ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തിലില്ല, നടക്കുന്നത് വ്യാജ പ്രചരണം; നടപടിയെടുക്കുമെന്ന് ടിനി ടോം

ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസിൽ ബന്ധമുണ്ടെന്ന് പറഞ്ഞ് തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്ന് നടൻ ടിനി ടോം. ഇതിനെതിരെ പരാതി നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ടിനി ടോം പറയുന്നു. ഇന്ന് ഫേസ്ബുക്ക് ലൈവിലെത്തിയാണ് ടിനി ടോം ഇക്കാര്യങ്ങൾ പറഞ്ഞത്.
ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്കൊരു ബന്ധവുമില്ല. ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല. പിന്നെന്തിനാണ് തനിക്കെതിരെ ഇത്തരം പ്രചരണങ്ങൾ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. പൊലീസിനോടോ, ഷംനയോടോ ഇക്കാര്യം ചോദിക്കാം. ‘ഏറ്റവും ചെറിയ നടനാണ് ഞാൻ. ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത്. സെർവിക്കൽ സ്‌പോണ്ടിലോസിസ് എന്ന അസുഖം തന്നെ വന്നത് എന്റെ പതിവായ കെഎസ്ആർടിസി യാത്രയായിരുന്നു. അത്രയേറെ കഷ്ടപ്പെട്ടിട്ടാണ് ഞാൻ ഇവിടെ വരെ എത്തിയത്’- ടിനി ടോം പറയുന്നു. ‘ചെയ്യാത്ത കാര്യം പറഞ്ഞാൽ ദൈവം കേൾക്കും. ദൈവത്തിന്റെ ശക്തി വലുതാണ്. മുൻപ് എന്നെ ഭീഷണിപ്പെടുത്തിയ വ്യക്തി അസ്തി ഉരുകുന്ന അപൂർവമായ അസുഖം ബാധിച്ചാണ് മരിക്കുന്നത്.’- ടിനി ടോം കൂട്ടിച്ചേർത്തു. പ്രതികളോ ഷംനയോ പറയാത്ത കാര്യങ്ങൾ എന്തിനാണ് അന്തരീക്ഷത്തിൽ നിന്ന് ഊഹിച്ചെടുത്ത് പറയുന്നതെന്നും ടിനി ടോം ചോദിക്കുന്നു.
കഴിഞ്ഞ ദിവസമാണ് ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കാര്യങ്ങൾ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് ഇവർ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസിൽ പരാതി നൽകുന്നതോടെയാണ് ബ്ലാക്ക്‌മെയിലിംഗ് സംഘത്തെ കുറിച്ചുള്ള ചുരുളുകളഴിയുന്നത്.
Story Highlights- not involved in shamna case says tini tom
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here