കള്ള ഒപ്പിട്ട് പെൻഷൻ തുക തട്ടി; സി.പി.ഐ.എം വനിതാ നേതാവിനെതിരെ കേസ്

pension money nabbed cpim

കണ്ണൂരിൽ മരിച്ചയാളുടെ പേരിൽ പെൻഷൻ തുക തട്ടിയെടുത്ത സി.പി.ഐ.എം വനിതാ നേതാവിനെതിരെ പോലീസ് കേസെടുത്തു. മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മറ്റി അംഗം കെ.പി സ്വപ്നക്കെതിരെയാണ് ഇരിട്ടി പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ മാർച്ചിൽ മരിച്ച വയോധികയുടെ പെൻഷൻ തുക വ്യാജ ഒപ്പിട്ട് തട്ടിയെടുത്തെന്നാണ് കേസ്.

മരിച്ചയാളുടെ പേരിൽ വാർധക്യ പെൻഷൻ തട്ടിയെടുത്തെന്ന പരാതിയിലാണ് സിപിഐഎം വനിതാ നേതാവും പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയുമായ കെ.പി സ്വപ്നയ്ക്കെതിരെ പോലീസ് കേസെടുത്തത്. വഞ്ചനാക്കുറ്റം അടക്കം ചുമത്തിയാണ് കേസ്. കഴിഞ്ഞ മാർച്ചിൽ മരിച്ച തോട്ടത്താൻ കൗസു നാരായണൻ്റെ പേരിലാണ് പെൻഷൻ തട്ടിപ്പ് നടത്തിയത്. ഇരിട്ടി റൂറൽ ബാങ്ക് വഴിയാണ് പെൻഷൻ നൽകിയിരുന്നത്. കിടപ്പ് രോഗിയായിരുന്ന കൗസുവിൻ്റെ പെൻഷൻ തുക വീട്ടിലെത്തിച്ച് നൽകുകയായിരുന്നു പതിവ്. അഞ്ചു മാസത്തെ പെൻഷൻ തുകയായ 6100 രൂപ ഏപ്രിലിലാണ് ബാങ്ക് കലക്ഷൻ ഏജൻ്റ് കൂടിയായ സ്വപ്ന ഒപ്പിട്ട് വാങ്ങിയത്. കൗസുവിൻ്റെ കുടുംബമാണ് പരാതി നൽകിയത്.

പരാതി ഉയർന്നതോടെ ബാങ്ക് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കൗസു നാരായണന്റെ പെൻഷൻ വിതരണം ചെയ്തതായി രേഖകളിൽ കണ്ടെത്തി. തുക കുടുംബം  ഒപ്പിട്ടുവാങ്ങിയെന്നാണ് ബാങ്കിൽ സ്വപ്ന അറിയിച്ചത്. വീഴ്ച കണ്ടെത്തിയതോടെ ഇരിട്ടി റൂറൽ ബാങ്ക് കലക്ഷൻ ഏജൻ്റ് സ്ഥാനത്ത് നിന്ന് സ്വപ്നയെ സസ്പൻ്റ് ചെയ്തിരുന്നു. പരാതിയിൽ സിപിഎമ്മും അന്വേഷണം നടത്തുന്നുണ്ട്. വീഴ്ച കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നാണ് നേതൃത്വത്തിൻ്റെ ഉറപ്പ്. പെൻഷൻ തട്ടിപ്പിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും പ്രക്ഷോഭവും തുടങ്ങിയിട്ടുണ്ട്.

Story Highlights: Pension money nabbed cpim woman leader arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top