തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് ഒരു കോടിയുടെ ഹാഷിഷ് ഓയിലും 50 ലക്ഷത്തിന്റെ കഞ്ചാവും

തിരുവനന്തപുരത്ത് സ്റ്റേറ്റ് എക്‌സൈസ് എന്‌ഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്ക്വാഡിന്റെ വൻ മയക്കുമരുന്ന് വേട്ട. പരിശോധനയിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് ഒരു കോടിയുടെ ഹാഷിഷ് ഓയിലും 50 ലക്ഷത്തിന്റെ കഞ്ചാവുമാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോത്തൻകോട് വച്ച് നടന്ന പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
സംഭവത്തിൽ പെരുമ്പാവൂർ സ്വദേശികൾ അറസ്റ്റിലായി. എൽദോ എബ്രഹാം, സെബിൻ എന്നിവരാണ് അറസ്റ്റിലായത്. നാഷണൽ പെർമിറ്റ് ലോറിയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇത് വലിയ കണ്ണികൾ ഉൾപ്പെട്ട കേസാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആന്ധ്രാ പ്രദേശിൽ നിന്നാണ് ലോറി എത്തിയത്.
Read Also: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ആരോഗ്യ സുരക്ഷാ ഓഡിറ്റിംഗ്
എറണാകുളം പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെന്നാണ് സൂചന. ഇതിനായി പണം മുടക്കുന്നത് പെരുമ്പാവൂർ സ്വദേശിയായ ജോളി എന്നയാളാണെന്നാണ് വിവരം. ഇയാൾ ക്രഷർ യൂണിറ്റ് ഉടമയാണ്. ചരക്ക് നീക്കത്തിന് വേണ്ടി കാലി ലോറികൾ അയക്കും. ആന്ധ്രയിൽ നിന്ന് മയക്കുമരുന്നുമായി ആയിരിക്കും ലോറി തിരിച്ചെത്തുക. ഇവ വിതരണം ചെയ്തിരുന്നത് തിരുവനന്തപുരത്തെ നെയ്യാറ്റിൻകര, ഭീമാപള്ളി പ്രദേശങ്ങളിൽ ആണ്.
കഞ്ചാവ് കണ്ടെത്തിയത് ഡ്രൈവേഴ്‌സ് കാബിന്റെ മുകളിൽ ടാർപായക്ക് അകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. ഡ്രൈവേഴ്‌സ് കാബിനിലെ രഹസ്യ അറയിലായിരുന്നു ഹാഷിഷ് ഒളിപ്പിച്ചിരുന്നത്. സ്റ്റേറ്റ് എക്‌സൈസ് എന്‌ഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്ക്വാഡ് അന്വേഷണം പെരുമ്പാവൂർ കേന്ദ്രീകരിച്ച് ആരംഭിച്ചു.
trivandrum, hashish oil and kanja found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here