ഞാൻ നന്നായി കളിക്കാത്തതാണ് കാരണം; ധോണി കരിയർ തകർത്തിട്ടില്ലെന്ന് പാർത്ഥിവ് പട്ടേൽ

Parthiv Patel MS Dhoni

മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി തൻ്റെ കരിയർ തകർത്തിട്ടില്ലെന്ന് വിക്കറ്റ് കീപ്പർ പാർത്ഥിവ് പട്ടേൽ. ധോണിയുടെ കാലത്ത് ജനിച്ചതു കൊണ്ട് കരിയർ നഷ്ടപ്പെട്ടു എന്ന് സഹതപിക്കേണ്ട ആവശ്യമില്ല. നന്നായി കളിച്ചിരുന്നെങ്കിൽ ഇന്ത്യൻ ടീമിൽ തനിക്ക് സ്ഥാനം ഉണ്ടാവുമായിരുന്നു എന്നും പാർത്ഥിവ് പറഞ്ഞു.

Read Also: ‘എംഎസ് ധോണി’ ടെലിവിഷനിൽ കാണുന്ന സുശാന്ത്; വൈറലായി വീഡിയോ

“ഞാൻ ധോണി യുഗത്തിൽ ജനിച്ചത് തെറ്റായിപ്പോയെന്ന് പലരും പറയാറുണ്ട്. പക്ഷേ, ധോണിക്ക് മുൻപ് ഇന്ത്യൻ ടീമിൽ അരങ്ങേറിയ ആളാണ് ഞാൻ. ധോണി ഉണ്ടായിരുന്നതു കൊണ്ടാണ് എൻ്റെ കരിയർ ചുരുങ്ങിപ്പോയതെന്ന് ഞാൻ പറഞ്ഞാൽ അത് തെറ്റാവും. എൻ്റെ പ്രകടനങ്ങൾ മികച്ചതായിരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് മറ്റുള്ളവർക്ക് അവസരങ്ങൾ ലഭിച്ചത്. ആദ്യം ദിനേഷ് കാർത്തികിനും പിന്നീട് എംഎസ് ധോണിക്കും അവസരങ്ങൾ ലഭിച്ചു. ഞാൻ നന്നായി കളിച്ചിരുന്നു എങ്കിൽ ആരും എൻ്റെ സ്ഥാനത്ത് വരില്ലായിരുന്നു.”- പാർത്ഥിവ് പട്ടേൽ ആകാശ് ചോപ്രയോട് പറഞ്ഞു.

Read Also: പന്ത് സ്പെഷ്യൽ ടാലന്റ്; ടീം മാനേജ്മെന്റിന്റെ പിന്തുണ അദ്ദേഹത്തിനുണ്ട്: ഇന്ത്യൻ ടീം ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ

രാജ്യാന്തര കരിയറിൽ കാലിടറിയെങ്കിലും ഐപിഎല്ലിലും ആഭ്യന്തര കരിയറിലും മികച്ച റെക്കോർഡുള്ള താരമാണ് പാർത്ഥിവ് പട്ടേൽ. 17ആം വയസ്സിലാണ് പാർത്ഥിവ് ഇന്ത്യക്കായി അരങ്ങേറിയത്. 2002 ജനുവരിയിൽ ഏകദിനത്തിലും അക്കൊല്ലം ഓഗസ്റ്റിൽ ടെസ്റ്റിലും പാർത്ഥിവ് അരങ്ങേറി. 2011ൽ അവസാന ഏകദിനം കളിച്ച അദ്ദേഹം 2018ലാണ് അവസാന ടെസ്റ്റ് മത്സരത്തിൽ പാഡണിഞ്ഞത്. 25 ടെസ്റ്റുകളും 38 ഏകദിനങ്ങളും രണ്ട് ടി-20കളും പാർത്ഥിവ് കളിച്ചിട്ടുണ്ട്. യഥാക്രമം 934, 736, 36 റൺസുകളാണ് മൂന്ന് ഫോർമാറ്റുകളിലും താരത്തിന് ഉള്ളത്. 139 ഐപിഎൽ മത്സരങ്ങളിൽ പാഡണിഞ്ഞ പാർത്ഥിവ് 2846 റൺസും നേടിയിട്ടുണ്ട്.

Story Highlights: Parthiv Patel on MS Dhoni

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top