ഇ – മൊബിലിറ്റി; മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

mullappalli ramachandran

ഇ – മൊബിലിറ്റി പദ്ധതിക്ക് കേരള സര്‍ക്കാരുമായി ധാരണപത്രം ഒപ്പിട്ടെന്ന് സ്വിസ് കമ്പനിയായ ഹെസ് തന്നെ അവരുടെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുമ്പോള്‍ അത് നിഷേധിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇങ്ങനെ ഒരു ധാരണപത്രം ഉണ്ടോയെന്ന് മുഖ്യമന്ത്രി അടിയന്തിരമായി വെളിപ്പെടുത്തണം.

ഇലക്ട്രിക് ബസ് പദ്ധതിക്കായി 2019 ജൂണ്‍ 29ന് ധാരണാപത്രം ഒപ്പിട്ടെന്നാണ് ഹെസിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നത്. ഗതാഗത സെക്രട്ടറിയുടെ ചിത്രവും ഈ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയാറാകണം.

അടിമുടി ദുരൂഹത നിറഞ്ഞതാണ് ഇ – മൊബിലിറ്റി കരാര്‍. 4500 കോടി മുതല്‍ 6000 കോടി രൂപവരെ ചെലവുവരുന്ന 3000 ബസുകള്‍ നിര്‍മ്മിക്കാനുള്ള ഈ പദ്ധതിയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ധനകാര്യവകുപ്പും ചീഫ് സെക്രട്ടറിയും രംഗത്ത് വന്നിരുന്നു. ഹെസ് കമ്പനിയെ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തതെന്നത് ഒരു ദുരൂഹതയായി നിലനില്‍ക്കുന്നു.

ഈ ഇടപാടിനായി ഒരു ആഗോള ടെണ്ടര്‍ വിളിച്ചിട്ടേയില്ല. ഇങ്ങനെയൊരു ഇടപാടിനെ കുറിച്ച് ഗതാഗതമന്ത്രിക്ക് ഒരു അറിവുമില്ല. ബന്ധപ്പെട്ട വകുപ്പുകളെയെല്ലാം നോക്കുകുത്തിയാക്കിയാണ് മുഖ്യമന്ത്രി ഏകപക്ഷീയമായി പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ഗതാഗതവകുപ്പില്‍ ഒരു മന്ത്രിയുണ്ടെന്നത് പോലും മുഖ്യമന്ത്രി പരിഗണിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Story Highlights: E-mobility Mullappally Ramachandran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top