Advertisement

എന്താണ് നയതന്ത്ര ബാഗ് ? നയതന്ത്ര ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തെല്ലാം ? [24 Explainer]

July 7, 2020
Google News 3 minutes Read
what is diplomatic bag immunity of diplomats 24 explainer

നയതന്ത്ര ബാഗിൽ ഉദ്യോഗസ്ഥർ സ്വർണം കടത്തിയെന്ന വാർത്ത പുറത്തുവന്നതോടെ നിരവധി പേരുടെ മനസിലുദിച്ച ചോദ്യമാണ് നയതന്ത്രബാഗ് എന്നാൽ എന്താണെന്ന്. എന്തൊക്കെയാണ് നയതന്ത്ര ഉദ്യോഗസ്ഥകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ?

എന്താണ് നയതന്ത്ര ബാഗ് ?

നയതന്ത്ര ദൗത്യങ്ങളിൽ തങ്ങളുടെ രാജ്യത്തോ അല്ലെങ്കിൽ മറ്റൊരു രാജ്യത്തു നിന്നോ ഔദ്യോഗിക രേഖകൾ കൈമാറ്റം ചെയ്യുന്നതിന് ഉപയോഗിക്കുന്ന നിയമ പരിരക്ഷയുള്ള ബാഗാണ് നയതന്ത്ര ബാഗ്. കാർഡ്‌ബോർഡ് ബോക്‌സ്, ബ്രീഫ്‌കേസ്, ഡഫൽ ബാഗ്, സ്യൂട്ട്‌കേസ്, ഷിപ്പിംഗ് കണ്ടെയ്‌നർ എന്നിങ്ങനെ പല രൂപത്തിലും നയതന്ത്ര ബാഗ് വരാം.

ഈ ബാഗ് പരിശോധനയ്ക്ക് വിധേയമാക്കാൻ പാടില്ല. നയതന്ത്ര ഉദ്യോഗസ്ഥർക്കും, നയതന്ത്ര ബാഗിനും അനുവദിച്ചിരിക്കുന്ന ആനൂകൂല്യങ്ങളെ കുറിച്ച് 1961ലെ വിയന്ന കൺവെൻഷനിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബാഗ് പരിശോധനയ്ക്ക് വിധേയമാക്കാൻ പാടില്ല എന്നതുകൊണ്ട് തന്നെ രണ്ടാം ലോക മഹായുദ്ധകാലത്തും മറ്റും നിരവധി വസ്തുക്കളാണ് ബാഗിൽ കയറ്റി അയച്ചിരിക്കുന്നത്. വിൻസ്റ്റൺ ചർച്ചലിന് ക്യൂബൻ സിഗാറുകൾ നയതന്ത്ര ബാഗ് വഴി ത്തെിച്ചുനൽകിയതായി റിപ്പോർട്ട് ഉണ്ട്. 1964ൽ മൊറോക്കൻ വംശജനായ ഇസ്രായേലി ഡബിൾ ഏജന്റായ മൊർദെഖായി ലൂക്കിന് മയക്കുമരുന്ന് നൽകി ബന്ധിപ്പിച്ച് റോമിലെ ഈജിപ്ഷ്യൻ എംബസിയിൽ നയതന്ത്ര മെയിലിംഗ് ക്രേറ്റിൽ കടത്താൻ ശ്രമിച്ചുവെങ്കിലും ഇറ്റാലിയൻ അധികൃതർ രക്ഷപ്പെടുത്തി.

ഡിപ്ലോമാറ്റിക് ബാഗിനൊപ്പമുള്ള വിവരങ്ങൾ

what is diplomatic bag immunity of diplomats 24 explainer

ഡിപ്ലോമാറ്റിക് ബാഗ് അയക്കുമ്പോൾ അയക്കുന്ന ഓഫിസറുടെ പൂർണ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കണം. ആർക്കാണോ അയക്കുന്നത് ആ ഓഫിസറുടെ എല്ലാ വിവരങ്ങളും ഒപ്പം അയക്കണം. കപ്പലിലാണെങ്കിൽ ക്യാപ്റ്റനും വിമാനത്തിലാണെങ്കിൽ പൈലറ്റിനും ഇതിന്റെ പകർപ്പ് നൽകണം. മൂന്നാമത്, ഒരു രാജ്യത്ത് ഇറക്കി പിന്നീട് വേറെ വിമാനത്തിലോ കപ്പലിലോ അയക്കുകയാണെങ്കിൽ ആ രാജ്യത്ത് ഇത് ആരാണ് കൈകാര്യം ചെയ്യുക എന്ന വിവരങ്ങളും വേണം. വലിയ ബാഗേജുകൾ അയക്കുമ്പോൾ ഒരു വ്യക്തി കൂടെ ബാഗിനൊപ്പം സഞ്ചരിക്കാറുണ്ട്. ഡിപ്ലോമാറ്റിക് ബാഗിനുള്ള ഇമ്യൂണിറ്റി ഈ വ്യക്തിക്കുമുണ്ടാകും.

