ഇരു മുന്നണിയിലേക്കുമില്ല; സ്വതന്ത്രമായി നിൽക്കുമെന്ന് ജോസ് കെ മാണി

മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ജോസ് കെ മാണി. ഒരു മുന്നണിയിലേക്കും പോകുന്നത് സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റ് പാർട്ടികൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ മാനിക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. കൊവിഡ് സാഹചര്യത്തിൽ സർക്കാരും വിവിധ മേഖലകളും ഒന്നിച്ച് പ്രവർത്തിച്ചു. വീഴ്ചകൾ ചൂണ്ടിക്കാട്ടിയപ്പോൾ അത് തിരുത്താൻ സർക്കാർ തയ്യാറായിട്ടുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി.
കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കുന്ന നടപടിയിലേക്ക് എത്തിച്ചത്. അതിന് പിന്നാലെ യുഡിഎഫിനെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. യുഡിഎഫിലേക്കില്ലെന്ന നിലപാട് ജോസ് കെ മാണി നേരത്തേ വ്യക്തമാക്കിയതാണ്. ആ ഹൃദയ ബന്ധം മുറിഞ്ഞുവെന്നായിരുന്നു യുഡിഎഫ് നടപടിയോട് ജോസ് കെ മാണി പ്രതികരിച്ചത്. യുഡിഎഫിൽ നിന്ന് പുറത്തായ ജോസ് കെ മാണി എൽഡിഎഫിലേക്ക് പോകുമെന്ന തരത്തിൽ സൂചനകളുണ്ടായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എതിർത്തുവെങ്കിലും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കാര്യമായി പ്രതികരിച്ചില്ല. ഇതിനിടെയാണ് നിലപാട് വ്യക്തമാക്കി ജോസ് കെ മാണി രംഗത്തെത്തിയത്.
story highlights- UDF, LDF, Jose k mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here