ദാദ ജഴ്സിയൂരിയ പകൽ; ലോർഡ്സ് ട്രയംഫിന് ഇന്ന് ‘പ്രായപൂർത്തി’

സൗരവ് ഗാംഗുലി എന്ന് കേൾക്കുമ്പോൾ ആദ്യ ഓർമ്മ വരുന്ന ഫ്രെയിമുകളിൽ ഒന്ന് ലോർഡ്സ് ബാൽക്കണിയിലെ ജഴ്സി വീശലാവും. വെള്ളക്കാരൻ്റെ മണ്ണിൽ, അവൻ്റെ അഹങ്കാരസൗധത്തിൻ്റെ ബാൽക്കണിയിൽ നിന്ന് ‘ഫ* ദാറ്റ്’ എന്ന് അലറിവിളിച്ചു കൊണ്ട് സൗരവ് ഗാംഗുലി എന്ന ലീഡർ അടിച്ചു കൊഴിച്ചത് ഇംഗ്ലീഷ് ബോധത്തിൻ്റെ പത്തിയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് സംസ്കാരത്തിന് ലോർഡ്സ് വിജയം നൽകിയ പാഠം യുവരാജെന്നും കൈഫ് എന്നും പേരായ യുവതയുടെ ഉയർച്ച മാത്രമായിരുന്നില്ല, ക്രിക്കറ്റിലെ അപ്രമാദിത്വം ആരുടെയും കുത്തകയല്ലെന്ന ഓർമപ്പെടുത്തൽ കൂടിയാണ്. ആ ഓർമ്മപ്പെടുത്തലിന് ഇന്ന് പ്രായപൂർത്തിയായിരിക്കുകയാണ്. 18 വർഷങ്ങൾക്കു മുൻപ് ഇതുപോലൊരു ജൂലായ് 13നാണ് ആ സീൻ അവിടെ സംഭവിച്ചത്.
Read Also : ‘പ്രശ്നമുണ്ടാക്കി സസ്പൻഷൻ വാങ്ങിത്തരരുത്’; ഗാംഗുലി ഡ്രസിംഗ് റൂമിലെത്തിയ കഥ പറഞ്ഞ് സങ്കക്കാര
നാസർ ഹുസനും മാർക്കസ് ട്രെസ്കോത്തികും നേടിയ സെഞ്ചുറികളും ഫ്ലിൻ്റോഫിൻ്റെ ഒരു ലേറ്റ് ഫ്ലോറിഷും. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ടിൻ്റെ സ്കോർ 325. ഫൈനലിൽ നാസർ ഹുസൈൻ്റെ ഇംഗ്ലണ്ട് ഇന്ത്യക്കു മുന്നിൽ വെച്ച് നീട്ടിയത് 326 റൺസ് വിജയലക്ഷ്യം. കാലഘട്ടം പരിഗണിക്കുമ്പോൾ കൂറ്റൻ സ്കോർ. നിഷ്പ്രയാസം 300 കടക്കുന്ന ഏകദിനങ്ങൾ ശുഷ്കമായിരുന്ന ആ കാലത്ത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ സ്കോർ ചേസ് ചെയ്യുക എന്നത് ഏറെക്കുറെ അപ്രാപ്യമായിരുന്നു. പ്രത്യേകിച്ചും, ലോർഡ്സിൽ, ഇംഗ്ലണ്ട് കണ്ടീഷനിൽ, രണ്ടാം ബാറ്റിംഗിൽ ഇന്ത്യയുടെ ജയസാധ്യത വളരെ കുറവ്.
പക്ഷേ, തിരിച്ചടിക്ക് സാക്ഷാൽ ഗാംഗുലി തന്നെ നേതൃത്വം നൽകി. ഓഫ്സൈഡ് ദൈവത്തിൻ്റെ പ്രിസൈസ് കട്ടുകളും ഡ്രൈവുകളും ലോർഡ്സ് മൈതാനത്തിൻ്റെ ആഡ്ബോർഡുകളിൽ പതവണ ഇടിച്ചു. 10ആം ഓവറിൽ ഫ്ലിൻ്റോഫിനെ കവറിലൂടെ പായിച്ച് സിക്സ് നേടിയ ഗാംഗുലിയുടെ കാഴ്ച ഇംഗ്ലണ്ടിനുള്ള ഓർമപ്പെടുത്തലായിരുന്നു. കേവലം 35 പന്തുകളിൽ ദാദ അർദ്ധശതകം കുറിച്ചു. 15ആം ഓവറിൽ ഗാംഗുലിയിലൂടെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാവുന്നു. 43 പന്തുകളിൽ 60 റൺസെടുത്ത ഗാംഗുലി അലക്സ് ട്യൂഡറിൻ്റെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങുമ്പോൾ സ്കോർ 14.3 ഓവറിൽ ഒരു വിക്കറ്റിന് 106. പിന്നീട് അവിശ്വസനീയമായ തകർച്ച. 40 റൺസ് എടുക്കുന്നതിനിടെ സച്ചിനും ദ്രാവിഡും അടക്കം ഇന്ത്യക്ക് നഷ്ടമായത് അഞ്ച് വിക്കറ്റുകൾ. അഞ്ചാം വിക്കറ്റായി സച്ചിൻ പുറത്താവുമ്പോൾ ഇന്ത്യ 23.6 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 146.
