പത്മനാഭസ്വാമി ക്ഷേത്രം ഭരണം ആർക്ക് ? സുപ്രിംകോടതി വിധി ഇന്ന്

sc decide on padmanabhaswamy temple ownership today

പത്മനാഭസ്വാമി ക്ഷേത്രം കേസിൽ വിധി ഇന്ന്. ക്ഷേത്രഭരണം ഹൈക്കോടതി സർക്കാരിന് കൈമാറിയ ഉത്തരവിനെതിരെയാണ് അപ്പീൽ. തിരുവിതാംകൂർ രാജകുടുംബം നൽകിയ അപ്പീലിലാണ് ഇന്ന് സുപ്രിംകോടതി വിധി പറയുക.

ഒൻപത് വർഷത്തിലേറെ നീണ്ടുനിന്ന വ്യവഹാരത്തിനൊടുവിലാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രക്കേസിൽ വിധി പറയാൻ സുപ്രിംകോടതി തീരുമാനിച്ചത്. ക്ഷേത്രത്തിൽ നിന്ന് 266 കിലോ സ്വർണ്ണം നഷ്ടപ്പെട്ടെന്ന അമിക്കസ്‌ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിന്റെ റിപ്പോർട്ട് വലിയ ചർച്ചയായി. ഇതിനിടെ, രാജ്യാന്തര മ്യൂസിയം സ്ഥാപിക്കണം തുടങ്ങിയ നിർദേശങ്ങൾ വിദഗ്ധസമിതിയും മുന്നോട്ടുവച്ചു.

പത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമില്ലെന്ന് 2011 ജനുവരി 31നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചത്. ക്ഷേത്ര ഭരണത്തിന് ട്രസ്റ്റ് തുടങ്ങിയ സംവിധാനം സർക്കാർ ഏർപ്പെടുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഇതിനെതിരെ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ സമർപ്പിച്ച ഹർജി ആദ്യം 2011 മെയ് 2 ന് സുപ്രിംകോടതി പരിഗണിച്ചു. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത കോടതി, നിലവറകൾ തുറക്കാനും കണക്കെടുക്കാനും ഉത്തരവിട്ടു. നിരീക്ഷകരെയും നിയമിച്ചു. എന്നാൽ, ബി നിലവറയെ സംബന്ധിച്ച് തർക്കമുയർന്നു. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ആചാരപരമായ കാരണങ്ങളാൽ ബി നിലവറ തുറക്കാൻ അനുവദിക്കില്ലെന്നും രാജകുടുംബം നിലപാടെടുത്തു.

കരിങ്കൽ വാതിലുകൾ ഉപയോഗിച്ച് അടച്ചിരിക്കുന്ന കല്ലറയാണത്. വാതിലുകൾ തകർക്കേണ്ടി വരുമെന്നും ഇത് ക്ഷേത്രത്തിന് കേടുപാടുകൾ വരുത്തുമെന്നും വ്യക്തമാക്കി. എന്നാൽ, ഒമ്പതു തവണ ബി നിലവറ തുറന്നിട്ടുണ്ടെന്നായിരുന്നു മുൻ സി.എ.ജി. വിനോദ് റായിയുടെ റിപ്പോർട്ട്. പലതവണ തുറന്നിട്ടുണ്ടെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ അടക്കം സുപ്രിംകോടതിയുടെ നിലപാട് നിർണായകമാകും.

Story Highlights sc decide on padmanabhaswamy temple ownership today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top