Advertisement

വീട്ടിലിരുന്ന് ഡോക്ടറെ കാണാവുന്ന ടെലി മെഡിസിന്‍ സംവിധാനം; രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തി കേരളം

July 7, 2020
Google News 2 minutes Read
health

വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന സംസ്ഥാനത്തിന്റെ ടെലി മെഡിസിന്‍ സംവിധാനം രാജ്യത്ത് ഒന്നാമതായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ആന്ധ്രാപ്രദേശിനെ പിന്തള്ളിയാണ് പ്രവര്‍ത്തനമാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇ-സഞ്ജീവനിയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയത്. കൊവിഡ് കാലത്ത് വലിയ സേവനമാണ് ഇ-സഞ്ജീവനി നല്‍കാന്‍ ശ്രമിക്കുന്നത്. കൂടുതല്‍ ആരോഗ്യ സ്ഥാപനങ്ങളേയും വിദഗ്ധ ഡോക്ടര്‍മാരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി വരികയാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു.

മാനസികാരോഗ്യ രംഗത്തെ കേരളത്തിലെ തന്നെ പ്രശസ്ത സ്ഥാപനങ്ങളിലൊന്നായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് അഥവാ ഇംഹാന്‍സുമായി സഹകരിച്ച് പരിശോധനയും ചികിത്സയും ആരംഭിച്ചിട്ടുണ്ട്. ഇംഹാന്‍സ് ഇ-സഞ്ജീവനിയുമായി ചേര്‍ന്ന് ഡോക്ടര്‍മാര്‍ക്കായി പരിശീലനങ്ങള്‍ സംഘടിപ്പിക്കുകയും ഒപി സേവനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ദിവസവും രണ്ട് ഒപികളാണ് ഇ – സഞ്ജീവനിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്നത്. ഇംഹാന്‍സ് റെഗുലര്‍, സൈക്യാട്രി ഒപി സേവനങ്ങള്‍ക്ക് പുറമേ കുട്ടികളുടെ മാനസികാരോഗ്യ ക്ലിനിക്കുകളും ഉണ്ടായിരിക്കുന്നതാണ്. കൊവിഡ് കാലത്ത് തുടര്‍ ചികിത്സക്കായി ഇംഹാന്‍സ് ഒപിയിലേക്ക് വരുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്. പുതുതായി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്ക് ചികിത്സാ നിര്‍ദ്ദേശങ്ങള്‍ക്കായി ആശ്രയിക്കാവുന്ന മികച്ചൊരു ഓണ്‍ലൈന്‍ ഒപി പ്ലാറ്റ്ഫോമാണിത്. അതിനാല്‍ ഈ സേവനങ്ങള്‍ എല്ലാവരും പ്രയോജനപ്പെടുത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ കുട്ടികള്‍ക്കുള്ള മാനസികാരോഗ്യ ക്ലിനിക്കും ബുധനാഴ്ച മുതിര്‍ന്നവര്‍ക്കുള്ള മാനസികാരോഗ്യ ക്ലിനിക്കും പ്രവര്‍ത്തിക്കും. പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും ഇംഹാന്‍സില്‍ ചികിത്സയിലുള്ളവര്‍ക്ക് തുടര്‍ ചികിത്സയ്ക്കും ഉപയോഗിക്കാന്‍ സാധിക്കും. തികച്ചും സര്‍ക്കാര്‍ സംരഭമായ ഇ-സഞ്ജീവനിയില്‍ നല്‍കുന്ന ഓരോ വിവരങ്ങളും സുരക്ഷിതമായിരിക്കും. മഹാമാരി കാലത്തെ പതിവ് ചികിത്സക്കായുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ ഇതിലൂടെ ഒഴിവാക്കാന്‍ സാധിക്കുന്നതാണ്. കൂടുതല്‍ സ്പെഷ്യലിസ്റ്റ് ഡോക്ടമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല ആര്‍സിസി, എംസിസി തുടങ്ങിയ സ്ഥാപനങ്ങള്‍ ഇ-സഞ്ജീവനിയുമായി കൈകോര്‍ത്ത് പരിശീലനം ആരംഭിച്ചിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളാല്‍ ക്ലേശത അനുഭവിക്കുന്ന വ്യക്തികള്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി പകരം ഇ-സഞ്ജീവനിയെ പതിവ് ചികിത്സകള്‍ക്കായി ആശ്രയിക്കേണ്ടതാണ്.

വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ https://esanjeevaniopd.in/kerala എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. എന്തെങ്കിലും സംശയമോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ ദിശ 1056 നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Story Highlights Tele medicine kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here