്‍മെഡിക്കല്‍ കോളജിലെ ക്യാഷ്വാലിറ്റി, ഓര്‍ത്തോ, കാര്‍ഡിയോളജി വിഭാഗങ്ങളിലെ തിരക്ക് നിയന്ത്രിച്ചു.വ്യത്യസ്ത ദിവസങ്ങളില്‍ പ്രവേശന കവാടത്തിലും, അതിലുപരി ട്രാഫിക് ഡ്യൂട്ടിയും ചെയ്തു.

ജൂണ്‍ എട്ട്, 14 തീയതികളില്‍ ഗുരുതര ശ്വാസകോശ രോഗികളെ ചികിത്സിക്കുന്ന സാരി വാര്‍ഡില്‍ ഡ്യൂട്ടി ചെയ്തു. 14ന് തന്നെകരിക്കകത്തെ സുഹൃത്തിന്റെ വീട്ടിലെ ഒരു യോഗത്തില്‍ പങ്കെടുത്തു.16 പേരാണ് ഒപ്പം പങ്കെടുത്തത്. സാരിവാര്‍ഡിനടുത്തെ ചായക്കടയില്‍ നിത്യ സന്ദര്‍ശനം നടത്തി. ആശുപത്രിയിലെ സെക്യൂരിറ്റി വിശ്രമ മുറിയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിശ്രമിച്ചു. വീട്ടിലുണ്ടായിരുന്ന ദിവസങ്ങളില്‍, വൈകുന്നേരങ്ങളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കരിക്കകം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി.
രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 17 ന് കടകംപള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി. 18ന്ആനയറ ലോര്‍ഡ്‌സ് ആശുപത്രിയിലും ചികിത്സ തേടിയെത്തി. 19ന് മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് 21 നാണ് രോഗം സ്ഥിരീകരിച്ചത്.

ഭാര്യയും രണ്ട് കുട്ടികളും, സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരുമായി 35 ഓളം പേര്‍,മൂന്ന് ആശുപത്രികളിലെ ജീവനക്കാരുമടക്കം 80 ഓളം പേര്‍ ഇതിനോടകം ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ എണ്ണം ഇനിയും വര്‍ധിക്കും. സെക്കന്ററി കോണ്ടാക്ട് പട്ടിക അതിവിപുലമാണ്. മാത്രമല്ല തിരക്ക് നിയന്ത്രിക്കുന്ന വേളയില്‍ ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയ പൊതുജനങ്ങള്‍ എത്രയെന്നത് അവ്യക്തവും. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ നിന്ന് സ്രവ പരിശോധന നടത്തും.

Story Highlights: Contact list, security guard,  Thiruvananthapuram Medical College

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top