‘ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി സാറിന്… ‘ സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് നിവേദനം അയക്കാനൊരുങ്ങി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി

കൊവിഡ് 19 കാരണം തൊഴിലില്ലാതായവര്‍ നിരവധിയാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും വീട്ടുജോലി ചെയ്യുന്നവര്‍ക്കും വിവാഹ ചടങ്ങുകളിലെ പാചക തൊഴിലാളികള്‍ക്കും പ്രതിസന്ധി തുടരുകയാണ്.കണ്ണൂര്‍ തയ്യിലിലെ ശകുന്തള, ഗീത എന്നീ സഹോദരിമാര്‍ക്ക് വരുമാനമില്ലാതായിട്ട് മൂന്ന് മാസത്തിലേറെയായി. വീട്ടുജോലിയും വിവാഹ ചടങ്ങുകളിലെ പാചക തൊഴിലുമാണ് സഹോദരിമാരായ ശകുന്തളയുടേയും ഗീതയുടേയും വരുമാന മാര്‍ഗം. കൊവിഡ് ഭീതി കാരണം വീട്ടുജോലിക്ക് ആരും ഇവരെ വിളിക്കുന്നില്ല. വിവാഹങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ വന്നതോടെ ഇപ്പോള്‍ വരുമാനം പൂര്‍ണമായും നിലച്ചു.

‘ മൂന്ന് മാസമായിട്ട് ഒരു ജോലിയുമില്ല. ജോലിക്ക് പോയിരുന്ന വീടുകളില്‍ കൊവിഡ് വന്നതില്‍ പിന്നെ പേടിച്ചിട്ട് ആരും വീടിന്റെ ഗേറ്റ് പോലും തുറക്കുന്നില്ല. കല്ല്യാണങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നതോടെ ആ വരുമാനവും ഇല്ലാതെയായി. ദാരിദ്ര്യത്തിലാണ് സഹായിക്കാന്‍ ആരുമില്ല ‘ ഗീത പറയുന്നു. സ്വന്തമായൊരു വീട് നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു ഗീത. അതും പാതിവഴിയിലായി. ഏഴാം ക്ലാസുകാരിയായ മകള്‍ ഗോപികയും ഗീതയ്‌ക്കൊപ്പമുണ്ട്. വരുമാന മാര്‍ഗം നിലച്ചതോടെ മുഖ്യമന്ത്രിക്കയക്കാനായി ഒരു നിവേദനം എഴുതിവെച്ചിരിക്കുകയാണ്ഈ പന്ത്രണ്ടുകാരി.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി സാറിന്

ഞാന്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. എനിക്ക് ഒരു വീടുണ്ട്. പക്ഷേ ആ വീടിന്റെ പണി പൂര്‍ത്തിയായിട്ടില്ല. ഞങ്ങളെ സഹായിക്കാന്‍ ആരുമില്ല. എന്റെ അമ്മ വീട്ടുജോലിക്കാണ് പോകുന്നത്. ഞാന്‍ പഠിക്കുന്നു. ഞങ്ങള്‍ ഇപ്പോഴും ചേച്ചിയുടെ വീട്ടിലാണ്. എനിക്ക് പഠിക്കണം. എന്റെ വീട്ടില്‍ ഒന്നും ഇല്ല. ഞങ്ങളാകെ ദാരിദ്ര്യത്തിന്റെ വക്കിലാണ്. ഒരു വരുമാനം ഇല്ല. ആരും തന്നെ ഇല്ല ഞങ്ങളെ സഹായിക്കാന്‍. സാര്‍ ഞങ്ങളെ സഹായിക്കണമെന്ന് വിനയപൂര്‍വം അപേക്ഷിക്കുകയാണ്.

എന്ന് ഗോപിക

‘ കൊറോണ വരുന്നതിന് മുന്‍പ് ഒരു വീട്ടില്‍ ജോലിക്ക് വിളിച്ചു. കൊറോണയും ലോക്ക്ഡൗണും വന്നപ്പോള്‍ വീട്ടുകാര്‍ വിളിച്ച് വരേണ്ടന്നു പറഞ്ഞു. മൂന്ന് നാല് ദിവസം മറ്റൊരു വീട്ടില്‍ ജോലിക്ക് പോയിരുന്നു. കൊറോണ കാരണം അതും നഷ്ടപ്പെട്ടു’ ശകുന്തള പറയുന്നു. അവിവാഹിതയായ ശകുന്തളയുടെ വീട് ജപ്തി ഭീഷണിയിലാണ്. വായ്പയെടുത്ത രണ്ടര ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാനുണ്ട്. കൊവിഡ് കാരണം നിശ്ചലമായ ജീവിതം മുന്നോട്ട് പോവാന്‍ സഹായങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

 

Story Highlights:  adachu puttiya jeevidhaghal, covid19, lockdown, Student prepares letter to CM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top