‘അന്ന പ്രണയവുമൊക്കെയായി വേറെ ലെവൽ, എനിക്കാണെങ്കിൽ പാത്രം കഴുകലും തുണിയലക്കും പണിയോട് പണി’; കപ്പേള വിശേഷങ്ങൾ പങ്കുവച്ച് ആർജെ നിൽജ

ആർജെ നിൽജ/രതി വി.കെ

നാട്ടിൻപുറങ്ങളിൽ നമുക്ക് സുപരിചിതയായ ഒരയൽപക്കത്തുകാരി. കൂട്ടുകാരിക്കൊപ്പം എന്തിനും കൂടെ നിൽക്കുന്ന ചങ്കത്തി. മുസ്തഫ സംവിധാനം ചെയ്ത കപ്പേളയിൽ ജെസിക്കൊപ്പം അങ്ങനെ ഒരാളെ കാണാം. ആർ ജെ നിൽജ അവതരിപ്പിച്ച ലക്ഷ്മി, അന്ന ബെന്നിന്റെ ജെസിയോളം പ്രാധാന്യമർഹിക്കുന്ന കഥാപാത്രമാണ്. ചിത്രത്തിന്റെ പ്രമേയം സോഷ്യൽ മീഡിയയിൽ ചർച്ചയായപ്പോൾ അന്ന-നിൽജ കൂട്ടുകെട്ടും കൈയടി നേടി. സിനിമയിലും റിയാലിറ്റി ഷോയിലും നിറസാന്നിധ്യമായ നിൽജ ട്വന്റിഫോറുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്തേക്ക്

ചെറുപ്പം മുതൽ തന്നെ കലാരംഗത്ത് സജീവമായിരുന്നു. ടിവി ഷോകളിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. കൈരളിയിലെ ‘കഥപറയുമ്പോൾ’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. അതിനുശേഷം 2013ൽ മഴവിൽ മനോരമയിലെ ‘മിടുക്കി’യുടേയും ഭാഗമായി. അതിൽ ഫൈനലിസ്റ്റായിരുന്നു. പിന്നീട് റേഡിയോ മിർച്ചിയിൽ റേഡിയോ ജോക്കിയായി. അവിടെ നിന്നാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. വി പി സത്യന്റെ കഥ പറഞ്ഞ ക്യാപ്റ്റനിൽ ചെറിയ ഒരു വേഷം ചെയ്തു. ഒറ്റദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു ഉണ്ടായിരുന്നത്. അനു സിതാര ചെയ്ത കഥാപാത്രത്തിന്റെ ബന്ധുമായി പെണ്ണുകാണൽ ചടങ്ങിൽ വന്നുപോയി. ശരിക്കും പറഞ്ഞാൽ ആ കഥാപാത്രത്തെ പപ്പക്കും മമ്മിക്കും പോലും കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ അതിൽ ഞാൻ ഒത്തിരി ഹാപ്പിയായിരുന്നു. അഭിനയ പ്രാധാന്യമുള്ള ഒരു മുഴുനീളൻ കഥാപാത്രം തേടിയെത്തുന്നത് കപ്പേളയിലൂടെയാണ്.

കപ്പേളയിലേക്കുള്ള വഴി

കപ്പേളയിലെ പിആർഒ സീതാലക്ഷ്മി വഴിയാണ് സിനിമയിലേക്ക് എത്തുന്നത്. നിർമാതാവിനെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം അന്ന ബെന്നിനെ കാണാൻ പോയി. അന്നയുമായുള്ള കെമിസ്ട്രി വർക്ക് ഔട്ട് ആകുമോ എന്നറിയുന്നതിന് വേണ്ടിയായിരുന്നു അത്. അന്നയ്ക്കൊപ്പമുള്ള ഒരു ചിത്രം എടുത്ത് സംവിധായകന് അയച്ചു കൊടുത്തു. ഓഡിഷനും കൂടി നടത്തിയ ശേഷമാണ് കപ്പേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

നാട്ടിൻപുറംകാരി ലക്ഷ്മി

ഗ്രാമപ്രദേശങ്ങളിലൊക്കെ കാണുന്ന ഒരു തനിനാടൻ പെൺകുട്ടിയാണ് ലക്ഷ്മി. ഞാനും ഒരു നാട്ടുംപുറംകാരിയാണ്. കണ്ണൂർ പയ്യാവൂരാണ് സ്ഥലം. അതുകൊണ്ടുതന്നെ ലക്ഷ്മിയാകാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. കഥാപാത്രത്തേ കുറിച്ച് സംവിധായകൻ വിശദമായി പറഞ്ഞുതന്നിരുന്നു. അത് ഉൾക്കൊണ്ടാണ് അഭിനയിച്ചത്. കൂട്ടുകാരിയോട് അൽപം കുശുമ്പും അതിൽ ഉപരി സ്നേഹവുമൊക്കെയുള്ള, നമുക്കൊക്കെ സുപരിചിതയായ കഥാപാത്രമാണ് ലക്ഷ്മിയുടേത്. ആദ്യത്തെ കുറച്ച് ദിവസം ടെൻഷനുണ്ടായിരുന്നു. പിന്നെ അത് ശരിയായി.

