മധ്യപ്രദേശ് ബിജെപിയിൽ വിമത നീക്കം; കോൺഗ്രസ് വിട്ടുവന്നവർക്ക് മന്ത്രി സ്ഥാനം നൽകിയതിൽ കേന്ദ്ര നേതൃത്വത്തിന് പരാതി

കോൺഗ്രസ് വിട്ടുവന്നവർക്ക് മന്ത്രി സ്ഥാനം നൽകിയതിന് പിന്നാലെ മധ്യപ്രദേശ് ബിജെപിയിൽ വിമത നീക്കം. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പമെത്തിയവരെ കൂടുതൽ ഉൾക്കൊള്ളിച്ച് മധ്യപ്രദേശിൽ മന്ത്രിസഭ വികസിപ്പിച്ചതിലാണ് പ്രതിഷേധം. നടപടിക്കെതിരെ ബിജെപി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി.

ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയയുടെയും ഗോപാൽ ഭാർഗവയുടെയും നേതൃത്വത്തിലാണ് വിമത നീക്കം. വ്യാഴാഴ്ച നടന്ന മധ്യപ്രദേശ് മന്ത്രിസഭാ പുനഃസംഘടനയിൽ അതൃപ്തി അറിയിച്ചാണ് വിജയ് വർഗിയയുടെ നേതൃത്വത്തിലുള്ള നേതാക്കൾ പരാതി നൽകിയത്. നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പെടെയുള്ള സംഘം ബിജെപിയിൽ എത്തിയതിൽ മുൻപും വിജയ് വർഗിയ അതൃപ്തി അറിയിച്ചിട്ടുണ്ട്.

read also: സർക്കാർ ബംഗ്ലാവ് ഒഴിയാൻ നിർദേശം; പ്രിയങ്കാ ഗാന്ധി ഡൽഹിക്ക് പുറത്തേയ്ക്ക് താമസം മാറ്റും

ശിവ് രാജ്സിംഗ് ചൗഹാൻ സർക്കാരിൽ ഇന്നലെ 34 പുതിയ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ 11 കാബിനറ്റ് മന്ത്രിമാർ സിന്ധ്യക്കൊപ്പം കോൺഗ്രസിൽ നിന്ന് വന്നവരാണ്. കോൺഗ്രസ് വിട്ടെത്തിയ മൂന്ന് പേർ ഏപ്രിലിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതോടെ സിന്ധ്യ അനുകൂലികളായ പേർ 14 മന്ത്രിമാരായി. ഇതിനെതിരെയാണ് ഒരു വിഭാഗം ബിജെപി നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.

Story highlights: Madhya pradesh, Bjp, Jyothiraditya scindiya, Congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top