കയറുപിരിയന്‍ മാല
.
സനിധ മേരി ആന്റണി/ കഥ
ഫ്രീലാന്‍സ് ഡിസൈനറാണ് ലേഖിക.
ഇന്നാണ് ആ ദിവസം.
തട്ടാന്റെ മൂശയില്‍ വെന്തുരുകി പലതവണ അടികൊണ്ട് ഉരുണ്ടും പരന്നും എനിക്ക് സ്വന്തമായി കിട്ടിയ രൂപവുമായി ആദ്യമായി പുറംലോകത്തേക്ക്..
തേച്ചുമിനുക്കി മോടികൂട്ടി തൂക്കവും വണ്ണവും എല്ലാം കൂട്ടികിഴിച്ച് എന്നെ ഇന്ന് ചില്ലലമാരയില്‍ പ്രതിഷ്ഠിക്കും. ഒരുപാട് സ്വപനം കണ്ട നിമിഷം
ഇന്ന് മുതല്‍ എല്ലാം മാറുകയാണ്. മനുഷ്യരാല്‍ ഞാന്‍ സ്‌നേഹിക്കപെട്ടു തുടങ്ങും. മറ്റെന്തിനേക്കാളുമേറെ എനിക്ക് വില കല്‍പിക്കപെടുന്ന അവസരങ്ങള്‍ ഇനി ഉണ്ടാകും. അങ്ങനെ ഉടമസ്ഥന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പ് ഇവിടെ തുടങ്ങുകയായി..
ഒരു പുരുഷനെ അലങ്കരിക്കല്‍ ആണ് എന്റെ ദൗത്യം എന്ന് നിശ്ചയിക്കപ്പെട്ടതിനാല്‍ ഞാന്‍ ആ ഗണത്തിലേക് മാറ്റപ്പെട്ടു കഴിഞ്ഞിരുന്നു. വല്ലാത്ത നിരാശ മനസില്‍ ഉരുണ്ടുകൂടിയെങ്കിലും പെട്ടെന്ന് തന്നെ അതങ്ങു പെയ്‌തൊഴിഞ്ഞു. കാരണം, എന്തുകൊണ്ടും സുരക്ഷിതം ഇവിടെ തന്നെ എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പഴയ സ്വര്‍ണം മാറി പുതിയ ഫാഷന്‍ ആക്കുന്നത് സ്ത്രീകളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദങ്ങളില്‍ ഒന്നാണ് എന്ന് ഇവിടെ വന്ന് അല്‍പ സമയത്തിനുണ്ണില്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. ഒരു സ്ത്രീയുടെ കഴുത്തില്‍ നിന്നു ഇതു നിമിഷവും ഞാന്‍ വീണ്ടും ഉമിത്തീയില്‍ എറിയപ്പെട്ടേക്കാം..
അങ്ങനെ ഇരിയ്‌ക്കേ ഒരു ദിവസം എനിക്കായി ഒരാള്‍ വന്നു. ഒരു പ്രതിശ്രുത വരനായ എന്റെ ഉടമസ്ഥന് വധുവിന്റെ വീട്ടുകാരുടെ വിവാഹ സമ്മാനമാണ് ഞാന്‍. പക്ഷെ അദ്ദേഹത്തിന്റെ കഴുത്തിലേക്കുള്ള എന്റെ സ്ഥാനക്കയറ്റം അത്ര എളുപ്പമായിരുന്നില്ല. പല കൈകള്‍ മാറി മറിഞ്ഞു ഒരുപാട് അഭിപ്രായപ്രകടനങ്ങള്‍ക്കു ഒടുവില്‍ ഞാന്‍ ആ കഴുത്തില്‍ കയറി പറ്റി. അങ്ങനെ എല്ലാ കണ്ണുകളും എന്റെ മേല്‍ വന്നു വീണു. ആദ്യമായി എന്റെ ജീവിതത്തിനു ഒരു അര്‍ത്ഥം വന്നതുപോലെ തോന്നി. ഒടുവില്‍ ഞാനും അംഗീകരിക്കപ്പെട്ടു !
അങ്ങനെ സന്തോഷത്തിന്റെ പരമോന്നതമായ അവസ്ഥയില്‍ അദ്ദേഹത്തിന്റെ കഴുത്തില്‍ കിടന്നങ്ങനെ വിലസുമ്പോഴാണ് അത് സംഭവിക്കുന്നത്. ചിന്താമഗ്‌നനായി പലതരം കടലാസു കക്ഷണങ്ങളുടെ ഇടയില്‍, വലതു കൈകൊണ്ട് താടിയും താങ്ങിയിരുന്ന എന്റെ യജമാനന്‍ ഒരു വലിയ ദീര്‍ഘനിശ്ശ്വാസത്തോടെ എന്നെ ഒന്ന് തലോടി. അവിടെ തുടങ്ങുകയാണ് എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗം..
പെട്ടെന്ന് ഒരു പേപ്പര്‍ തുണ്ടില്‍ പൊതിയപെട്ടു ഞാന്‍. ഇരുട്ടിന്റെ ആദ്യ അനുഭവം അവിടെ നിന്ന് വെളിച്ചത്തിലേക്കു ഒരിത്തിരി നേരം.. പിന്നെ അഗാധമായ, വളരെ കട്ടികൂടിയ ഇരുട്ടിലേക് ഞാന്‍ എറിയപെട്ടു. ആ ഇരുട്ടില്‍ എന്റെ ഉടമസ്ഥനായുള്ള കാത്തിരുപ്പ്, രണ്ടാം ഭാഗം തുടങ്ങുകയാണ്..
നാളുകള്‍ ഏറെ കഴിഞ്ഞു.. എന്റെ പ്രതീക്ഷയും പതിയെ കെട്ടു തുടങ്ങി. പെട്ടെന്നൊരു ദിവസം തികച്ചും അപ്രതീക്ഷിതമായി എന്റെ കണ്ണുകള്‍ വെളിച്ചം കണ്ടു. പക്ഷെ ആ സന്തോഷത്തിനു അധികം ആയുസുണ്ടായില്ല. വീണ്ടും ഇരുട്ട്. പിന്നെയും അല്പനേരത്തെ വെളിച്ചം.. ഇരുട്ട്.. വെളിച്ചം.. ഈ പ്രക്രിയ തുടര്‍ന്ന് കൊണ്ടിരുന്നു..
പക്ഷെ ഒരിക്കല്‍ ഇരുട്ടില്‍ എറിയപെട്ട ഞാന്‍ വളരെ അധികം നാളുകള്‍ വെളിച്ചം കണ്ടതേയില്ല. ഒടുവില്‍ ഒരുദിവസം പരിചിതമായ ഒരു ചുറ്റുപാടിലേക് എന്റെ കണ്ണുകള്‍ തുറന്നു. ഒരുപാട് വേദനയോടെ ഞാന്‍ മനസിലാക്കി ഇതാ, ഇന്നിവിടെ തീരുകയാണ് എന്റെ ഈ ജന്മം.
അധികം വൈകിയില്ല. ഞാന്‍ വീണ്ടും മൂശയില്‍ എറിയപെട്ടു. വെന്തുനീറി അടികൊണ്ട്.. അങ്ങനെ..
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
Story Highlights – kayarupiriyan maala short story, Readers blog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here