ഇ-മൊബിലിറ്റി ഹബ്ബ് സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി

covid today 127 kerala

ഇ-മൊബിലിറ്റി ഹബ്ബ് സംബന്ധിച്ച ഡിപിആർ തയാറാക്കാൻ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിയെ ഏൽപ്പിച്ചത് ക്രമരഹിതമായിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്ച അസാധാരണ പത്രസമ്മേളനം വിളിച്ച് പ്രതിപക്ഷ നേതാവ് ഒരു കാര്യം പറയുമ്പോൾ സ്വാഭാവികമായും ഗവൺമെന്റിന് അത് അവഗണിക്കാൻ പറ്റില്ല. വ്യക്തത വരുത്തേണ്ടിവരും. അതിന് നമ്മുടെയാകെ കുറേ സമയം നഷ്ടപ്പെടും. ഇപ്പോൾ അങ്ങനെ വെറുതെ സമയം നഷ്ടപ്പെടുത്തേണ്ട ഒരു അവസ്ഥയിലല്ല നമ്മുടെ നാട് നിൽക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കൊവിഡ് ബാധ അനുദിനം വർധിക്കുകയാണ്. അതിന്റെ ഭീഷണിയിൽ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താൻ കയ്യും മെയ്യും മറന്ന് പ്രവർത്തിക്കേണ്ടതുണ്ട്. ദുരാരോപണങ്ങളും കുപ്രചാരണങ്ങളും കൊണ്ട് ഇത്തരമൊരു ഘട്ടത്തിൽ ഇറങ്ങിത്തിരിക്കുന്നത് നാടിനും ജനങ്ങൾക്കും പ്രയോജനകരമല്ല എന്നു മാത്രം ഈ ഘട്ടത്തിൽ പറഞ്ഞുവെക്കട്ടെ. എന്തായാലും വസ്തുതകളുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത കാര്യങ്ങളാണ് ആരോപണമെന്ന നിലയിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ചിട്ടുള്ളത്.

ഇ-മൊബിലിറ്റി സർക്കാരിന്റെ നയമാണ്. പുതിയകാലത്ത് വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. 2022ഓടെ പത്തുലക്ഷം വൈദ്യുതി വാഹനങ്ങൾ നിരത്തിലിറക്കണം എന്നാണ് ആലോചിച്ചിട്ടുള്ളത്. മദ്രാസ് ഐഐടിയിലെ പ്രൊഫ. അശോക് ജുൻജുൻവാലയുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ വൈദ്യുതി വാഹനനയം രൂപീകരിച്ചത്.

നയം രൂപീകരിക്കുന്നത് നടപ്പാക്കാനാണ്. സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങൾ വർധിച്ചതോതിൽ വേണമെന്നത് സർക്കാരിൻറെ ദൃഢനിശ്ചയമാണ്. ഇതൊക്കെ ഏതെങ്കിലും തോന്നലുകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കേണ്ടതല്ല. സാധ്യതകളും പരിമിതികളും ശാസ്ത്രീയമായി പഠിച്ച് ചെയ്യേണ്ടതാണ്. അതിനുവേണ്ടിയാണ് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതും അതിനായി പഠനങ്ങൾ നടത്തുന്നതും.

പ്രതിപക്ഷ നേതാവ് പരാമർശിച്ച പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് എന്ന സ്ഥാപനം ഇന്ത്യാ ഗവൺമെന്റിന്റെ ഇലക്ട്രോണിക്‌സ് ആൻറ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിൻറെ കീഴിലുള്ള നാഷണൽ ഇൻഫൊമാറ്റിക്‌സ് സെന്റർ സർവീസസ് ഇൻ കോർപറേറ്റഡ് (നിക്‌സി) എംപാനൽ ചെയ്തിട്ടുള്ളതാണ്.

കേരള സർക്കാർ 2019 ആഗസ്ത് 13ലെ ഉത്തരവു പ്രകാരം നിക്‌സിയുടെ അംഗീകൃത ലിസ്റ്റിലുള്ള മൂന്ന് കമ്പനികളെ ബസ് പോർട്ടുകൾ, ലോജിസ്റ്റിക് പോർട്ടുകൾ, ഇ-മൊബിലിറ്റിക്കുള്ള കർമപദ്ധതി തയാറാക്കൽ എന്നിവയുടെ കൺസൾട്ടന്റുകളായി തീരുമാനിച്ചിട്ടുണ്ട്.

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് (ദക്ഷിണ മേഖല – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം), കെപിഎംജി അഡൈ്വസറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (മധ്യമേഖല – കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം), ഏണസ്റ്റ് ആന്റ് യങ് ഗ്ലോബൽ (ഉത്തരമേഖല – കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട്) എന്നിവയാണ് അവ.

പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയം തുടങ്ങി കേന്ദ്ര മന്ത്രാലയങ്ങളുടെയും ഐസിഎംആർ ഉൾപ്പെടെയുള്ള മർമ്മപ്രധാന സ്ഥാപനങ്ങളുടെയും കൺസൾട്ടൻസി ചെയ്തുകൊണ്ടിരിക്കുന്ന കമ്പനിയാണ് പിഡബ്ല്യുസി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2020 ഫെബ്രുവരി 20ന്റെ ഗതാഗത വകുപ്പ് ഉത്തരവ് പ്രകാരം ഈ മൂന്ന് കമ്പനികളെയും ബസ് പോർട്ടുകളുടെ കൺസൾട്ടാന്റായും പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ വൈദ്യുത വാഹന ഉൽപാദന ഇക്കോ സിസ്റ്റത്തിന്റെ ലോജിസ്റ്റിക് പോർട്ടുകളുടെയും കൺസൾട്ടന്റായും തീരുമാനിച്ചു. ഓരോ ബസ് പോർട്ടുകൾക്കും 2.15 കോടി രൂപയും (നികുതി പുറമെ) ലോജിസ്റ്റിക് പോർട്ടുകൾക്ക് 2.09 കോടി രൂപയും (നികുതി പുറമെ) ഇ-മൊബിലിറ്റിക്കായി 82 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. ഇതിലൊന്നും ഒരു അസ്വാഭാവികതയുമില്ല. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ട്. ട്രാൻസ്‌പോർട്ട് വകുപ്പ്, പ്ലാനിംഗ്, ധനകാര്യ വകുപ്പുകൾ എന്നിവിടങ്ങളിലെ പരിശോധനയ്ക്കു ശേഷമാണ് ഫയലിൽ അന്തിമ തീരുമാനമുണ്ടായത്.

സെബി വിലക്കിയ കമ്പനിക്കാണ് കരാർ കൊടുത്തത് എന്ന ആക്ഷേപവും തീർത്തും അടിസ്ഥാനരഹിതമാണ്. കേന്ദ്ര സർക്കാരിന്റെ ഏജൻസിയായ നിക്‌സി എംപാനൽ ചെയ്ത പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കൺസൾട്ടിംഗ് കമ്പനിയാണ്. അതിന് സെബിയുടെ വിലക്കില്ല. വിലക്കുണ്ട് എന്നു പറയുന്നത് പ്രൈസ് വാട്ടർഹൗസ് ആൻറ് കമ്പനി, ബംഗളൂരു എൽഎൽപി എന്ന ഓഡിറ്റ് സ്ഥാപനത്തിനാണ്.

ആ സ്ഥാപനമാണ് ഡോ. മൻമോഹൻസിങ് സർക്കാരിന്റെ കാലത്ത് അഗസ്റ്റ് വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റർ ഇടപാടിൽ ഗുരുതരമായ ക്രമക്കേടുകൾ ഓഡിറ്റിംഗിൽ കണ്ടെത്തിയത്. കരാറിലെ പ്രശ്‌നങ്ങളും ഇടനിലക്കാരുടെ പങ്കാളിത്തവും അവർ തെളിവുസഹിതം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഈ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് അന്വേഷണങ്ങൾ വേണ്ടിവന്നത്. കേസ് ഇപ്പോഴും നടക്കുകയാണ്. അത് ഓഡിറ്റ് കമ്പനി; ഇത് കൺസൾട്ടന്റ് സ്ഥാപനം. രണ്ടും രണ്ട് ലീഗൽ എൻറ്റിറ്റിയാണ്. ഓഡിറ്റും കൺസൾട്ടൻസിയും രണ്ട് വ്യത്യസ്ത പ്രവർത്തനമാണ് എന്ന ലളിതമായ കാര്യം മറച്ചുവെക്കപ്പെടുന്നു.

കേന്ദ്രം എംപാനൽ ചെയ്ത ഒരു ഏജൻസിയെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ചട്ടപ്രകാരം ചുമതലപ്പെടുത്തിയതിൽ എന്ത് ക്രമക്കേടാണുള്ളതെന്ന് പറയാൻ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ ഭാവി ആവശ്യമാണ് പുതിയ ട്രാൻസ്‌പോർട്ട് നയം. ഇതിന്റെ ഭാഗമായാണ് കേരളത്തിന് ഉതകുന്ന വിധത്തിൽ ഇലക്ട്രിക് വെഹിക്കിൾ നയവും ഇലക്ട്രിക് വെഹിക്കൾ മാനുഫാച്വറിംഗ് ഇക്കോസിസ്റ്റവും.

അവ വികസിപ്പിക്കാനുള്ള പദ്ധതികൾ ആലോചിക്കാനായി 2019 ആഗസ്റ്റ് 17ന് വ്യവസായവകുപ്പ്, ധനകാര്യവകുപ്പ്, ഗതാഗത വകുപ്പ് സെക്രട്ടറിമാർ എന്നിവരുടെ ഉന്നതതല യോഗം ചേർന്നു. ഫയലിൽ ഉത്തരവുകൾ പുറപ്പെടുവിച്ചത് ചട്ടപ്രകാരമുള്ള എല്ലാ പരിശോധനയും കഴിഞ്ഞാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ധനകാര്യ-ആസൂത്രണ വകുപ്പുകൾ കണ്ടശേഷമാണ് ഇതു സംബന്ധിച്ച ഉത്തരവുകൾ ഇറങ്ങിയത്. 2019 ജൂലൈ 11ലെ ഉത്തരവിനുശേഷം 2020 ഫെബ്രുവരി 20ന് വിശദമായ ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇത് എല്ലാ പരിശോധനകൾക്കും ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story highlight: CM dismisses opposition allegations about e-mobility hub

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top