തോൽവി ഉറപ്പിച്ച ഇടത്തു നിന്ന് ഇന്ത്യൻ ഇന്നിംഗ്സിൻ്റെ രണ്ടാം ഘട്ടം. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്ലീൻ ഹിറ്റർമാരിൽ ഒരാളായ യുവരാജ് വിശ്വസ്ത പങ്കാളി മുഹമ്മദ് കൈഫിനൊപ്പം ചേർന്നു. സ്കോർബോർഡ് ചലിക്കാൻ തുടങ്ങി. റോണി ഇറാനിയെ ഒരു എലഗൻ്റ് സ്ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറിയിലെത്തിച്ചാണ് യുവി കൗണ്ടർ അറ്റാക്ക് ആരംഭിച്ചത്. ബൗണ്ടറികളിൽ മാത്രം ഒതുങ്ങാതെ ഇരുവരും വിക്കറ്റിനിടയിലെ ഓട്ടത്തിലും മികച്ചു നിന്നു. ഫ്ലിൻ്റോഫിനെ തുടർച്ചയായി മൂന്ന് ബൗണ്ടറികൾ പറത്തി ഫിഫ്റ്റിയടിച്ച യുവി ഹിറ്റിംഗ് സോണിലായിരുന്നു. യുവരാജിന് സ്ട്രൈക്ക് മാറിക്കൊടുക്കാൻ ആവശ്യപ്പെട്ട ഗാംഗുലിക്ക് കൈഫ് മറുപടി നൽകിയത് അലക്സ് ട്യൂഡറിൻ്റെ ബൗൺസർ ഹുക്ക് ചെയ്ത് ഗാലറിക്കപ്പുറം എത്തിച്ചായിരുന്നു.
Read Also : ഡ്രസിംഗ് റൂമിലെ വല്യേട്ടൻ; ഗാംഗുലിക്ക് ഇന്ന് 48ആം പിറന്നാൾ
121 റൺസാണ് ഇന്ത്യയുടെ ലെഫ്റ്റ്-റൈറ്റ് ഹാൻഡ് ജോഡികൾ ഇംഗ്ലണ്ടിനെ തല്ലി കൂട്ടിച്ചേർത്തത്. 42ആം ഓവറിൽ പോൾ കോളിംഗ്‌വുഡിലൂടെ ഇംഗ്ലണ്ടിന് ആശ്വാസം. 63 പന്തുകളിൽ 69 റൺസെടുത്ത യുവിയെ അലക്സ് ട്യൂഡർ പിടികൂടി. കളിയിലൊരു ട്വിസ്റ്റ്. ലോർഡ്സ് ബാൽക്കണിയിൽ അക്ഷമയോടെ ഇരിക്കുന്ന ഗാംഗുലി നഖം കടിക്കാൻ തുടങ്ങി. യുവിക്ക് പിന്നാലെയെത്തിയ ഹർഭജൻ്റെ വിലപ്പെട്ട 15 റൺസും കൈഫുമായി 47 റൺസ് കൂട്ടുകെട്ടും. 48ആം ഓവറിൽ കുംബ്ലെ പൂജ്യനായി മടങ്ങി. അവസാന രണ്ടോവറിൽ ജയിക്കാൻ 11. ക്രീസിൽ കൈഫും സഹീറും. അവസാന ഓവറിൽ ജയിക്കാൻ രണ്ട് റൺസ്. ക്രീസിൽ സഹീർ, പന്തെറിയുന്നത് ഫ്ലിൻ്റോഫ്. ആദ്യ രണ്ട് പന്തുകൾ ഡോട്ട്. ഗാംഗുലി വിരൽ കടിച്ച് നഖത്തിലേക്കെത്തി. മൂന്നാം പന്ത് ഫുൾ ടോസ്. ഓഫ് സൈഡിലേക്ക് തട്ടിയിട്ട് സിംഗിളിനുള്ള ശ്രമം. സ്ട്രൈക്കർ എൻഡിലേക്ക് ഫീൽഡറുടെ ഡയറക്ട് ഹിറ്റ്. കൈഫ് ഡൈവ് ചെയ്തെങ്കിലും സ്റ്റംപിൽ കൊള്ളാതെ പന്ത് പാഞ്ഞു. പിടഞ്ഞെണീറ്റ് രണ്ടാം റണ്ണിനായുള്ള കൈഫിൻ്റെ ഓട്ടം. ക്രീസിലേക്ക് അടുക്കവേ ഇരു ബാറ്റ്സ്മാന്മാരും മുഷ്ടി ചുരുട്ടി ചാടുന്നു. ഇന്ത്യക്ക് നാടകീയ ജയം. പിന്നീടായിരുന്നു ബാൽക്കണിയിലെ സൗരവ് ഷോ. ഇതൊക്കെക്കൊണ്ടാവും ‘എനിക്ക് ഗാംഗുലിയെ ഇഷ്ടമേയല്ലായിരുന്നു. അയാൾക്ക് തിരിച്ചടിക്കാൻ അറിയാമായിരുന്നു’ എന്ന് നാസർ ഹുസൻ ഈയിടെ പറഞ്ഞതും.
Story Highlights – natwest final anniversary today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here