Advertisement

സ്വർണക്കടത്ത് കേസ്; എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു

July 14, 2020
Google News 1 minute Read
m shivashankar

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. അഞ്ച് മണിക്കൂറിൽ അധികമായി ശിവശങ്കറിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോൺ രേഖകളടക്കമുള്ള തെളിവുകൾ ശേഖരിച്ചതിന് പിന്നാലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടന്നത്.

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരുമായുള്ള സൗഹൃദം തെളിയിക്കുന്ന ഫോൺ രേഖകള്‍, മൊഴികള്‍, ശിവശങ്കർ താമസിച്ചിരുന്ന സെക്രട്ടറിയറ്റിന് സമീപത്തെ ഹെതർ ഫ്‌ളാറ്റിൽ പ്രതികളോടൊപ്പം ഒത്തുചേരൽ നടത്തിയതിന്റെ തെളിവുകൾ, സ്വർണക്കടത്തിന്റെ ഗൂഡാലോചന നടന്നത് ഹെതർ ഫ്‌ളാറ്റിൽ വച്ചാണെന്ന സരിത്തിന്റെ മൊഴി, ഹെതർ ഫ്‌ളാറ്റിൽ സ്വപ്ന സുരേഷിന്റെ ഭർത്താവിന് അപാർട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത് കൊടുത്തത് ശിവശങ്കറാണെന്ന സംശയം, സ്വപ്ന സുരേഷിന്റെ കുടുംബത്തിലെ സ്വകാര്യ ചടങ്ങുകളിലടക്കം ശിവശങ്കറിന്റെ സാന്നിധ്യം എന്നിവ മുൻനിർത്തിയാണ് ചോദ്യം ചെയ്യൽ എന്നാണ് വിവരം.

Read Also : ശിവശങ്കറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കും; സ്വപ്നയെ ജലീൽ വിളിച്ചതിലും പ്രതികരണവുമായി മുഖ്യമന്ത്രി

ഇതടക്കമുള്ള കാര്യങ്ങൾ തെളിവുകൾ നിരത്തി കസ്റ്റംസ് എം ശിവശങ്കറിനോട് ചോദ്യങ്ങള്‍ ചോദിക്കും. ശിവശങ്കറിന്റെ മറുപടിയാകും കേസിൽ നിർണായകമാവുക. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശിവശങ്കറിന്റെ മൊഴി രേഖപ്പെടുത്തുന്നത്. ആരോപണം ഉയർന്നതിന് പിന്നാലെ സർക്കാർ എം ശിവശങ്കറിനെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയിരുന്നു. ചീഫ് സെക്രട്ടറി തല അന്വേഷണം പരിഗണനയിലുണ്ടെങ്കിലും തത്കാലമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ രണ്ട് ഫോണുകൾ എൻഐഎ പിടിച്ചെടുത്തു. അരുവിക്കരയിലെ വീട്ടിൽ നിന്നാണ് ഫോണുകൾ കണ്ടെത്തിയത്. കൂടാതെ ഹിൽട്ടൺ ഹോട്ടലിലെ പരിശോധനയിൽ നിർണായക വിവരങ്ങളാണ് പുറത്തുവന്നത്. ഈ മാസം 1,2 തീയതികളിൽ മുറിയെടുത്തവർക്കായി അന്വേഷണമുണ്ട്. ഹോട്ടൽ രജിസ്റ്ററിലെ വിവരങ്ങൾ ശേഖരിച്ചു. കസ്റ്റംസ് ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളും കണ്ടെത്തി.

Story Highlights gold smuggling, m shivashankar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here