നയതന്ത്ര ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ, അവരുടെ ‘ഇമ്യൂണിറ്റി’

നയതന്ത്ര ഉദ്യോഗസ്ഥരുടെ ഇമ്യൂണിറ്റിയെ കുറിച്ച് വിശദമാക്കിയിരിക്കുന്ന കരാറാണ് വിയന്ന കരാർ. ഇന്റർനാഷണൽ ലോ കമീഷനാണ് നിലവിലെ നയതന്ത്ര കരാറിന് രൂപം നൽകിയിരിക്കുന്നത്. വിയന്നയിൽ 1961 ഏപ്രിൽ 18ന് യുഎൻ സ്വീകരിച്ച ഈ കരാർ ആദ്യം പ്രാബല്യത്തിൽ വരുന്നത് 1964 ഏപ്രിൽ 24നാണ്.

Read Also : നൈജീരിയൻ മന്ത്രി മുതൽ ക്യൂബൻ സിഗാറുകൾ വരെ; നയതന്ത്ര ബാഗിലൂടെ ലോകത്തെ ഞെട്ടിച്ച കയറ്റുമതികൾ

കരാറിലെ സുപ്രധാന ഭാഗങ്ങൾ :

53 ആർട്ടിക്കിളുകളടങ്ങിയ വലിയ രേഖയാണ് വീയന്ന കരാർ. ഇതിലെ സുപ്രധാന ഭാഗങ്ങൾ ഏതൊക്കെയെന്ന് അറിയാം.

ആർട്ടിക്കിൾ 9 – ആതിഥേയ രാജ്യത്തിന് എപ്പോൾ വേണമെങ്കിലും ഒരു നയതന്ത്ര ഉദ്യോഗസ്ഥനെ പേഴ്‌സോണ നോൺ ഗ്രേറ്റയായി പ്രഖ്യാപിക്കാം. ഒരു വ്യക്തിക്ക് ആ രാജ്യത്തെ സർക്കാർ ഏർപ്പെടുത്തുന്ന ഉപരോധമാണ് പേഴ്‌സോണ നോൺ ഗ്രേറ്റ. ഈ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥന്റെ സ്വദേശ രാജ്യം എത്രയും പെട്ടെന്ന് ഉദ്യോഗസ്ഥനെ മടക്കി വിളിക്കണം.

ആർട്ടിക്കിൾ 22 – എംബസി പോലുള്ള നയതന്ത്ര കാര്യാലയങ്ങളിൽ ആതിഥേയ രാജ്യത്തെ ആർക്കും മുൻകൂർ അനുവാദമില്ലാതെ പ്രവേശിക്കാൻ സാധ്യമല്ല. മാത്രമല്ല ആതിഥേയ രാജ്യം ഈ കെട്ടിടത്തിന് സംരക്ഷണം നൽകണം. കെട്ടിടത്തിലെ രേഖകൾ പിടിച്ചെടുക്കാനോ, ഇവിടെ തെരച്ചിൽ നടത്താനോ പാടില്ല. നിയതന്ത്ര ഉദ്യോഗസ്ഥരുടെ വസതിക്കും ഇത് ബാധകമാണ്.

ആർട്ടിക്കിൾ 24 – നയതന്ത്ര രേഖകൾ പരിശോധിക്കാനോ തുറക്കാനോ പാടില്ല.

ആർട്ടിക്കിൾ 27 – നിയതന്ത്ര ഉദ്യോഗസ്ഥരും മാതൃരാജ്യവും തമ്മിലുള്ള ആശയവിനിമയം സുരക്ഷിതവും സൗജന്യമായിരിക്കണം. ഈ ഉത്തരവാദിത്തം ആതിഥേയ രാജ്യത്തിനാണ്. സംശയകരമായ സാഹചര്യങ്ങളിൽ പോലും നയതന്ത്ര ബാഗുകൾ തുറന്ന് പരിശോധിക്കാൻ പാടുള്ളതല്ല. ഡിപ്ലോമാറ്റിക്ക് കൊറിയറിനെ (നയതന്ത്ര ബാഗിനെ അനുഗമിക്കുന്ന വ്യക്തി) അറസ്റ്റ് ചെയ്യാൻ പാടില്ല.

ആർട്ടിക്കിൾ 29 – നയതന്ത്ര ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ പാടില്ല. ഇവർക്കെതിരെ ആതിഥേയ രാജ്യത്ത് സിവിൽ/ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ പാടില്ല. അങ്ങനെ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഇവരെ മാതൃരാജ്യത്തേക്ക് മടക്കി അയക്കുകയും ആ രാജ്യത്തെ നിയമപ്രകാരം ിവർ ചെയ്ത നിയമലംഘത്തിന് ആ രാജ്യത്തെ നിയമപ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ആർട്ടിക്കിൾ 32 വ്യവസ്ഥ ചെയ്യുന്നത്.

ആർട്ടിക്കിൾ 34– നയതന്ത്ര ഉദ്യോഗസ്ഥർക്ക് നികുതി അടയ്‌ക്കേണ്ട. ഇവർക്ക് കസ്റ്റംസ് ഡ്യൂട്ടിയും ഉണ്ടാകില്ലെന്ന് ആർട്ടിക്കിൾ 36ൽ പറയുന്നു.

ആർട്ടിക്കിൾ 37 – നയതന്ത്ര ഉദ്യോഗസ്ഥരുടെ അതേ ആനുകൂല്യങ്ങൾ അവരുടെ കുടുംബാംഗങ്ങൾക്കും ലഭിക്കും.

Story Highlights- what is diplomatic bag immunity of diplomats 24 explainer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here