ചിത്രത്തിൽ അന്നയുടെ കഥാപാത്രം ജെസിയാണെങ്കിൽ പ്രണയവും മറ്റ് കാര്യങ്ങളുമായി വേറെ ലെവലായിരുന്നു. എനിക്കാണെങ്കിൽ പാത്രം കഴുക്ക്, തുണിയലക്ക് തുടങ്ങി മുഴുവൻ പണികളായിരുന്നു. സംവിധായകൻ മുസ്തുക്കയോട് എന്നെയൊന്ന് വെറുതെയിരുത്താൻ പറ്റില്ലേ എന്ന് എപ്പോഴും ചോദിക്കുമായിരുന്നു.

അന്നയ്ക്കൊപ്പം നമ്മളും അറിയാതെ അഭിനയിച്ച് പോകും

അന്നയെ പരിചയപ്പെടുന്നത് ഹെലന്റെ സെറ്റിൽവച്ചാണ്. നിർമാതാവിന്റെ നിർദേശപ്രകാരം ഫോട്ടോയെടുത്തത് അവിടെവച്ചായിരുന്നു. കപ്പേളയുടെ ലൊക്കേഷനിൽവച്ചാണ് കൂടുതൽ അടുക്കുന്നത്. പതിനേഴ് ദിവസത്തോളം ഒരുമിച്ച് ഉണ്ടായിരുന്നു. ഞാനും അന്നയും തമ്മിലുള്ള കെമിസ്ട്രി വർക്കാകുന്നിടത്തേ ആളുകൾക്ക് ചിത്രത്തോട് ഇഷ്ടം തോന്നൂ എന്ന് സംവിധായകൻ എപ്പോഴും പറയുമായിരുന്നു. അത് മനസിൽ കണ്ടുകൊണ്ടാണ് അഭിനയിച്ചത്.

കുമ്പളങ്ങി നൈറ്റ്സും ഹെലുമെല്ലാം കണ്ട പ്രേക്ഷകർക്ക് അന്നയെ അറിയാം. ഒരു നാട്ടിൻപുറത്തുകാരിയായി അന്ന കപ്പേളയിൽ ജീവിക്കുകയായിരുന്നു. അന്നയ്ക്കൊപ്പം നമ്മളും അറിയാതെ അഭിനയിച്ച് പോകും. അതാണ് യാഥാർത്ഥ്യം. അന്നയ്ക്കൊപ്പം ഞാൻ ഓകെയായിരുന്നു. അതുകൊണ്ടു തന്നെ മികച്ച രീതിയിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നാണ് കരുതുന്നത്.

അഭിനേതാവിന് സ്വാതന്ത്യം നൽകുന്ന സംവിധായകൻ

മുസ്തുക്കേടെ ആദ്യ ചിത്രമാണ് കപ്പേള. അഭിനേതാക്കളെ ചേർത്തു നിർത്തുന്ന ആളാണ് അദ്ദേഹം. ഇന്നതേ ചെയ്യാവൂ എന്ന് പറഞ്ഞ് ഒരിക്കൽ പോലും വിലക്കിയിട്ടില്ല. അഭിനേതാവിന് സ്വാതന്ത്യം നൽകുന്ന സംവിധായകനാണ് മുസ്തുക്ക. തെറ്റുകൾ ഉണ്ടെങ്കിൽ പറഞ്ഞു തരും.

പ്രതീക്ഷിക്കാതെ എത്തിയ അഭിനന്ദനങ്ങൾ

ജീത്തു ജോസഫ് സർ മെസേജ് അയച്ചിരുന്നു. ഒരു തുടക്കക്കാരി എന്ന നിലയിൽ മികച്ച അഭിനയം കാഴ്ച വച്ചു എന്ന് പറഞ്ഞു. മുത്തുമണി ചേച്ചിയും ‘സിനിമ കണ്ടു, നന്നായിരുന്നു’ എന്ന് പറഞ്ഞു. അത് ഞാൻ പ്രതീക്ഷിച്ചതായിരുന്നില്ല.

വെബ്സീരിസ്

ഒരു വെബ്സീരീസിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഒറ്റ എപ്പിസോഡിന്റെ ഷൂട്ടേ ആയിട്ടുള്ളൂ. അതിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. ക്യാപ്റ്റൻ സംവിധായകൻ പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന വെള്ളം എന്ന ചിത്രത്തിലും ചെറിയൊരു വേഷം ചെയ്യുന്നുണ്ട്.

സിനിമ ചർച്ചയാകുന്നതിൽ സന്തോഷം

സിനിമ തീയറ്ററിൽ റിലീസ് ചെയ്തിരുന്നു. പക്ഷേ അഞ്ചാം ദിവസം ലോക്ക് ഡൗൺ വന്നതോടെ പ്രദർശനം നിർത്തിവച്ചു. പക്ഷേ സിനിമ ആളുകൾ കാണുന്നു, ചർച്ച ചെയ്യുന്നു എന്നൊക്കെ അറിയുമ്പോൾ വളരെ സന്തോഷമുണ്ട്.

Story highlights- RJ Nilja, Kappela, Radio Mirchi FM, Anna Ben

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top