ഇന്ത്യൻ ക്രിക്കറ്റിൽ നെപോട്ടിസമില്ല; അർജുൻ തെൻഡുൽക്കറുടെ ടീം പ്രവേശനം എളുപ്പമല്ലെന്ന് ആകാശ് ചോപ്ര

ഇന്ത്യൻ ക്രിക്കറ്റിൽ നെപോട്ടിസമില്ലെന്ന് മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കർ, സുനിൽ ഗവാസ്കറുടെ മകൻ രോഹൻ ഗവാസ്കർ എന്നിവരുടെ കരിയറിൻ്റെ വെളിച്ചത്തിലാണ് കമൻ്റേറ്റർ കൂടിയായ ആകാശ് ചോപ്രയുടെ പ്രസ്താവന. ആഭ്യന്തര മത്സരങ്ങളിൽ ചിലപ്പോൾ ഇത് നടന്നേക്കാമെന്നും രാജ്യാന്തര മത്സരങ്ങളിൽ സ്വജന പക്ഷപാതം നടക്കില്ലെന്നും ചോപ്ര പറഞ്ഞു.
Read Also: അർജുന്റെ ബൗൺസറുകൾ പോലും അടിച്ചു പറത്തി സുശാന്തിന്റെ ബാറ്റിംഗ്; അതിശയിച്ച് സച്ചിൻ: കിരൺ മോറെ പറയുന്നു
“രോഹൻ ഗവാസ്കർ സുനിൽ ഗവാസ്കറുടെ മകനായിരുന്നു. നെപോട്ടിസം ഉണ്ടായിരുന്നെങ്കിൽ രോഹൻ ഒരുപാട് മത്സരങ്ങൾ കളിക്കണമായിരുന്നു. പക്ഷേ, അതുണ്ടായില്ല. അവസാനം ഇന്ത്യക്കായി കളിച്ചത്, ബംഗാളിനായി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയപ്പോഴാണ്. സുനിൽ ഗവാസ്കർ മുംബൈക്കായി തൻ്റെ മകനെ കളിപ്പിച്ചില്ല. സച്ചിൻ്റെ മകൻ്റെ കാര്യത്തിലും ഇതാണ് സംഭവം. തളികയിൽ വെച്ച് അദ്ദേഹത്തിന് ഒന്നും ലഭിക്കുന്നില്ല. ഉയർന്ന തലത്തിൽ ഒരു വിട്ടുവീഴ്ചയും നടക്കില്ല.”- ആകാശ് ചോപ്ര തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറയുന്നു.
അർജുൻ തെണ്ടുൽക്കർ ഇതുവരെ രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടില്ല. രോഹൻ ഗവാസ്കർ 11 ഏകദിനങ്ങൾ ഇന്ത്യക്കായി കളിച്ച് 151 റൺസ് നേടിയിരുന്നു. ആഭ്യന്തര മത്സരങ്ങളിൽ 44 ആയിരുന്നു അദ്ദേഹത്തിൻ്റെ ശരാശരി. നിലവിൽ ക്രിക്കറ്റ് കമൻ്റേറ്ററാണ് രോഹൻ ഗവാസ്കർ.
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് സ്വജന പക്ഷപാതത്തെപ്പറ്റിയുള്ള ചർച്ചകൾ സജീവമായത്. ഇന്ത്യൻ ക്രിക്കറ്റിൽ നെപോട്ടിസമുണ്ടോ എന്ന് ആരാധകർ ആകാശ് ചോപ്രയോട് ചോദിച്ചിരുന്നു. ഇതിൻ്റെ മറുപടിയായാണ് അദ്ദേഹം തൻ്റെ നിരീക്ഷണങ്ങൾ വ്യക്തമാക്കിയത്.
Story Highlights: aakash chopra about arjun tendulkar and nepotism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here