Advertisement

വാരിയംകുന്നന്റെ തിരക്കഥാകൃത്തിനെ മാറ്റി; വിശദീകരണവുമായി ആഷിഖ് അബു

June 27, 2020
Google News 1 minute Read

സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയിലെ തിരക്കഥാകൃത്തിനെ മാറ്റി. സിനിമയുടെ തിരക്കഥാകൃത്ത് റമീസിന് എതിരെ സമൂഹ മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങൾ ഈയിടെ ചർച്ചയായിരുന്നു. റമീസിന്റെ രാഷ്ട്രീയ നിലപാടുകളുമായി യോജിപ്പില്ലെന്നും ചിത്രവുമായി മുന്നോട്ട് പോകുമെന്നും ആഷിഖ് അബു വ്യക്തമാക്കുന്നു.

കുറിപ്പ് വായിക്കാം,

റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാക്കാനാണ് സാധ്യത.

മറ്റൊരു സംവിധായകനുമായി വാരിയംകുന്നൻ എന്ന ചിത്രം നിർമ്മിക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾ വർഷങ്ങളായി നടന്നുവരുന്നു. റമീസും ആദ്യം മുതൽ തന്നെ ഈ ഉദ്യമത്തിൽ ഉണ്ടായിരുന്നയാളായി, ഇതിനായി റിസേർച്ചുകൾ ചെയ്ത വ്യക്തിയുമായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങൾക്ക് മുൻപ് മാത്രം. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളിൽ അദ്ദേഹം തെറ്റ്‌ സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കിൽ മാപ്പുപറയുകയും ചെയ്തു. തന്റെ ഉദ്ധേശശുദ്ധിയുടെ മേൽ സംശയത്തിന്റെ നിഴൽ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താൻ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്.

ആഷിഖ് അബു

സിനിമ പ്രഖ്യാപിച്ചത് മുതൽ തന്നെ വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു. സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജിനെതിരെയും ആഷിഖ് അബുവിനെതിരെയും വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്. ഇവരുടെ കുടുംബത്തെക്കൂടി വലിച്ചിഴക്കുന്ന രീതിയിലുള്ള ആക്രമണമുണ്ടായി. ശേഷം മൂന്ന് സിനിമകൾ ഇതേ വിഷയത്തിൽ പ്രഖ്യാപിക്കപ്പെട്ടു. ബിജെപി അടക്കമുള്ള സംഘടനകളും ചിത്രത്തിനെതിരെ രംഗത്തെത്തി.

 

variyamkunnan, ashique abu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here