Advertisement

പുസ്തകങ്ങള്‍, ചിത്രം വരയ്ക്കാനുള്ള സൗകര്യങ്ങള്‍; സംസ്ഥാനത്തെ 75 പൊലീസ് സ്റ്റേഷനുകള്‍ കൂടി ശിശുസൗഹൃദമായി

July 15, 2020
Google News 1 minute Read
child friendly police station kerala

സംസ്ഥാനത്തെ 75 പൊലീസ് സ്റ്റേഷനുകളില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ സ്ഥലവും സംവിധാനങ്ങളും ഉദ്ഘാടനം ചെയ്തു. അടുത്ത മൂന്ന് വര്‍ഷത്തിനകം സംസ്ഥാനത്തെ 482 പൊലീസ് സ്റ്റേഷനുകളിലും ശിശു സൗഹൃദ ഇടങ്ങള്‍ സ്ഥാപിക്കുമെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ പങ്കെടുത്ത സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

വിവിധ ആവശ്യങ്ങള്‍ക്കായി പൊലീസ് സ്റ്റേഷനില്‍ എത്തുന്ന മാതാപിതാക്കളോടൊപ്പം വരുന്ന കുട്ടികള്‍ക്ക് ഭയരഹിതരായി സമയം ചെലവഴിക്കാന്‍ ഈ സംവിധാനം ഉപകരിക്കും. ടിവി, പുസ്തകങ്ങള്‍, ചിത്രം വരയ്ക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികളോട് സ്‌നേഹത്തോടെ പെരുമാറാന്‍ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അതേ മാനസികാവസ്ഥ തന്നെ സമൂഹത്തോടും കാണിക്കാനാവുമെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.

മാതാപിതാക്കള്‍, അധ്യാപകര്‍, സമൂഹം എന്നിവരുടെ സഹായത്തോടെ എല്ലാ കുട്ടികള്‍ക്കും അദൃശ്യമായ സുരക്ഷാവലയം തീര്‍ക്കുകയാണ് പൊലീസ് സ്റ്റേഷനുകളിലെ ശിശുസൗഹൃദ ഇടങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുക, കുട്ടികളെ അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുക, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആത്മവിശ്വാസത്തോടെ സമീപിക്കാവുന്ന നീതിയുടെ കേന്ദ്രങ്ങളായി പൊലീസ് സ്റ്റേഷനുകളെ മാറ്റുക തുടങ്ങിയവയാണ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്. അതത് പ്രദേശങ്ങളിലെ കുട്ടികളിലേയ്ക്ക് എത്തിപ്പെടാനും അത്തരം കുട്ടികളുടെ മാനസികസംഘര്‍ഷങ്ങള്‍ മനസിലാക്കി സമയോചിതമായ ഇടപെടലുകള്‍ നടത്താനും ചൈല്‍ഡ് ഫ്രണ്ട്‌ലി പൊലീസ് സ്റ്റേഷനുകള്‍ക്ക് സാധിക്കും.

Story Highlights police stations, child-friendly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here