തീരദേശ ജില്ലകളിലെ 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ 64 കോടിയുടെ പദ്ധതിയുമായി സർക്കാർ

തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ പുരോഗതിക്കായി കിഫ്ബിയുടെ പദ്ധതി. തീരദേശ ജില്ലകളിലെ 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ 64 കോടിയുടെ പദ്ധതി കിഫ്ബി വഴി സർക്കാർ നടപ്പിലാക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
മത്സ്യത്തൊഴിലാളി സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ വിദ്യാഭ്യാസ രംഗത്തെ വളർച്ചയിലൂടെ മാത്രമേ സാധിക്കൂ എന്നു തിരിച്ചറിഞ്ഞ സംസ്ഥാന സർക്കാർ, ഇതിനായി സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തെരഞ്ഞെടുത്ത 56 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ വിദ്യാലയങ്ങളിൽ ക്ലാസ് മുറികൾ, ലൈബ്രറി, ലാബുകൾ, സ്റ്റാഫ് മുറികൾ, ശുചി മുറികൾ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും.
ജില്ലാ അടിസ്ഥാനത്തിൽ പദ്ധതികളുടെ വിശദാംശങ്ങൾ താഴെ
തിരുവനന്തപുരം – 3 സ്‌കൂളുകൾ – 3.72 കോടി രൂപ
കൊല്ലം- 8 സ്‌കൂളുകൾ – 10.38 കോടി രൂപ
ആലപ്പുഴ – 5 സ്‌കൂളുകൾ – 8.38 കോടി രൂപ
എറണാകുളം – ഒരു സ്‌കൂൾ – 81 ലക്ഷം രൂപ
തൃശൂർ – 4 സ്‌കൂളുകൾ – 4.97 കോടി രൂപ
മലപ്പുറം – 7 സ്‌കൂളുകൾ – 6.07 കോടി രൂപ
കോഴിക്കോട് – 8 സ്‌കൂളുകൾ – 6.27 കോടി രൂപ
കണ്ണൂർ – 11 സ്‌കൂളുകൾ – 13 കോടി രൂപ
കാസർകോട് – 9 സ്‌കൂളുകൾ – 10.62 കോടി രൂപ
Read Also : 2002.72 കോടി രൂപയുടെ 55 പുതിയ പദ്ധതികൾക്കു കൂടി കിഫ്ബി അംഗീകാരം നൽകി
പദ്ധതിക്ക് ആദ്യ ഘട്ട ധനസഹായം കിഫ്ബി അനുവദിച്ചു. കേരള സംസ്ഥാന തീരദേശ വികസന കോർപറേഷനാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള സ്‌പെഷൽ പർപ്പസ് വെഹിക്കിൾ.
പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു. ചടങ്ങിൽ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
പദ്ധതികൾ ഇതിനകം തന്നെ തീരദേശ വികസന കോർപറേഷൻ ടെൻഡർ ചെയ്തു കഴിഞ്ഞു. ആറ് മുതൽ 12 മാസ കാലയളവിൽ പദ്ധതികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
Story Highlights – kiifb, 64 crore project for schools in coastal region
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here